യൂറോപ്പിലെ രണ്ടോ മൂന്നോ യൂണിവേഴ്‌സിറ്റികള്‍ തയ്യാറാക്കുന്ന കോഴ്‌സുകള്‍ പഠിക്കാം; അറിയാം ഇറാസ്മസ് പ്ലസ് സ്‌കോളര്‍ഷിപ്പിനെ
മൂന്നോ അതിലധികമോ സര്‍വകലാശാലകള്‍ ഭാഗമായ കണ്‍സോര്‍ഷ്യങ്ങള്‍ നടത്തുന്ന ജോയിന്റ് മാസ്റ്റേഴ്‌സ് കോഴ്‌സുകളാണ് ഇറാസ്മസ് പ്ലസ്ജോയിന്റ് മാസ്റ്റേഴ്‌സ് കോഴ്‌സുകള്‍. സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഹ്യുമാനിറ്റീസ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, നിയമപഠനം തുടങ്ങി വിവിധ വിഭാഗങ്ങളിലായി 171 കോഴ്‌സുകള്‍ ഈ പദ്ധതിയുടെ ഭാഗമായി ലഭ്യമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മിടുക്കരായ വിദ്യാര്‍ഥികളെ യൂറോപ്പിലേക്ക് ആകര്‍ഷിക്കാന്‍ ആരംഭിച്ച ഈ പദ്ധതിക്ക് യൂറോപ്യന്‍ യൂണിയനാണ് സാമ്പത്തിക സഹായം ചെയ്യുന്നത്.
രണ്ട് വര്‍ഷം, നാല് സെമസ്റ്ററുകള്‍, മൂന്നോ അതിലധികമോ രാജ്യങ്ങളിലെ സര്‍വകലാശാലകള്‍, പല പല രാജ്യങ്ങളില്‍ നിന്നുള്ള സഹപാഠികള്‍അധ്യാപകര്‍, ലോകോത്തര സ്ഥാപനങ്ങളില്‍ പരിശീലനം നേടാന്‍ അവസരം, കോഴ്‌സ് ഫീസും ഇന്‍ഷുറന്‍സും പ്രതിമാസ സ്‌റ്റൈപ്പന്റുമടക്കം 40 മുതല്‍ 50 ലക്ഷത്തോളം വരുന്ന സ്‌കോളര്‍ഷിപ്പ്; യൂറോപ്പില്‍ ബിരുദാനന്തര ബിരുദ പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇത്രയും വിപുലമായ അവസരങ്ങള്‍ ഒരുക്കുന്ന ഒരു സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം ലോകത്ത് മറ്റെങ്ങും ഉണ്ടാകാന്‍ ഇടയില്ല.
നാല് സെമസ്റ്റര്‍ ദൈര്‍ഘ്യമുള്ള ഈ കോഴ്‌സുകളില്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സോര്‍ഷ്യത്തിന്റെ ഭാഗമായ വിവിധ രാജ്യങ്ങളിലെ സര്‍വകലാശാലകളില്‍ പഠനം നടത്താനുള്ള അവസരമാണ് ലഭിക്കുക. പ്രോഗ്രാമിന്റെ ഘടനയനുസരിച്ച് സെമസ്റ്റര്‍ അടിസ്ഥാനത്തിലോ വാര്‍ഷികാടിസ്ഥാനത്തിലോ കണ്‍സോര്‍ഷ്യത്തിന്റെ ഭാഗമായ രണ്ട് മുതല്‍ നാല് വരെ രാജ്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് തെരെഞ്ഞെടുക്കാനാവും.
ഉദാഹരണത്തിന് 'മൈഗ്രെഷന്‍ & ഇന്റര്‍കള്‍ച്ചറല്‍ റിലേഷന്‍സ്' എന്ന പ്രോഗ്രാം എട്ട് സര്‍വ്വകലാശാലകള്‍ ചേര്‍ന്നിട്ടുള്ള കണ്‍സോര്‍ഷ്യം ആണ് നടത്തുന്നത്. യൂറോപ്യന്‍ രാജ്യങ്ങളായ ജര്‍മനി, നോര്‍വേ, ചെക്ക് റിപ്പബ്ലിക്ക്, സ്ലൊവീനിയ, ഏഷ്യയില്‍ നിന്നും ഇന്ത്യ, ആഫ്രിക്കന്‍ രാജ്യങ്ങളായ ഉഗാണ്ട, സുഡാന്‍, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലെ ഈ എട്ട് സര്‍വകലാശാലകളില്‍ നിന്നും വിദ്യാര്‍ഥികള്‍ക്ക് അവരുടെ താല്പര്യത്തിനനുസരിച്ച് നാല് സര്‍വ്വകലാശാലകളില്‍ പഠിക്കാം.
ഇതിന് പുറമെ പ്രോഗ്രാമിന്റെ ഭാഗമായ യു.എന്‍ സംഘടനകള്‍ അടക്കമുള്ള സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ് ചെയ്യാനുള്ള അവസരവും വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും.
2022-2023ല്‍ 161 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് പ്രസ്തുത സ്‌കോളര്‍ഷിപ്പിന് അര്‍ഹരായിരിക്കുന്നത്.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇറാസ്മസ് പ്ലസ് സ്‌കോളര്‍ഷിപ്പ് ലഭിക്കാന്‍ വേണ്ട യോഗ്യതകള്‍
1 അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് യോഗ്യതയുള്ള ഏതെങ്കിലും യൂറോപ്യന്‍ രാജ്യത്ത് കഴിഞ്ഞ 5 വര്‍ഷമായി 12 മാസത്തില്‍ കൂടുതല്‍ താമസിച്ചിരിക്കാന്‍ പാടില്ല.
2 ഇറാസ്മസ് മുണ്ടസ് ആക്ഷന്‍ 2 പ്രോജക്റ്റിന് കീഴില്‍ സമാനമായ സ്‌കോളര്‍ഷിപ്പ് ലഭിച്ചിരിക്കരുത്.
3 അംഗീകൃത യോഗ്യതകളോടെയുള്ള ബിരുദം.
4 മികച്ച അക്കാദമിക് റെക്കോര്‍ഡും പ്രസക്തമായ പ്രവൃത്തി പരിചയവും.
5 അപേക്ഷകര്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ ആവശ്യമായ ഇംഗ്ലീഷ് പരിജ്ഞാനം ഉണ്ടായിരിക്കണം.
അപേക്ഷിക്കേണ്ട രീതി
1 Erasmus+ ന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
2 Go to Opportunities > Opportunities for Individuals> Opportunities for Students>ഇറാസ്മസ് മുണ്ടസ് ജോയിന്റ് മാസ്റ്റര്‍ ഡിഗ്രികള്‍ എന്നതിലേക്ക് പോകുക.
3 പ്രോഗ്രാം കാറ്റലോഗ് സന്ദര്‍ശിച്ച് കോഴ്‌സ് തിരഞ്ഞെടുക്കുക.
4 ഇത് നിങ്ങള്‍ക്ക് ആവശ്യമായ എല്ലാ വിവരങ്ങളും നല്‍കും.
5 നിങ്ങളുടെ കോഴ്‌സ് കോര്‍ഡിനേറ്റര്‍ക്ക് നേരിട്ട് അപേക്ഷ അയയ്ക്കുക.
6 ഇന്ത്യന്‍, യൂറോപ്യന്‍ പങ്കാളി സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കണ്‍സോര്‍ഷ്യത്തില്‍ നേരിട്ട് അപേക്ഷിക്കാം.
Content Highlights:erasmus mundus scholarship details
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."