മോര്‍ബി തൂക്കുപാലത്തിന്റെ അറ്റകുറ്റപ്പണിയിലെ ക്രമക്കേടുകള്‍ നിരത്തി പൊലിസ്; പാലം ബലപ്പെടുത്തിയിട്ടില്ല, മരപ്പാളികള്‍ മാറ്റി അലുമിനിയം ഷീറ്റുകള്‍ പാകി
അഹമ്മദാബാദ്: ഗുജറാത്തിലെ മോര്‍ബിയില്‍ തകര്‍ന്ന തൂക്കുപാലത്തിന്റെ അറ്റകുറ്റപ്പണിയിലെ ക്രമക്കേടുകള്‍ ഒന്നൊന്നായി നിരത്തി പൊലിസ്.പാലം ബലപ്പെടുത്താതെ തറയിലെ മരപ്പാളികള്‍ മാറ്റി അലുമിനിയം ഷീറ്റുകള്‍ ഉപയോഗിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്.എഞ്ചിനീയറിംഗ് വൈദഗ്ധ്യമുള്ളവര്‍ അറ്റകുറ്റപ്പണിക്ക് മേല്‍നോട്ടം വഹിച്ചിട്ടില്ലെന്നുമുള്‍പ്പെടെയുള്ള കുററങ്ങളാണ് പൊലിസ് കണ്ടെത്തിയിരിക്കുന്നത്. അറസ്റ്റിലായ 9 ജീവനക്കാരില്‍ 4 പേരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ട് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ്, തൂക്കുപാലത്തിന്റെ അറ്റക്കുറ്റപ്പണിയിലെ വീഴ്ചകള്‍ പൊലിസ് എണ്ണിപ്പറയുന്നത്.
ഏഴ് മാസത്തോളമാണ് അറ്റകുറ്റപ്പണിക്കായി പാലം അടച്ചിട്ടത്. ഇക്കാലയളവില്‍ പഴയ കമ്പികള്‍ മാറ്റുകയോ പാലം ബലപ്പെടുത്തുകയോ ചെയ്തിട്ടില്ല. തറയിലെ മരപ്പാളികള്‍ക്ക് പകരം അലൂമിനിയം ആണ് ഉപയോഗിച്ചിരിക്കുന്നത് പാലത്തിന്റെ ഭാരം കൂട്ടി. ഇത് എഞ്ചിനീയറിംഗ് വീഴ്ചയാണ്. നിര്‍മാണ വേളയില്‍ എഞ്ചിനീയറിംഗ് വൈദഗ്ധ്യം ഉള്ളവര്‍ മേല്‍നോട്ടത്തിനുണ്ടായിരുന്നില്ല.ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പാലം തുറന്ന് കൊടുക്കുകയും ചെയ്തു. പാലത്തിലേക്ക് അമിതമായി ആളെ കയറ്റിയതും ദുരന്തത്തിലേക്ക് നയിച്ചു.ഇലക്ട്രോണിക്‌സ് ഉത്പന്ന നിര്‍മാതാക്കളായ കമ്പനിക്ക് സിവില്‍ വര്‍ക്ക് ടെണ്ടര്‍ പോലുമില്ലാതെ നല്‍കിയതിലും ദുരൂഹതയുണ്ടെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു.
അറസ്റ്റിലായവര്‍ക്ക് വേണ്ടി വാദിക്കാന്‍ മോര്‍ബി ബാര്‍ അസോസിയേഷനിലെ അഭിഭാഷകരാരും തയ്യാറായിട്ടില്ല. അതേസമയം നിര്‍മാണ ജോലിയില്‍ നേരിട്ട് പങ്കെടുക്കാത്തവരാണ് തങ്ങളെന്ന് അറസ്റ്റിലായവര്‍ കോടതിയില്‍ വാദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."