ക്രിസ്റ്റ്യാനോ യൂറോപ്പിലെ താരം
മൊണാക്കോ: കഴിഞ്ഞ സീസണില്‍ യൂറോപ്പിലെ ഏറ്റവും മികച്ച താരമായി പോര്‍ച്ചുഗലിന്റെ റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോയെ യുവേഫ തെരഞ്ഞെടുത്തു. അന്തിമ പട്ടികയിലുണ്ടായിരുന്ന വെയ്ല്‍സ് താരം ഗരത് ബെയ്ല്, ഫ്രഞ്ച് താരം അന്റോണിയോ ഗ്രിസ്മാന് എന്നിവരെ മറികടന്നാണ് ക്രിസ്റ്റ്യാനോ നേട്ടം സ്വന്തമാക്കിയത്. ഇത് രണ്ടാം തവണയാണ് താരം യുവേഫയുടെ പുരസ്കാരം സ്വന്തമാക്കുന്നത്.
യുവേഫയിലെ 55 അംഗരാജ്യങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരാണ് വോട്ടെടുപ്പിലൂടെ മികച്ച താരത്തെ തെരഞ്ഞെടുക്കുക. സീസണില്‍ യുവേഫ ചാംപ്യന്‍സ് ലീഗും തുടര്‍ന്ന് യൂറോ കപ്പ് നേടാനായതും ക്രിസ്റ്റ്യാനോയുടെ നേട്ടങ്ങളാണ്. ചരിത്രത്തിലാദ്യമായി പോര്‍ച്ചുഗലിനെ യൂറോ ചാംപ്യന്മാരാക്കാനും ക്രിസ്റ്റ്യാനോയ്ക്ക് സാധിച്ചു. കഴിഞ്ഞ സീസണില്‍ 48 കളിയില്‍ നിന്ന് 51 ഗോളുകളാണ് താരം നേടിയത്.
ലാ ലിഗയില്‍ മാത്രം 36 കളിയില്‍ നിന്ന് 35 ഗോളും നേടി. പോര്‍ച്ചുഗീസ് ടീമിനായി യൂറോകപ്പില്‍ മൂന്നു ഗോളുകളും സ്വന്തമാക്കി. ചാംപ്യന്‍സ് ലീഗില്‍ 12 കളിയില്‍ 16 ഗോള്‍ നേടിയ ക്രിസ്റ്റ്യാനോ ടീമിനെ കിരീടത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പ്രകടനം കാഴ്ച്ചവച്ചു.
ചടങ്ങില്‍ കഴിഞ്ഞ സീസണിലെ മികച്ച ഗോളിനുള്ള പുരസ്കാരം അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി സ്വന്തമാക്കി. ചാംപ്യന്‍സ് ലീഗില്‍ റോമയ്ക്കെതിരേയായിരുന്നു മെസ്സിയുടെ ഗോള്‍. അതേസമയം പുരസ്കാരം അഭിമാനിക്കാന്‍ അവസരം നല്‍കുന്നതാണെന്ന് ക്രിസ്റ്റ്യാനോ വ്യക്തമാക്കി. ടീമംഗങ്ങളുടെ പിന്തുണയാണ് ഈ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ തന്നെ സഹായിച്ചത്. അവരില്ലായിരുന്നില്ലെങ്കില് ഇതൊക്കെ അസാധ്യമായേനേ എന്നും താരം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."