താലിബാന്‍ തടഞ്ഞുവെച്ച 150 ഇന്ത്യക്കാരെ വിട്ടയച്ചു; സുരക്ഷിതരെന്ന് അഫ്ഗാന്‍ മാധ്യമങ്ങള്‍
ന്യൂഡല്‍ഹി: താലിബാന്‍ തടഞ്ഞുവെച്ച 150 ഇന്ത്യന്‍ പൗരന്മാരെ വിട്ടയച്ചതായി റിപ്പോര്‍ട്ട്. ഇവര്‍ സുരക്ഷിതരാണെന്ന് അഫ്ഗന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഘം കാബൂള്‍ വിമാനത്താവളത്തിലാണുള്ളതെന്നും താമസിയാതെ ഇവരെ നാട്ടില്‍ തിരിച്ചെത്തിക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കാബൂളിലെ ഹാമിദ് കര്‍സായി രാജ്യാന്തര വിമാനത്താവളത്തിന്റെ കവാടത്തിന് പുറത്തു നിന്നാണ് ഇന്ത്യക്കാരെ താലിബാന്‍ പിടിച്ചു കൊണ്ടു പോയതെന്നായിരുന്നു ലഭിച്ച വിവരം. അഫ്ഗാനിലെ പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
തടഞ്ഞുവെച്ചവരില്‍ സാധാരണ ഇന്ത്യന്‍ പൗരന്മാരും അഫ്ഗാന്‍ സിഖുകാരും അഫ്ഗാന്‍ പൗരന്മാരും ഉള്‍പ്പെടും. 85 ഇന്ത്യക്കാരുമായി വ്യോമസേനയുടെ സി-130 ജെ യാത്രാ വിമാനം പുറപ്പെട്ടതിന് പിന്നാലെയാണ് സംഭവം. ഇന്ത്യയിലേക്ക് മടങ്ങാന്‍ വാഹനങ്ങളില്‍ എത്തിയവരാണിവര്‍.
അതേസമയം, വ്യോമസേനയുടെ സി-130 ജെ യാത്രാ വിമാനം 85 പൗരന്മാരുമായി തജിക്കിസ്താനത്തിലെ ദുഷാന്‍മ്പെ വ്യോമതാവളത്തില്‍ സുരക്ഷിതമായി ഇറങ്ങി. ഇവിടെ നിന്ന് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ആളുകളെ ഡല്‍ഹിയില്‍ എത്തിക്കും.
ഔദ്യോഗിക കണക്ക് പ്രകാരം 400 ഇന്ത്യന്‍ പൗരന്മാണ് അഫ്ഗാനിലുള്ളത്. എന്നാല്‍, അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ വിവിധ കമ്പനികള്‍, അഫ്ഗാന്‍ സേനയുടെ ഭാഗമായി പ്രവര്‍ത്തിച്ചവര്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ 1500ഓളം പേര്‍ കുടുങ്ങി കിടക്കുന്നതായാണ് അനൗദ്യോഗിക കണക്ക്.
തജികിസ്താന്‍ വ്യോമതാവളമായി ഉപയോഗിച്ചാണ് പൗരന്മാരെ തിരികെ കൊണ്ടുവരാനുള്ള നീക്കം ഇന്ത്യ നടത്തുന്നത്. വ്യോമസേനയുടെ സി-17 യുദ്ധവിമാനങ്ങളും സി-130 ജെ യാത്രാ വിമാനവുമാണ് ഇതിനായി ഉപയോഗിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."