വിമാനത്താവളത്തില്‍ ഐ.എസ് ആക്രമണ ഭീഷണി: എയര്‍ലിഫ്റ്റ് വേഗത്തിലാക്കി യു.എസ്
വാഷിങ്ടണ്‍: കാബൂളില്‍ ഐ.എസ് ഭീകരവാദികളുടെ ആക്രമണമുണ്ടായേക്കാമെന്ന് യു.എസ്. ഈ സാഹചര്യത്തില്‍ യു.എസ് പൗരന്മാര്‍ കാബൂള്‍ വിമാനത്താവളത്തില്‍ എത്തുന്നത് ഒഴിവാക്കണമെന്ന് ജാഗ്രതാനിര്‍ദേശത്തില്‍ പറയുന്നു. അഫ്ഗാനിലെ സ്ഥിതിഗതികള്‍ തങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തിവരികയാണെന്നും സമാന്തര വ്യോമപാതകള്‍ നോക്കുന്നതായും പ്രതിരോധവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇതോടെ, പൗരന്മാരെ രക്ഷപ്പെടുത്തുന്നതിനായി യു.എസ് എയര്‍ലിഫ്റ്റ് ത്വരിതപ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ ഏതു രീതിയിലാണ് രക്ഷപ്പെടുത്തലെന്ന് യു.എസ് വ്യക്തമാക്കിയിട്ടില്ല. 'അമേരിക്കക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ പ്രത്യേക പദ്ധതിയുണ്ട്. സുരക്ഷാ കാരണങ്ങളാല്‍ അതിന്റെ വിശദാംശങ്ങളിലേക്ക് പോകുന്നില്ല'- യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.
നിലവില്‍ ഐ.എസ് പരസ്യമായി ആക്രമണഭീഷണി പുറപ്പെടുവിച്ചിട്ടില്ല. യു.എസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടുമില്ല. ഒരാഴ്ചയായി കാബൂള്‍ വിമാനത്താവളത്തിലേക്കു കയറാന്‍ ആളുകള്‍ തിക്കുംതിരക്കും കൂട്ടുന്നതിനിടെ മരിക്കുന്നവരുടെ എണ്ണം കൂടിവരുന്നതിനിടെയാണ് യു.എസ് മുന്നറിയിപ്പ്.
ഇതിനകം 2,500 യു.എസ് പൗരന്മാരുള്‍പ്പെടെ 17,000 പേരെ കാബൂളില്‍ നിന്ന് യു.എസ് വ്യോമസേനാ വിമാനങ്ങളില്‍ വിവിധ രാജ്യങ്ങളിലേക്കു കൊണ്ടുപോയിട്ടുണ്ട്. നിലവില്‍ യു.എസ് സേനയുടെ നിയന്ത്രണത്തിലാണ് കാബൂള്‍ അന്താരാഷ്ട്രവിമാനത്താവളം. എന്നാല്‍ ഈ മാസം 31ഓടെ യു.എസ് സേന പൂര്‍ണമായി പിന്മാറുമെന്നാണ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചത്. യു.എസ് പൗരന്മാരെ പൂര്‍ണമായി ഒഴിപ്പിക്കുന്നതിന് വേണ്ടിവന്നാല്‍ അതിനു ശേഷവും സേന അവിടെ തുടരുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. 31നകം അഫ്ഗാനിലുള്ള മുഴുവന്‍ വിദേശികളെയും ഒഴിപ്പിക്കുകയെന്നത് അസാധ്യമാണെന്നാണ് യൂറോപ്യന്‍ യൂണിയന്‍ നയമേധാവി ജോസഫ് ബോറല്‍ പറയുന്നത്.
അതിനിടെ ജോ ബൈഡന്റെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് ബ്രിട്ടിഷ് മുന്‍പ്രധാനമന്ത്രി ടോണി ബ്ലെയര്‍ രംഗത്തെത്തി. യു.എസ്-നാറ്റോ സേനയെ അഫ്ഗാനില്‍ നിന്ന് പിന്‍വലിക്കാനുള്ള തീരുമാനം അപകടകരവും അനാവശ്യവുമാണെന്ന് അദ്ദേഹം പറഞ്ഞു. 20 വര്‍ഷം മുമ്പ് ബ്രിട്ടിഷ് സേനയെ അഫ്ഗാനിലേക്ക് അയച്ചത് ടോണി ബ്ലെയര്‍ ഭരണകൂടമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."