ഗുജറാത്ത് തെരഞ്ഞെടുപ്പ് തിയതി ഇന്ന് ഉച്ചയ്ക്ക് പ്രഖ്യാപിക്കും
ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തിയതികള്‍ ഇന്ന് ഉച്ചയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും. 135 പേരുടെ മരണത്തിനിടയാക്കിയ മോര്‍ബിയിലെ പാലം ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ബി.ജെ.പിയുടെ ശക്തികേന്ദ്രത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം.
സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാന്‍ കോണ്‍ഗ്രസ് വെള്ളിയാഴ്ച യോഗം ചേരും. 2017ലെ തെരഞ്ഞെടുപ്പില്‍ പതിറ്റാണ്ടുകളിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച് കോണ്‍ഗ്രസ് ശക്തിതെളിയിച്ചെങ്കിലും ഭരണം നിലനിര്‍ത്താന്‍ ബി.ജെ.പിക്ക് സാധിച്ചു. ഇത്തവണ വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും വീടുവീടാന്തരം കയറി നടത്തിയ പ്രചാരണത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. എ.എ.പിക്കും അസദുദ്ദീന്‍ ഉവൈസിയുടെ നേതൃത്വത്തിലുള്ള എ.ഐ.എം.ഐ.എമ്മിനുമെതിരേ കോണ്‍ഗ്രസ് വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇരു പാര്‍ട്ടികളും ബി.ജെ.പിയുടെ 'ബി ടീമുകള്‍' ആണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.
ഈ വര്‍ഷമാദ്യം പഞ്ചാബില്‍ നേടിയ തകര്‍പ്പന്‍ വിജയത്തില്‍ ആവേശഭരിതരായ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി ഗുജറാത്തിന്റെ രാഷ്ട്രീയ ഭൂമികയില്‍ സുപ്രധാന നീക്കത്തിന് തയ്യാറെടുക്കുകയാണ്. പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടി 'ചൂസ് യുവര്‍ മുഖ്യമന്ത്രി' കാമ്പെയ്ന്‍ ആരംഭിച്ചിട്ടുണ്ട്. വാട്‌സ്ആപിലൂടെയും ഇ-മെയില്‍ വഴിയും അഭിപ്രായങ്ങള്‍ സ്വരൂപിച്ച ശേഷം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും.
ഏകദേശം 25 വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന ബിജെപി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഏക സിവില്‍ കോഡ് വിഷയം ഉയര്‍ത്തിക്കൊണ്ടുവന്നിട്ടുണ്ട്. ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും അഭിമാന പോരാട്ടമാണ്. വിജയം ഉറപ്പാക്കാന്‍ ബി.ജെ.പി എല്ലാ മാര്‍ഗവും സ്വീകരിക്കും. ഭരണകക്ഷിക്ക് ഇപ്പോഴും ശക്തമായ തെരഞ്ഞെടുപ്പ് സംവിധാനങ്ങളും വിശാലമായ ജനപിന്തുണയുമുണ്ടെന്നാണ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."