ജീവനക്കാര്‍ക്ക് ആശ്വസിക്കാം; ബൈജൂസിന്റെ തിരുവനന്തപുരത്തെ സെന്റര്‍ അടച്ചുപൂട്ടില്ല, ബംഗളുരുവിലേക്ക് പോവുകയോ രാജി വെക്കുകയോ വേണ്ട, തീരുമാനം മുഖ്യമന്ത്രി ഇടപെട്ടതോടെ
തിരുവനന്തപുരം: എഡ്യൂക്കേഷന്‍ ടെക് കമ്പനിയായ ബൈജൂസിന്റെ തിരുവനന്തപുരം ഡെവലെപ്‌മെന്റ് സെന്റര്‍ ബംഗളുരുവിലേക്ക് മാറ്റില്ല. മുഖ്യമന്ത്രി പിണറായി വിജയനുമായി ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
സ്ഥാപനത്തിന്റെ ചില പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തെ ഡെവലപ്‌മെന്റ് സെന്ററിലെ ജീവനക്കാരെ ബെംഗളൂരു ഓഫീസിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നു. ഇതോടൊപ്പം കുറച്ചുപേരെ കമ്പനി പിരിച്ചുവിടാനും തീരുമാനിച്ചിരുന്നു.
മികച്ച പ്രവര്‍ത്തനം ഉറപ്പുവരുത്താന്‍ വേണ്ടി ചില ടീമുകളെ ഒരുമിച്ച് കൊണ്ടുവരാനാണ് ഓഫീസ് മാറ്റാന്‍ ലക്ഷ്യമിട്ടതെന്നും, സെന്റര്‍ തുടരാന്‍ തീരുമാനമായതോടെ 140 ജീവനക്കാര്‍ക്കും തിരുവനന്തപുരത്ത് തന്നെ ജോലി തുടരാന്‍ കഴിയുമെന്നും ബൈജൂസ് അറിയിച്ചു.
കമ്പനിയുടെ ആഗോളതലത്തിലുള്ള പുനഃരൂപീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ശേഷം വളരെ വൈകിയാണ് തിരുവനന്തപുരത്തെ സെന്ററിന്റെയും ജീവനക്കാരുടെയും പ്രശ്‌നം തന്റെ ശ്രദ്ധയില്‍ വന്നതെന്ന് ബൈജു രവീന്ദ്രന്‍ മുഖ്യമന്ത്രിയെ അറിയിച്ചു.
'എന്റെ വേരുകള്‍ കേരളത്തിലാണ്. ജീവനക്കാരുടെ പ്രശ്‌നം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തു, തിരുവനന്തപുരത്തെ സെന്ററിലൂടെയുള്ള ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ യാതൊരു മാറ്റവുമില്ലാതെ തുടരാന്‍ തീരുമാനമായി, ബൈജു പറഞ്ഞു. കേരളത്തില്‍ നിലവില്‍ 11 ഓഫീസുകളിലായി 3000 ജീവനക്കാരാണ് ബൈജൂസിനുള്ളത്. സംസ്ഥാനത്തിന്റെ വികസനപ്രവര്‍ത്തനങ്ങളില്‍ തുടര്‍ന്നും ബൈജൂസിന്റെ മികച്ച സാന്നിധ്യമുണ്ടാകും. ഈ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ മൂന്ന് ഓഫീസുകള്‍ കൂടി കേരളത്തില്‍ ആരംഭിക്കും. ഇതോടെ ആകെയുള്ള ഓഫീസുകളുടെ എണ്ണം 14 ആകും. 600 പുതിയ തൊഴിലവസരങ്ങള്‍ കൂടി ലഭ്യമാകുന്നതോടെ ജീവനക്കാരുടെ എണ്ണം 3600 ആയി ഉയരുമെന്നും ബൈജൂസ് വ്യക്തമാക്കി.
കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് നേരത്തെ ബൈജൂസ് വിശദീകരിച്ചിരുന്നു. സ്ഥാനത്തെ ബൈജൂസ് കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്ന മൂവായിരത്തോളം ആളുകളില്‍ 140 പേരെ ബങ്കളൂരിലേക്ക് സ്ഥലം മാറ്റുക മാത്രമായിരുന്നു ചെയ്തതെന്നും ബൈജൂസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു. സ്ഥലം മാറ്റത്തിന് അസൗകര്യം അറിയിച്ച ജീവനക്കാരുടെ താത്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള പാക്കേജ് നടപ്പാക്കുമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."