മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്ന മിക്ക കേസുകളിലും പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോകുന്നതായി യുനെസ്‌കോ
പാരീസ്: ലോകമെമ്പാടുമുള്ള മാധ്യമപ്രവര്‍ത്തകരുടെ കൊലപാതകങ്ങളില്‍ ഭൂരിഭാഗവും ശിക്ഷിക്കപ്പെടാതെ പോകുന്നതായി ഐക്യരാഷ്ട്രസഭ ഏജന്‍സി റിപ്പോര്‍ട്ട്. മാധ്യമപ്രവര്‍ത്തകരുടെ കൊലപാതകങ്ങളില്‍ 86 ശതമാനവും ശിക്ഷിക്കപ്പെടാതെ പോകുന്നതായി ഐക്യരാഷ്ട്രസഭയുടെ സാംസ്‌കാരിക സംഘടനയായ യുനെസ്‌കോ കഴിഞ്ഞ ദിവസം വെളിപ്പെടുത്തി.
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ശരിയായി അന്വേഷിക്കുകയും കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് യുനെസ്‌കോ ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തകരുടെ കൊലപാതകനിരക്ക് ഞെട്ടിപ്പിക്കുന്ന രീതിയില്‍ ഉയര്‍ന്നതാണെന്ന് സംഘടന ചൂണ്ടിക്കാട്ടി. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യു.എന്‍ പിന്തുണയോടെ നടത്തിയ അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് പരാമര്‍ശങ്ങള്‍.
കുട്ടികളടക്കം കുടുംബാംഗങ്ങളുടെ മുന്നില്‍ വെച്ചാണ് നിരവധി പേര്‍ കൊല്ലപ്പെട്ടത്. ഞെട്ടിക്കുന്ന ഇത്രയും കൊലപാതക കേസുകള്‍ പരിഹരിക്കപ്പെടാത്തപ്പോള്‍ ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കാനാവില്ലെന്ന് യുനെസ്‌കോ ഡയറക്ടര്‍ ജനറല്‍ ഓഡ്രി അസോലെ പറഞ്ഞു.
2020, 2021 കാലയളവില്‍ 117 മാധ്യമപ്രവര്‍ത്തകര്‍ ജോലിക്കിടെ കൊല്ലപ്പെട്ടു. 91 പേര്‍ മറ്റുള്ള സമയങ്ങളിലും കൊലചെയ്യപ്പെട്ടതായി യുനെസ്‌കോ റിപ്പോര്‍ട്ടില്‍ പറയുന്നു. അന്തര്‍ദേശീയ മാധ്യമ നിയമങ്ങളും നയങ്ങളും വികസിപ്പിക്കുന്നതിനും നടപ്പാക്കുന്നതിനും അംഗരാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് യുനെസ്‌കോ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."