കെട്ടിനാട്ടിയുടെ പരിഷ്‌കരിച്ച പതിപ്പുമായി യുവ കര്‍ഷകന്‍
അമ്പലവയല്‍ മാളിക കുന്നേല്‍ അജി തോമസാണ് കെട്ടിനാട്ടി വികസിപ്പിച്ചെടുത്തത്
കല്‍പ്പറ്റ: നെല്‍കൃഷിയിലെ കെട്ടിനാട്ടി രീതിപരിഷ്‌കരിച്ച് യുവകര്‍ഷകന്‍ അമ്പലവയല്‍ മാളിക കുന്നേല്‍ അജി തോമസ്. ഞാറ് പറിച്ചുനാട്ടുന്നത് മുതല്‍ കൊയ്ത്തുവരെയുള്ള ഘട്ടങ്ങളില്‍ കൂലിച്ചെലവ് വെട്ടിക്കുറയ്ക്കാനുതകുന്ന വിധത്തിലാണ് പരിഷ്‌കാരം. 2013-14ല്‍ അജി തോമസ് വികസിപ്പിച്ചതാണ് ചാണകക്കുഴമ്പ്(സ്ലറി), സ്യൂഡോമോണസ്, അസോസ്‌പൈറ്റില്ലം, ബയോപൊട്ടാഷ് എന്നിവ 25:1:1:1 എന്ന അനുപാതത്തില്‍ തയാറാക്കുന്ന വളമാധ്യമത്തില്‍ മുളപ്പിച്ച വിത്തുകള്‍ വിരല്‍കൊണ്ട് തൊട്ടുവച്ച് വേരുപിടിപ്പിച്ച് നാട്ടുന്ന കെട്ടിനാട്ടി രീതി. നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെയും അമ്പലവയല്‍ കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ മേല്‍നോട്ടത്തിലുമായിരുന്നു ഇത്.
പ്രത്യേകം തയാറാക്കിയ ഡിഷ് ഉപയോഗിച്ച് വളമാധ്യമത്തില്‍ വിത്തുകള്‍ വയ്ക്കുന്ന രീതിയിലാണ് വിദ്യ പരിഷ്‌കരിച്ചത്. വിത്തുകള്‍ വയ്ക്കുന്നതിനുള്ള വളമാധ്യമം തയാറാക്കുന്നതിലും മാറ്റം വരുത്തിയിട്ടുണ്ട്. ഈര്‍പ്പവും നേര്‍മയുമുള്ള പഴയ ചാണകം, കുളിര്‍മാവിന്റെ പശ, പഞ്ചഗവ്യം, ചുണ്ണാമ്പ് എന്നിവ ചേര്‍ത്തുണ്ടാക്കുന്നതാണ് പുതിയ വളമാധ്യമം. പരിഷ്‌കരിച്ച രീതിയില്‍ ഒരേക്കറില്‍ കൃഷിക്ക് 2.4 കിലോഗ്രാം നെല്‍വിത്ത് മതിയാകും. ഡിഷ് ഉപയോഗിച്ച് വളമാധ്യമത്തില്‍ നിക്ഷേപിക്കുന്ന വിത്തുകള്‍ ഏഴാം ദിവസം നടാന്‍ പാകമാകും. വിത്തുകള്‍ വളമാധ്യമത്തില്‍ നിക്ഷേപിക്കുന്നതിനു രണ്ടും പാടത്ത് നടുന്നതിനു മൂന്നും ആളുകളുടെ അധ്വാനം ധാരാളമാണ്.
പരമ്പരാഗത രീതിയില്‍ ഒരേക്കറില്‍ കൃഷിക്ക് 30-40 കിലോ നെല്‍വിത്താണ് ആവശ്യം. ഞാറ് പറിച്ചുനടുന്നതിനു കുറഞ്ഞത് 20 പേരുടെ അധ്വാനവും വേണം.
കെട്ടിനാട്ടി രീതിയില്‍ മുളപ്പിച്ച വിത്തുകള്‍ക്ക് പാടത്ത് 25 സെന്റീമീറ്റര്‍ അകലമിട്ടാണ് നടുന്നത്. കെട്ടിനാട്ടിയില്‍ നെല്‍കൃഷിക്കായി ഞാറ്റടി തയാറാക്കേണ്ടതില്ല. പാടത്ത് കോണോവീഡര്‍ ഉപയോഗിക്കാനാകും. പ്രാരംഭഘട്ടത്തില്‍ വളമാധ്യമത്തില്‍ വളരുന്നതിനാല്‍ ചെടിയില്‍ കൂടുതല്‍ ചിനപ്പും ഉണ്ടാകും. നടുന്ന ഓരോ ചെടിയും സൂര്യാഭിമുഖമായി വളരുമെന്നതും കെട്ടിനാട്ടിയുടെ പ്രത്യേകതയാണ്.
കെട്ടിനാട്ടി രീതിയില്‍ വരുത്തിയ പരിഷ്‌കാരം കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ മേധാവി സുരേഷ് മുതുകുളം, മങ്കൊമ്പ് നെല്ലി ഗവേഷണകേന്ദ്രം മേധാവി ഡോ. ലീനാകുമാരി എന്നിവരെ അജി തോമസ് ഈയിടെ പരിചയപ്പെടുത്തിയിരുന്നു. നെല്‍കൃഷി ലാഭകരമായി നടത്താന്‍ ഉതകുന്നതാണ് പരിഷ്‌കരിച്ച രീതിയെന്നാണ് മൂവരും അഭിപ്രായപ്പെട്ടത്. ഈ കൃഷിരീതിയുടെ ഔദ്യോഗിക ഉദ്ഘാടനം വയനാട്ടിലെത്തി നിര്‍വഹിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.
കോഴിക്കോടുള്ള 'ജൈവ വെജി'ന്റെ സഹായത്തോടെ പരിഷ്‌കരിച്ച കെട്ടിനാട്ടി രീതിയില്‍ നൂല്‍പ്പുഴ പഞ്ചായത്തില്‍ ഒന്നര ഏക്കറില്‍ കൃഷി ഇറക്കിയിട്ടുണ്ട്. ഈ നവീന കൃഷിരീതി വ്യാപകമാക്കുന്നതിനു പ്രൊജക്ട് തയാറാക്കി വരികയാണെന്ന് അജി തോമസ്, നൂല്‍പ്പുഴ പഞ്ചായത്ത് ഭരണസമിതിയംഗം എ.കെ മോഹനന്‍, 'ജൈവ വെജ് ' പ്രവര്‍ത്തകന്‍ ജിനേഷ് മാത്യു പറഞ്ഞു. കേരള കാര്‍ഷിക സര്‍വകലാശാലയുടെ 2008ലെ ഫാര്‍മേഴ്‌സ് സയന്റിസ്റ്റ് അവാര്‍ഡ് ജേതാവുമായ അജി തോമസ്. റബ്ബര്‍ ടാപ്പിങ് എളുപ്പത്തിലാക്കുന്ന ഉപകരണം കണ്ടുപിടിച്ചതിനായിരുന്നു പുരസ്‌കാരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."