സവർക്കറിൻ്റെ ദേശീയത
ക്രിസ്റ്റഫ് ജഫ്‌ലറ്റ്
പൊതുവ്യവഹാരങ്ങളിലും പാഠപുസ്തകങ്ങളിലും ഇന്ത്യയുടെ ഭൂതകാലത്തെ വളച്ചൊടിച്ച് അവതരിപ്പിക്കുന്ന ചരിത്രപരമായ തിരുത്തലുകളുടെ ഘട്ടത്തിലൂടെയാണ് നാം കടന്നുപോവുന്നത്. ഈ പ്രവണതയുടെ ഏറ്റവും വലിയ ഇരയായതാവട്ടെ ജവഹർലാൽ നെഹ്‌റുവുമാണ്. ഒന്നുകിൽ അദ്ദേഹം ചരിത്രത്തിൽനിന്ന് പൂർണമായും മായ്ക്കപ്പെട്ടു. അല്ലെങ്കിൽ സ്വാതന്ത്ര്യ മുന്നേറ്റങ്ങളിലും ആധുനിക ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിലും അദ്ദേഹത്തിനുള്ള പങ്കിനെ തെറ്റിദ്ധാരണകളോടെ അവതരിപ്പിച്ചു. ഇന്ത്യൻ ഗവൺമെന്റ് സ്വദേശത്തും വിദേശത്തും മഹാത്മാഗാന്ധിയെ ഒരു ബിംബമാക്കി ഉപയോഗിക്കുന്നുണ്ടെങ്കിലും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ മുഖ്യശിൽപി എന്ന നിലയിൽ അദ്ദേഹത്തിനുള്ള പ്രാധാന്യവും ഇന്നത്തെ ചരിത്രാഖ്യാനങ്ങൾ തിരസ്‌കരിക്കുകയാണ്. ചരിത്രത്തിൽ പാണ്ഡിത്യമില്ലാത്ത ചരിത്രകാരന്മാർ പറയുന്നത് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് മഹാത്മാഗാന്ധിയുടെ പ്രവർത്തനം കൊണ്ടല്ലെന്നും പകരം സായുധപ്രവർത്തനങ്ങൾ കൊണ്ടാണെന്നുമാണ്. ഇക്കൂട്ടരുടെ അഭിപ്രായത്തിൽ സവർക്കറും ശിഷ്യൻ ഗോഡ്‌സെയുമാണ് യഥാർഥ സ്വാതന്ത്ര്യസമര നായകന്മാർ. ലണ്ടനിൽ ഈയടുത്ത് പ്രദർശിക്കപ്പെട്ട 'ദി ഫാദർ ആന്റ് ദി അസാസിൻ' എന്ന നാടകത്തിലടക്കം വീർ സവർക്കറും അദ്ദേഹത്തിന്റെ ശിഷ്യൻ നാഥുറാം ഗോഡ്‌സെയെയും നായക കഥാപാത്രങ്ങളായാണ് അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ യഥാർഥത്തിൽ ആരായിരുന്നു സവർക്കറും ഗോഡ്‌സെയും എന്നറിയാൻ ധീരേന്ദ്ര കെ. ഝായുടെ 'ഗാന്ധീസ് അസാസിൻ', വിനായക് ഛതുർവേദിയുടെ 'ഹിന്ദുത്വ ആന്റ് വയലൻസ്: വി.ഡി സവർക്കർ ആന്റ് ദി പൊളിറ്റിക്‌സ് ഓഫ് ഹിസ്റ്ററി' തുടങ്ങിയ പുസ്തകങ്ങൾ തന്നെ ധാരാളം. ഈ രാഷ്ട്രീയ കാലഘട്ടം ഉന്നയിക്കുന്ന പല ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്താൻ ഈ പുസ്തകങ്ങൾ വായനക്കാരനെ സഹായിക്കും. ഇത്തരം ചോദ്യങ്ങളിൽ ഏറ്റവും പ്രസക്തമായത് സവർക്കർ എങ്ങനെ ഗാന്ധിയേക്കാളും നെഹ്‌റുവിനേക്കാളും മികച്ച ദേശീയവാദിയാകുന്നു എന്നതാണ്.
