ഹറമുകളിൽ കണ്ഠമിടറി മസ്ജിദുല്‍ അഖ്‌സക്കും ഫലസ്തീനികള്‍ക്കും വേണ്ടി പ്രാർത്ഥന
മക്ക: വെള്ളിയാഴ്ച ഇരു ഹറമുകളിലും മസ്ജിദുല്‍ അഖ്‌സക്കും ഫലസ്തീനികള്‍ക്കും വേണ്ടി പ്രാർത്ഥനാ. വിശ്വാസികളുടെ കണ്ഠമിടറിയുള്ള പ്രാർത്ഥന മസ്ജിദുല്‍ ഹറാം ഇമാം ശൈഖ് ഉസാമ ഖയ്യാത്തിന്റെ നേതൃത്വത്തിലാണ് മക്ക മസ്ജിദുൽ ഹറം പള്ളിയിൽ നടന്നത്. ജുമുഅയുടെ ഭാഗമായ ഖുതുബയുടെ അവസാനത്തിലായിരുന്നു പ്രാര്‍ഥന നടന്നത്. ഹറം ഇമാമും ഖതീബുമായ ശൈഖ് ഉസാമ ഖയ്യാത്ത് തന്റെ പ്രാർത്ഥനക്കിടെ വിതുമ്പലടക്കാന്‍ ഏറെ പാടുപെട്ടു.
പ്രാര്‍ഥനക്കിടെ വിതുമ്പുകയും കണ്‍ഠമിടറുകയും ചെയ്തതോടെ പ്രാര്‍ഥന പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ ഏതാനും നിമിഷങ്ങള്‍ തേങ്ങിക്കരഞ്ഞു. തുടര്‍ന്ന് കണ്‍ഠമിടറി പ്രാര്‍ഥന പൂര്‍ത്തിയാക്കുകയായിരുന്നു. ഇരു ഹറമുകൾ കൂടാതെ, രാജ്യത്തെ മിക്ക പള്ളികളിലും ജുമുഅ ഖുതുബയിലെ പ്രാര്‍ഥനയില്‍ ഫലസ്തീന്‍ വിഷയം ഉള്‍പ്പെടുത്തിയിരുന്നു.
മസ്ജിദുല്‍ അഖ്‌സയെ മോചിപ്പിക്കണമെന്നും ഫലസ്തീനിലെ സഹോദരങ്ങളെ പിന്തുണക്കണമെന്നും സഹായിയായി അവര്‍ക്കൊപ്പം ഉണ്ടാകണമെന്നും ഇസ്റാഈൽ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരെ വീരമൃത്യുവരിച്ചവരുടെ ഗണത്തില്‍ ഉള്‍പ്പെടുത്തി പ്രതിഫലം നല്‍കണമെന്നും ദുര്‍ബലരോട് കരുണ കാണിക്കണമെന്നും സര്‍വശക്തനോട് ഇമാം ആവര്‍ത്തിച്ച് പ്രാര്‍ഥിച്ചു. ഫലസ്തീനികള്‍ക്കു വേണ്ടിയുള്ള പ്രാര്‍ഥന ഒന്നേമുക്കാല്‍ മിനിറ്റ് സമയം നീണ്ടുനിന്നു.
അതേസമയം, ഫലസ്തീന്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് യു.എന്‍ രക്ഷാ സമിതി പാസാക്കിയ പ്രമേയങ്ങള്‍ നടപ്പാക്കണമെന്ന് സഊദി അറേബ്യ ആവശ്യപ്പെട്ടു. യു.എന്‍ രക്ഷാ സമിതി അസ്ഥിരാംഗമായ അല്‍ബേനിയയുടെ വിദേശ മന്ത്രിയും യൂറോപ്യന്‍ കാര്യ മന്ത്രിയുമായ ഇഗ്‌ലി ഹസനിയുമായി ഫോണില്‍ ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയില്‍ സഊദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനാണ് ഈയാവശ്യമുന്നയിച്ചത്.
ഫലസ്തീന്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് യു.എന്‍ രക്ഷാ സമിതി 1967 ല്‍ പാസാക്കിയ 242-ാം നമ്പര്‍ പ്രമേയം, 1973 ല്‍ പാസാക്കിയ 338-ാം നമ്പര്‍ പ്രമേയം, 2003 ല്‍ പാസാക്കിയ 1515-ാം നമ്പര്‍ പ്രമേയം, 2016 ല്‍ പാസാക്കിയ 2334-ാം നമ്പര്‍ പ്രമേയം എന്നിവ രക്ഷാ സമിതി നടപ്പാക്കണമെന്ന് സഊദി ആവർത്തിച്ചു.
ഗാസ സംഘര്‍ഷത്തിന് അന്ത്യംകാണുന്നതിനെ കുറിച്ച് ഫ്രഞ്ച് വിദേശ മന്ത്രി കാതറീന്‍ കൊളോണ, ഇറ്റാലിയന്‍ ഉപപ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ അന്റോണിയോ ടജാനി എന്നിവരുമായും സഊദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തി. പശ്ചിമേഷ്യയില്‍ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാന്‍ ഏക മാര്‍ഗം ഫലസ്തീന്‍ പ്രശ്‌നത്തിന് നീതിപൂര്‍വകവും സമഗ്രവുമായ പരിഹാരമുണ്ടാക്കലാണെന്നും ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ആവർത്തിച്ചു.
ഏതു രീതിയിലും സാധാരണക്കാരെ ലക്ഷ്യമിടുന്നത് സഊദി അറേബ്യ നിരാകരിക്കുന്നു. സംഘര്‍ഷത്തിലേര്‍പ്പെട്ട എല്ലാ കക്ഷികളും അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ മാനിക്കണം. സ്ഥിതിഗതികള്‍ ശാന്തമാക്കാനും യുദ്ധം നിര്‍ത്താനും അന്താരാഷ്ട്ര തലത്തില്‍ കൂട്ടായ ശ്രമങ്ങള്‍ നടത്തണം. കൂടുതല്‍ സംഘര്‍ഷവും അക്രമവും അകറ്റിനിര്‍ത്തണമെന്നും ഫ്രഞ്ച്, ഇറ്റാലിയന്‍ വിദേശ മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചകളില്‍ സഊദി വിദേശ മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."