രക്ഷപ്പെടാന്‍ ശ്രമിച്ച ഹിന്ദുക്കളോട് താലിബാന്‍ പോകരുത്, ഇത് നിങ്ങളുടെ രാജ്യമാണ്
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്കു വിമാനത്തില്‍ പോകാന്‍ ശ്രമിച്ച 72 ഹിന്ദു-സിഖ് മതവിശ്വാസികളെ തടഞ്ഞുനിര്‍ത്തി നാടുവിടരുതെന്ന് അപേക്ഷിച്ച് താലിബാന്‍.
ഇന്ത്യന്‍ വ്യോമസേനാ വിമാനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് എം.പിമാര്‍ അടങ്ങുന്ന സംഘത്തോട് നിങ്ങള്‍ ഈ രാജ്യക്കാരാണെന്നും പോകരുതെന്നും അവര്‍ അഭ്യര്‍ഥിച്ചതായി ലോക പഞ്ചാബി ഓര്‍ഗനൈസേഷന്‍(ഡബ്ല്യു.പി.ഒ) പ്രസിഡന്റ് വിക്രംജിത് സിങ് സാഹ്നി പറഞ്ഞു. വിമാനത്താവളത്തിനു പുറത്ത് മണിക്കൂറുകളായി കാത്തുനില്‍ക്കുകയായിരുന്നു ഇവര്‍.
ഡബ്ല്യു.പി.ഒയും ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റിയും സംയുക്തമായി കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്ന് അഫ്ഗാന്‍ പൗരന്മാരായ ഹിന്ദുക്കളെയും സിഖുകാരെയും അവിടെനിന്ന് ഒഴിപ്പിച്ചുവരികയാണ്.
താലിബാന്‍ തടഞ്ഞ 72 അംഗ സംഘത്തെ അവര്‍ കാബൂളിലെ ഗുരുദ്വാരയിലേക്ക് സുരക്ഷിതമായി തിരിച്ചെത്തിച്ചതായി സാഹ്നി അറിയിച്ചു. ഇനി എം.പിമാരുള്‍പ്പെടെയുള്ളവരെ താലിബാനുമായി ചര്‍ച്ച നടത്തി ഗുരുതേജ് ബഹാദൂറിന്റെ 400ാം ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനെന്നു പറഞ്ഞ് ഇന്ത്യയിലെത്തിക്കാനാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താലിബാന്‍ കാബൂള്‍ പിടിച്ചെടുത്തതോടെ 280 അഫ്ഗാന്‍ സിഖുകാരെയും 40 ഹിന്ദുക്കളെയും കാബൂളിലെ കാര്‍ട്ടെ പര്‍വാന്‍ ഗുരുദ്വാരയിലേക്കു സുരക്ഷിതമായി മാറ്റിയിരുന്നു. ഇവരുമായി താലിബാന്‍ നേതാക്കള്‍ രണ്ടുതവണ കൂടിക്കാഴ്ച നടത്തുകയും രാജ്യം വിടരുതെന്ന് അഭ്യര്‍ഥിക്കുകയും സുരക്ഷ ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ കഴിഞ്ഞവര്‍ഷം മാര്‍ച്ച് 25ന് ഐ.എസ് ഭീകരര്‍ കാബൂളിലെ ഗുരു ഹര്‍റായ് സാഹിബ് ഗുരുദ്വാര ആക്രമിച്ച് 25 സിഖുകാരെ കൊലപ്പെടുത്തിയിരുന്നു.
അന്നു മുതല്‍ രാജ്യത്തെ ഹിന്ദുക്കളും സിഖുകാരും ഇന്ത്യ, കാനഡ സര്‍ക്കാരുകളോട് തങ്ങളെ അവിടെനിന്ന് ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുവരികയാണ്. അതേസമയം ഇവരില്‍ പലരും കാബൂള്‍, ഗസ്‌നി, ജലാലാബാദ് തുടങ്ങിയ നഗരങ്ങളില്‍ ബിസിനസുകള്‍ നടത്തിവരുന്നതിനാല്‍ ഇവരുടെ കുടുംബങ്ങള്‍ക്ക് അഫ്ഗാനില്‍ തുടരാനാണ് ആഗ്രഹമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."