വീർ സവർക്കറിനു ദേശീയവാദി പരിവേഷം ലഭിക്കുന്നത് യുവത്വത്തിലെ വിപ്ലവാഭിമുഖ്യത്തെയും തുടർന്ന് 1910ൽ അറസ്റ്റ് വരിച്ചതിനെയും മുൻനിർത്തിയാണ്. 1937 വരെ അന്തമാൻ ജയിലിലായിരുന്ന സവർക്കറുടെ ശ്രദ്ധ വിമോചിതനായതോടെ മുസ്‌ലിംകളിലേക്കു മാറി എന്നു വേണം പറയാൻ. ഹിന്ദു മഹാസഭയുടെ അധ്യക്ഷനായിരിക്കേ നടത്തിയ പ്രസംഗങ്ങളിൽ നിന്ന് ഈ മാറ്റം വ്യക്തമാണ്. 1941 ആയപ്പോഴേക്കും ഇദ്ദേഹത്തിന്റെ സിദ്ധാന്തം 'ഹിന്ദുത്വവത്കൃത രാഷ്ട്രീയം, സായുധരായ ഹൈന്ദവജനത' എന്നതിലേക്കെത്തി. ഈ ആദർശത്തിനായി ബ്രിട്ടിഷ് പിന്തുണയാവാം എന്നതിലേക്കും പുരോഗമിച്ചു. ബ്രിട്ടിഷ് സൈന്യത്തിലേക്ക് ഇന്ത്യൻ പട്ടാളക്കാരെ റിക്രൂട്ട് ചെയ്യുന്ന സാഹചര്യത്തെ ഹൈന്ദവ വംശത്തെ സായുധവത്കരിക്കുന്നതിനുള്ള സുവർണാവസരമായാണ് സവർക്കർ നിരീക്ഷിച്ചത്. ബ്രിട്ടിഷുകാരുമായുള്ള സൈനിക സഹകരണത്തിനു സവർക്കർ പിന്തുണ നൽകിയിരുന്നു. 'മുസ്‌ലിംകൾ അധികാരം കൈയാളുന്ന വിവിധ ഇന്ത്യൻ സൈനിക വിഭാഗങ്ങളിൽ ഹിന്ദുക്കളെ ഒരു സ്ഥിര പ്രബല ശക്തിയായി വളർത്തേണ്ടതുണ്ട്' - സവർക്കർ പറയുന്നു. സവർക്കർ വൈസ്രോയിക്ക് ഉറപ്പു നൽകുന്നതിങ്ങനെയാണ്. 'മുസ്‌ലിംകളിൽ നിന്ന് ബ്രിട്ടിഷുകാർക്ക് ഇതുവരെ യാതൊരു സഹായവും ലഭിച്ചിട്ടില്ല. ഇപ്പോൾ ബ്രിട്ടിഷ് ഗവൺമെന്റിനു ഹിന്ദുക്കളിൽ നിന്ന് ലഭിച്ചതും ഇനി ഭാവിയിൽ ഹൈന്ദവ ഇന്ത്യയിൽ നിന്ന് ലഭിക്കാൻ പോകുന്നതുമായ സഹായത്തോളം വലുതൊന്നും മുസ്‌ലിംകളിൽ നിന്ന് ഇനിയൊട്ടും ലഭിക്കാനും പോകുന്നില്ല'.
ഹിന്ദു സഭക്കാർ ഇന്ത്യ മുഴുവൻ സഞ്ചരിച്ച് യുവാക്കളോട് ബ്രിട്ടിഷ് സൈന്യത്തിൽ ചേരാൻ ആവശ്യപ്പെടുകയും ബ്രിട്ടിഷുകാർ കേന്ദ്ര പ്രവിശ്യകളിലും ബംഗാളിലും ആരംഭിച്ച യുദ്ധ കമ്മിറ്റികൾക്ക് പിന്തുണ നൽകുകയും ചെയ്തു. ഗാന്ധിവധത്തിൽ ഗോഡ്‌സെയുടെ കൂട്ടാളിയായിരുന്ന നാരായൺ ആപ്‌തെ ഇക്കാലയളവിൽ അസിസ്റ്റന്റ് ടെക്‌നികൽ റിക്രൂട്ടിങ് ഓഫിസറായി പ്രവർത്തിക്കുകയും ഈ പദവിയിലിരുന്നുകൊണ്ട് യുദ്ധസേവന പ്രദർശനത്തിൽ പങ്കെടുക്കുകയും ചെയ്തു. സവർക്കറാവട്ടെ പതിനഞ്ചു ഹിന്ദുസഭാ പ്രവർത്തകരെ യുദ്ധ ഉപദേശക സമിതിയിൽ നിയമിക്കാൻ വൈസ്രോയിയോട് ആവശ്യപ്പെടുകയും ചെയ്തു.
