സ്വപ്നയെ ക്ഷണിച്ചത് ആരാണ്?; സ്വര്‍ണക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫിസിനു പങ്കുണ്ടെങ്കില്‍ ഇടപെടും: ഗവര്‍ണര്‍
ന്യൂഡല്‍ഹി: നാളെ കേരളത്തില്‍ തിരിച്ചെത്താനിരിക്കെ, മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ ഓഫിസിനുമെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നയതന്ത്ര പാഴ്‌സല്‍ വഴിയുള്ള സ്വര്‍ണക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫിസിനു പങ്കുണ്ടെങ്കില്‍ താന്‍ ഇടപെടുമെന്നും ഗവര്‍ണര്‍ മുന്നറിയിപ്പു നല്‍കി. ഗവര്‍ണര്‍ സമാന്തര ഭരണത്തിനു ശ്രമിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനം മാധ്യമങ്ങള്‍ ശ്രദ്ധയില്‍ പെടുത്തിയപ്പോഴായിരുന്നു ഗവര്‍ണറുടെ മറുപടി.
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്‌ന സുരേഷിനെപ്പറ്റിയും ഗവര്‍ണര്‍ പരാമര്‍ശിച്ചു. ആ വനിതയ്ക്ക് ജോലി ലഭിച്ചത് എങ്ങനെയെന്നും അവരെ ആരാണ് ഹില്‍ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചതെന്നും ഗവര്‍ണര്‍ ചോദിച്ചു. വിവാദ വനിത മുഖ്യമന്ത്രിയുടെ ഓഫീസില്‍ വന്നിട്ടില്ലേ. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജിവെച്ചത് ഏത് കാരണത്താലാണെന്നും ഇക്കാര്യങ്ങളെല്ലാം ജനങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ഇതുസംബന്ധിച്ച് ഒരു പുസ്തകം വരെ ഇറങ്ങിയിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
താന്‍ ആര്‍.എസ്.എസിന്റെ നോമിനിയാണെന്ന ആരോപണങ്ങളെ ഗവര്‍ണര്‍ തള്ളിക്കളഞ്ഞു. രാജ്ഭവന്‍ ഇടപെട്ട് ഒരു രാഷ്ട്രീയ നിയമനം പോലും നടത്തിയിട്ടില്ലെന്ന് ഗവര്‍ണര്‍ അവകാശപ്പെട്ടു. അനാവശ്യ നിയമനങ്ങള്‍ നടത്തിയെന്ന് തെളിയിച്ചാല്‍ ഗവര്‍ണര്‍സ്ഥാനം രാജിവയ്ക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."