പ്രശസ്ത എഴുത്തുകാരന്‍ ടി.പി രാജീവന്‍ അന്തരിച്ചു
കോഴിക്കോട്: പ്രശസ്ത സാഹിത്യകാരന്‍ ടി പി രാജീവന്‍ അന്തരിച്ചു. 63 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരുന്നു. ഇന്നു രാവിലെ 9 മുതല്‍ 11 വരെ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം നടക്കും. വൈകിട്ട് മൂന്നിന് നരയംകുളത്തെ വീട്ടുവളപ്പില്‍ വെച്ചാണ് സംസ്‌കാരം.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പബ്ലിക് റിലേഷന്‍സ് ഓഫിസറായും കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സാംസ്‌കാരിക മന്ത്രിയായിരുന്ന കെ സി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, കെ.ടി.എന്‍. കോട്ടൂര്‍ എഴുത്തും ജീവിതവും, ക്രിയാശേഷം, കുഞ്ഞാലി മരക്കാര്‍ എന്നിവയാണ് ടി പി രാജീവന്റെ പ്രശസ്ത നോവലുകള്‍.
കെ.ടി.എന്‍. കോട്ടൂര്‍ എഴുത്തും ജീവിതവും എന്ന കൃതിക്ക് 2014ല്‍ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. ഇംഗ്ലിഷില്‍ മൂന്നും മലയാളത്തില്‍ ആറും കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'പുറപ്പെട്ടു പോയ വാക്ക്' എന്ന യാത്രാവിവരണവും 'അതേ ആകാശം അതേ ഭൂമി', 'വാക്കും വിത്തും' എന്നീ ലേഖന സമാഹാരങ്ങളും പ്രസിദ്ധീകരിച്ചു.
റിട്ട.അധ്യാപകനായ തച്ചംപൊയില്‍ രാഘവന്‍ നായരുടേയും ദേവി അമ്മയുടേയും മകനായി 1959ല്‍ പാലേരിയിലാണ് ജനനം. ഡല്‍ഹിയില്‍ പാട്രിയറ്റ് പത്രത്തില്‍ പത്രപ്രവര്‍ത്തകനായിട്ടാണ് ഔദ്യോഗിക ജീവിതത്തിന് തുടക്കമിടുന്നത്. 2014 ലെ കേരള സാഹിത്യഅക്കാദമി പുരസ്‌കാരം, ലെടിഗ് ഹൗസ് ഫെലോഷിപ്പ്, യുഎസിലെ റോസ് ഫെലോ ഫൗണ്ടേഷന്‍ ഫെലോഷിപ്പ് എന്നിവ ലഭിച്ചിട്ടുണ്ട്. പി ആര്‍ സാധനയാണ് ഭാര്യ. ശ്രീദേവി, പാര്‍വതി എന്നിവര്‍ മക്കളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."