വളരെ നിർണായകമായ ഘട്ടത്തിലാണ് ഹിന്ദു മഹാസഭ ബ്രിട്ടിഷുകാർക്ക് പിന്തുണ വർധിപ്പിക്കുന്നത്. വിവിധ പ്രവിശ്യകളിലെ ബ്രിട്ടിഷ് സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥരായിരുന്ന കോൺഗ്രസുകാർ 1939ൽ ജോലിയിൽ നിന്ന് മാറിനിന്നു. രണ്ടാംലോക യുദ്ധത്തിലേക്ക് അനാവശ്യമായി ഇന്ത്യയെ വലിച്ചിഴക്കുന്നതിലുള്ള പ്രതിഷേധമായിരുന്നു അത്. കൂടാതെ, ഈ സമയം മഹാത്മാ ഗാന്ധി ക്വിറ്റ് ഇന്ത്യാ സമരം പ്രഖ്യാപിക്കുന്നതിനായുള്ള തയാറെടുപ്പിലുമായിരുന്നു. സവർക്കറുടെ ജീവചരിത്രകാരനായ ധനഞ്ജയ് ഖീറിന്റെ അഭിപ്രായത്തിൽ സവർക്കർ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിനു എതിരായിരുന്നു. സവർക്കറെ സംബന്ധിച്ച് ഇന്ത്യയുടെ സ്വാതന്ത്ര്യമായിരുന്നില്ല പ്രധാനം. മുസ്‌ലിംകളോട് പോരടിച്ച് കഴിയുന്നത്ര സൈനിക തസ്തികകളിലും മറ്റ് ഉദ്യോഗസ്ഥ വൃന്ദങ്ങളിലും കയറിപ്പറ്റുക എന്നതായിരുന്നു സവർക്കർക്ക് പ്രധാനം. 1943 ഒക്ടോബറിൽ സവർക്കർ ഇത് വ്യക്തമാക്കുന്നുണ്ട്: 'നിയമനിർമ്മാണ സമിതികളിലും മന്ത്രിസഭകളിലും ഉദ്യോഗസ്ഥവൃന്ദങ്ങളിലുമെല്ലാം ആവുന്നത്ര അനുകൂല സ്ഥാനങ്ങൾ പിടിച്ചെടുക്കണമെന്ന് ഞാനെന്റെ സംഘാതൻ സഖാക്കളോട് ഒരിക്കൽ കൂടി അനുശാസിക്കുകയാണ്'. വിവിധ പ്രവിശ്യകളിൽ മുസ്‌ലിം ലീഗ് അടക്കമുള്ള കക്ഷികളോടൊപ്പം ചേർന്ന് കൂട്ടുമന്ത്രിസഭയുണ്ടാക്കാൻ ഹിന്ദു മഹാസഭ ശ്രമിച്ചിട്ടുണ്ട്. ലീഗിനു മേൽക്കൈ ഉള്ള പ്രവിശ്യകളിൽ ഹിന്ദു മഹാസഭക്കാർ കഴിയുന്നത്ര മന്ത്രിസ്ഥാനങ്ങൾ നേടിയെടുക്കണമെന്നും ഹിന്ദു ഭൂരിപക്ഷ പ്രവിശ്യകളിൽ മന്ത്രിസഭയിലേക്ക് ലീഗുകാരെയോ മുസ്‌ലിംകളെയോ ക്ഷണിക്കണമെന്നും സവർക്കർ 1943 ജൂണിൽ അഭിപ്രായപ്പെടുന്നുണ്ട്.
