ചൈനയുടെ ഉയ്ഗൂര്‍ മുസ്‌ലിം വംശഹത്യയെ അപലപിച്ച് 50 യു.എന്‍ അംഗരാജ്യങ്ങള്‍
വാഷിങ്ടണ്‍: ഉയ്ഗൂര്‍ മുസ്‌ലിംകളെയും കിഴക്കന്‍ തുര്‍ക്കിസ്ഥാനിലെ മറ്റ് തുര്‍ക്കി ജനതയെയും ചൈനീസ് സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നതിനെ അപലപിച്ച് 50 ഐക്യരാഷ്ട്ര സഭ അംഗരാജ്യങ്ങള്‍ സംയുക്ത പ്രസ്താവന പുറത്തിറക്കി. ഉയ്ഗൂറുകള്‍ക്കെതിരേ ചൈന നടത്തുന്ന അതിക്രമങ്ങളെ ആദ്യമായാണ് ഇത്രയും രാജ്യങ്ങള്‍ ഒരുമിച്ച് പരസ്യമായി അപലപിക്കുന്നത്.
അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ്, ജര്‍മനി, അല്‍ബേനിയ, അന്‍ഡോറ, ഓസ്‌ട്രേലിയ, ഓസ്ട്രിയ, ബെല്‍ജിയം, ബെലീസ്, ബള്‍ഗേറിയ, കാനഡ, ചെക്ക് റിപബ്ലിക്, ക്രൊയേഷ്യ, ഡെന്‍മാര്‍ക്ക്, എസ്‌തോണിയ, എസ്‌വാറ്റിനി, ഫിന്‍ലാന്‍ഡ്, ഗ്വാട്ടിമാല, ഐസ്‌ലന്‍ഡ്, അയര്‍ലന്‍ഡ്, ഇസ്രാഈല്‍, ഇറ്റലി, ജപ്പാന്‍, ലാത്വിയ, ലൈബീരിയ, ലിച്ചെന്‍സ്റ്റീന്‍, ലിത്വാനിയ, ലക്‌സംബര്‍ഗ്, മാര്‍ഷല്‍ ദ്വീപുകള്‍, മൊണാക്കോ, മോണ്ടിനെഗ്രോ, നൗറു, നെതര്‍ലാന്‍ഡ്‌സ്, ന്യൂസിലാന്‍ഡ്, നോര്‍ത്ത് മാസിഡോണിയ, നോര്‍വേ, പലാവു, പോളണ്ട്, പോര്‍ച്ചുഗല്‍, റൊമാനിയ, സാന്‍ മറിനോ, സ്ലൊവാക്യ, സ്ലൊവാക്യ, സ്ലൊവാക്യ സ്‌പെയിന്‍, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, തുര്‍ക്കി, ഉക്രെയ്ന്‍ എന്നിവയാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പുവച്ച രാജ്യങ്ങള്‍.
മനുഷ്യാവകാശങ്ങള്‍ കേന്ദ്രീകരിച്ചുള്ള യു.എന്‍ ജനറല്‍ അസംബ്ലിയുടെ മൂന്നാം കമ്മിറ്റിയുടെ യോഗത്തില്‍ കാനഡയാണ് അംഗരാജ്യങ്ങള്‍ക്കായി സംയുക്ത പ്രസ്താവന അവതരിപ്പിച്ചത്. യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫിസിന്റെ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ സംയുക്ത പ്രസ്താവന ചൈനീസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കിഴക്കന്‍ തുര്‍ക്കിസ്ഥാനില്‍ ചൈന നടത്തുന്ന അതിക്രമങ്ങള്‍ വംശഹത്യയാണെന്ന് യു.എസും ഒരു ഡസനിലധികം യൂറോപ്യന്‍ രാജ്യങ്ങളുടെ പാര്‍ലമെന്റും നേരത്തെ വിശേഷിപ്പിച്ചിരുന്നു. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണെന്ന് പ്രസ്താവിച്ച് യു.എന്‍ മനുഷ്യാവകാശ സമിതിയും റിപ്പോര്‍ട്ട് പുറത്തിറക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."