പത്തു ലക്ഷത്തിലേറെ ജനങ്ങള്‍ 24 മണിക്കൂറിനകം വടക്കന്‍ ഗസ്സയില്‍ നിന്ന് ഒഴിഞ്ഞു പോകണമെന്ന മുന്നറിയിപ്പുമായി ഇസ്‌റാഈല്‍
പത്തു ലക്ഷത്തിലേറെ ജനങ്ങള്‍ 24 മണിക്കൂറിനകം വടക്കന്‍ ഗസ്സയില്‍ നിന്ന് ഒഴിഞ്ഞു പോകണമെന്ന മുന്നറിയിപ്പുമായി ഇസ്‌റാഈല്‍
ജറൂസലം: ഗസ്സക്കു മുകളില്‍ ദുരിതത്തിനു മേല്‍ ദുരിതം പെയ്യിച്ച് ഇസ്‌റാഈല്‍. ഗസ്സയുടെ വടക്കന്‍ മേഖലയിലുള്ള ജനങ്ങളോട് ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് ഇസ്‌റാഈല്‍. പത്തു ലക്ഷത്തിലേറെ ആളുകളാണ് ഇവിടെ നിന്ന് ഒഴിഞ്ഞു പോകേണ്ടത്. 24 മണിക്കൂര്‍ സമയമാണ് ഇസ്‌റാഈല്‍ നല്‍കിയിട്ടുള്ളത്. യു.എസ് സ്റ്റാഫ് ഉള്‍പ്പെടെയുള്ളവരോട് തെക്കന്‍ മേഖലയിലേക്ക് മാറാനാണ് ഇസ്‌റാഈല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കരയുദ്ധം ആരെഭിക്കുകയാണെന്ന സൂചനയാണിതെന്നാണ് ആശങ്ക. റിസര്‍വ് സൈനികര്‍ ഉള്‍പ്പെടെ ഗസ്സ അതിര്‍ത്തിയില്‍ ഇസ്‌റാഈല്‍ മൂന്നര ലക്ഷം സൈനികരെയും യുദ്ധ ടാങ്കുകളും മറ്റു ആയുധങ്ങളും വിന്യസിച്ചിട്ടുണ്ട്.
ഗസ്സയിലെ ജനസംഖ്യയുടെ പകുതിയിലധികവും വടക്കൻ മേഖലയിലാണ് താമസിക്കുന്നത്. ഇസ്‌റാഈൽ നിർദേശം വലിയ മാനുഷിക ദുരന്തത്തിലേക്ക് നയിക്കുമെന്നും ഉത്തരവ് പിൻവലിക്കണമെന്നും യു.എൻ വക്താവ് സ്റ്റെഫാൻ ദുജാറിക് പറഞ്ഞു. വ്യോമാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ള നൂറുകണക്കിന് ആളുകൾ ഉൾപ്പെട്ടെ 10 ലക്ഷം പേരെ 24 മണിക്കൂറിനകം വടക്കൻ മേഖലയിൽനിന്ന് ഒഴിപ്പിക്കുന്നത് ചിന്തിക്കാൻ പോലും കഴിയില്ലെന്ന് യു.എൻ അധികൃതർ ചൂണ്ടിക്കാട്ടുന്നു. യു.എൻ പ്രതിനിധികളോടും സ്‌കൂൾ, ആരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെ യു.എൻ അഭയാർഥി ക്യാമ്പുകളിൽ കഴിയുന്നവരോടും വടക്കൻ ഗസ്സ വിട്ടുപോകാനാണ് അന്ത്യശാസനം. അതേസമയം, വടക്കൻ ഗസ്സയിലെ ജനങ്ങളോട് തെക്ക് ഭാഗത്തേക്ക് ഒഴിഞ്ഞുപോകാൻ ഇസ്‌റാഈൽ പറഞ്ഞുവെന്ന യു.എൻ പ്രസ്താവന വ്യാജ പ്രചരണത്തിന്റെ ഭാഗമാണെന്നും ഫലസ്തീനികൾ അതിൽ വീഴരുതെന്നും ഹമാസ് പറഞ്ഞു.
അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെ മുന്നറിയിപ്പുകൾ തള്ളി ഇസ്‌റാഈൽ കനത്ത വ്യോമാക്രമണം തുടരുകയാണ്. ആറു ദിവസമായി ഇടതടവില്ലാതെ തുടരുന്ന ഇസ്ര്‌റാഈൽ വ്യോമാക്രമണത്തിൽ 1500ലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ആരോഗ്യ സംവിധാനങ്ങളെയും അഭയാർഥി ക്യാമ്പുകളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തുന്നത്. ഗസ്സയെ വിജനദ്വീപാക്കി മാറ്റുമെന്നാണ് കഴിഞ്ഞദിവസം ഇസ്‌റാഈൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."