ബ്രിട്ടിഷ് കൂട്ടാളികൾ എന്നാരോപിക്കപ്പെടുന്ന കോൺഗ്രസ് ഇക്കാലയളവിൽ എവിടെയായിരുന്നു? 1942 ഒാഗസ്റ്റ് എട്ടിനു പാർട്ടി ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കിയതോടെ പ്രാദേശിക കോൺഗ്രസ് ഘടകങ്ങളിലെ നിരവധി പ്രവർത്തകർ അറസ്റ്റ് ചെയ്യപ്പെട്ടു. 1945 ജൂൺ വരെ നെഹ്‌റു, സർദാർ പട്ടേൽ, മൗലാനാ ആസാദ് തുടങ്ങിയവർ അഹ്മദ് നഗർ ജയിലിൽ തടവിലായിരുന്നു. കൂടാതെ സവർക്കറിൽനിന്ന് വ്യത്യസ്തമായി ഇവരുടെ ദേശീയതാ നിർവചനം വ്യത്യസ്തമായിരുന്നു. ഇവർ പോരാടിയത് എല്ലാ സമുദായത്തിനും തുല്ല്യ പ്രാധാന്യമുള്ള സ്വതന്ത്ര, ബഹുസ്വര, മതേതര ഇന്ത്യക്കു വേണ്ടിയായിരുന്നു. ഇന്ത്യയിൽ നിന്നു പോകാൻ ബ്രിട്ടിഷുകാരെ പ്രേരിപ്പിക്കുക എന്നതായിരുന്നു മുഖ്യലക്ഷ്യം. ലോകചരിത്രത്തിൽ തന്നെ അപൂർവമായിരുന്ന അഹിംസാ മാർഗം സ്വീകരിച്ചുകൊണ്ടായിരുന്നു ഇതിനു വേണ്ടി പരിശ്രമിച്ചതും ഒടുവിൽ വിജയിച്ചതും. എന്നാൽ ഇതിനു തികച്ചും വിരുദ്ധമായുള്ള വംശീയവും മതാധിഷ്ഠിതവുമായുള്ള രാഷ്ട്രസങ്കൽപ്പമായിരുന്നു സവർക്കറുടേത്. സവർക്കർ 1923ൽ ഔദ്യോഗികമായി തന്നെ രൂപീകരിച്ച ഹിന്ദുത്വാശയത്തോട് കൂറുപലർത്തുന്നതായിരുന്നു ഈ രാഷ്ട്രസങ്കൽപ്പം. ഈ പുണ്യഭൂമിയുടെ സന്താനങ്ങൾ ഹൈന്ദവരാണെന്നും മറ്റു സമുദായങ്ങളെ അതിജീവിച്ചുകൊണ്ട് ഹൈന്ദവർ വരണമെന്നും സവർക്കർ വിശ്വസിച്ചു. അതിനാൽ തന്നെ ഹിന്ദുക്കൾ മുസ്‌ലിംകളെ പ്രതിരോധിക്കണമെന്നും വേണമെങ്കിൽ കായികമായി തന്നെ നേരിടണമെന്നും പ്രഖ്യാപിച്ചു. ഇതിനുവേണ്ടി ബ്രിട്ടിഷുകാരോടു ചേർന്ന് യുദ്ധതന്ത്രം പഠിക്കാനും കഴിയുന്നത്ര അധികാരസ്ഥാനങ്ങൾ പിടിച്ചെടുക്കാനും ആഹ്വാനം ചെയ്തു.
ഇന്നു അരങ്ങേറിക്കൊണ്ടിരിക്കുന്ന ചരിത്രനവീകരണങ്ങളുടെ ഉൾക്കളികൾ പുറത്തുകൊണ്ടുവരുന്നതിന് നടത്തേണ്ടുന്ന ധൈഷണിക ചർച്ചകളിൽ മുകളിൽ പരാമർശിച്ച വാദങ്ങളാണ് മുമ്പിൽ ഇടംപിടിക്കേണ്ടത്. ചരിത്രത്തിൽ ജീവിക്കുന്നത് തീർച്ചയായും മോശം കാര്യമല്ല, പക്ഷേ നാം ജീവിക്കുന്നതിന്റെ ചരിത്രത്തെ അറിയേണ്ടത് പ്രധാനമാണെന്നു മാത്രം.
(ഫ്രഞ്ച് രാഷ്ട്രീയ നിരീക്ഷകനായ ലേഖകൻ ദി ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയത്)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."