അബുദാബിയിലെ യാത്ര ഇനി റെയിൽ-ലെസ് ട്രെയിനുകളിൽ; സമയവും സ്റ്റോപ്പുകളും റൂട്ടും അറിയാം
അബുദാബിയിലെ യാത്ര ഇനി റെയിൽ-ലെസ് ട്രെയിനുകളിൽ; സമയവും സ്റ്റോപ്പുകളും റൂട്ടും അറിയാം
അബുദാബി: രാജ്യ തലസ്ഥാനത്തിന്റെ തലവര തന്നെ മാറ്റി മറിച്ച് കൊണ്ടിരിക്കുകയാണ് പുതുതായി അവതരിപ്പിച്ച റെയിൽ-ലെസ് ട്രെയിനുകൾ. റെയിൽ ആവശ്യമില്ലാതെ പായുന്ന ഈ ട്രെയിനുകളുടെ ആദ്യഘട്ട ഓട്ടം ആരംഭിച്ചു. മൂന്ന് ബോഗികൾ ഉള്ള ആ ട്രെയിനുകൾ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ഐ.ടി.സി) ആണ് പ്രവർത്തിപ്പിക്കുന്നത്. ഓട്ടോമേറ്റഡ് റാപ്പിഡ് ട്രാൻസ്‌പോർട്ട് (എ.ആർ.ടി) എന്ന് വിളിക്കപ്പെടുന്ന ഈ സംവിധാനത്തിൽ ഒരേ സമയം 200 പേർക്ക് യാത്ര ചെയ്യാം.
ഈ സംവിധാനം ഒരു മെട്രോയോ ട്രാമോ ട്രെയിനോ ബസോ ആണോ എന്നാണ് റെയിൽ-ലെസ് ട്രെയിനുകൾ കണ്ടവർ എല്ലാം ഉയർത്തുന്ന സംശയം. എന്നാൽ ഓട്ടോമേറ്റഡ് റാപ്പിഡ് ട്രാൻസ്‌പോർട്ട് സർവീസിനെ റെയിൽ-ലെസ് ബസുകൾ എന്നാണ് ഇതിന്റെ നിർമാതാക്കൾ വിശേഷിപ്പിക്കുന്നത്. എആർടികൾ ബസുകളും ട്രാമുകളും കൂടിചേർന്നുള്ള ഒരു പുതിയ യാത്ര സൗകര്യമാണ്.
ഡ്രൈവറുടെ സഹായത്തോടെയാണ് വാഹനം ഓടുന്നത്. വണ്ടിയുടെ ഇരുവശത്തുമായി ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ട്. നിൽക്കുന്ന യാത്രക്കാർക്ക് സുരക്ഷക്കായി സ്ട്രാപ്പുകളും നൽകിയിട്ടുണ്ട്. നിലവിൽ, ഇത് വെള്ളിയാഴ്ച മുതൽ ഞായർ വരെയാണ് പ്രവർത്തിക്കുന്നത്.
പരീക്ഷണ ഘട്ടമാണ് ഇപ്പോൾ നടക്കുന്നത്. ഈ സമയത്ത് ഇവ 25 സ്റ്റേഷനുകളിലാണ് ആളെ കയറ്റുന്നതും ഇറക്കുന്നതും. ആകെ 27 കിലോമീറ്റർ ദൈർഘ്യമുള്ള റൂട്ടിലാണ് ഇപ്പോൾ പ്രവർത്തനം നടക്കുന്നത്. അൽ റീം മാളിൽ നിന്ന് മറീന മാളിലേക്കാണ് ബസുകൾ ഓടുന്നത്. ഇവ സായിദ് ഫസ്റ്റ് സ്ട്രീറ്റിലൂടെയും അബുദാബി ദ്വീപിലെ കോർണിഷ് സ്ട്രീറ്റിലൂടെയും കടന്നുപോകുന്നു. കോർണിഷ്, ഷെയ്ഖ ഫാത്തിമ പാർക്ക്, ഖാലിദിയ പാർക്ക്, കസർ അൽ ഹോസ്‌ൻ, എൻഎംസി സ്പെഷ്യാലിറ്റി, ലൈഫ്‌ലൈൻ ആശുപത്രികൾ, ഷെയ്ഖ് ഹസ്സ ബിൻ സുൽത്താൻ മസ്ജിദ്, ഗലേരിയ അൽ മരിയ ദ്വീപ്, മറീന സ്ക്വയർ എന്നിവയും സ്റ്റോപ്പുകളിൽ ഉൾപ്പെടുന്നു.
റീം മാളിൽ നിന്നുള്ള ആദ്യത്തെ യാത്ര രാവിലെ 10 മണിക്കും അവസാനത്തെ യാത്ര ഉച്ചയ്ക്ക് 2 മണിക്കും ആണ് ഉള്ളത്. മറീന മാളിൽ നിന്നുള്ള ആദ്യത്തെ യാത്ര രാവിലെ 11നും അവസാനത്തേത് വൈകിട്ട് 3 നുമാണ്.
സ്മാർട്ടായ, പരിസ്ഥിതി സൗഹൃദ പൊതുഗതാഗത സംവിധാനം അബുദാബിയിലെ താമസക്കാർക്കും സന്ദർശകർക്കും ഏറെ ഗുണകരമാകും. ഉപഭോക്താക്കൾക്ക് സുരക്ഷ, സൗകര്യം, ഗുണമേന്മ എന്നിവയുടെ ഉയർന്ന നിലവാരം ഉറപ്പാക്കിക്കൊണ്ട് ഐടിസി ടീമുകൾ വളരെ കാര്യക്ഷമവും സമ്പൂർണ്ണവുമായാണ് ഈ അടിസ്ഥാന സൗകര്യം നിർമ്മിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."