നിര്‍മാണ സാമഗ്രികള്‍ മുല്ലപ്പെരിയാറില്‍ എത്തിക്കാനുള്ള തമിഴ്‌നാട് നീക്കം തടഞ്ഞു
തൊടുപുഴ: സ്പില്‍വേ അറ്റകുറ്റപ്പണിക്കെന്ന പേരില്‍ ആവശ്യത്തിലധികം നിര്‍മാണ സാമഗ്രികള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെത്തിക്കാനുളള തമിഴ്‌നാടിന്റെ നീക്കം ഉപസമിതി തടഞ്ഞു. ഇന്നലെ അണക്കെട്ട് സന്ദര്‍ശിച്ച ഉപസമിതിയാണ് നീക്കത്തിന് തടയിട്ടത്. അറ്റകുറ്റപ്പണിക്കായി തമിഴ്‌നാട് സമര്‍പ്പിച്ച എസ്റ്റിമേറ്റ് ആവശ്യത്തിലുമധികമാണെന്ന കേരളത്തിന്റെ വാദം ഹരീഷ് ഗിരീഷ് ഉമ്പര്‍ജി ചെയര്‍മാനായ സമിതി അംഗീകരിക്കുകയായിരുന്നു. എസ്റ്റിമേറ്റ് അന്തിമപരിഗണനക്കായി സുപ്രിം കോടതി നിയോഗിച്ച മേല്‍നോട്ട സമിതിക്ക് വിടാന്‍ തീരുമാനിച്ചു.
ഉപസമിതി അനുമതി നല്‍കിയിട്ടും ഡാമിന്റെ പാരപ്പെറ്റില്‍ അറ്റകുറ്റപ്പണി തമിഴ്‌നാട് നടത്തിയിട്ടില്ല. ഇതേക്കുറിച്ച് സമിതി തമിഴ്‌നാട് ഉദ്യോഗസ്ഥരോട് ആരാഞ്ഞു.
ഡാമിലെ സീപേജ് ജലത്തിന്റെ അളവ് സമിതി പരിശോധിച്ചു. മിനുട്ടില്‍ 32 ലിറ്ററാണ് അളവ്. ഈ കാലവര്‍ഷത്തില്‍ ആദ്യമായാണ് സീപേജ് വെളളം പരിശോധിക്കുന്നത്.
ഇന്നലെ രാവിലെ 11 മണിയോടെ അണക്കെട്ടിലെത്തിയ സമിതി ഒരു മണിക്കൂറോളം അവിടെ ചെലവഴിച്ചു. ഒന്‍പതിന് വീണ്ടും അണക്കെട്ട് പരിശോധിക്കും. 117.2 അടിയാണ് അണക്കെട്ടിലെ ഇന്നലത്തെ ജലനിരപ്പ്. സെക്കന്‍ഡില്‍ 380 ഘനയടിയാണ് നീരൊഴുക്ക്. 511 ഘനയടി വെള്ളം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."