സർഗധനനായ ധിക്കാരി രചനകളിലും ജീവിതത്തിലും
പി. ഖാലിദ്
ഇസങ്ങളുടെ ആലഭാരങ്ങളില്ലാതെ മനുഷ്യ ജീവിതത്തിന്റെ ആകുലതകളും ഉൾത്താപങ്ങളും പ്രതിഭയുടെ പ്രസര കാന്തിയോടെ കവിതകളിലും നോവലുകളിലും സന്നിവേശിപ്പിച്ച കവിയും നോവലിസ്റ്റുമായിരുന്നു ടി.പി രാജീവൻ. മലയാളത്തിലും ഇംഗ്ലീഷിലും ഒരേപോലെ എഴുതാൻ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ ടി.പി രാജീവന് ക്ലേശിക്കേണ്ടിവന്നില്ല. തൂലികയിൽ വെടിമരുന്നു നിറച്ചുവച്ച എഴുത്തുകാരൻ എന്ന വിശേഷണത്തിനും രാജീവൻ അർഹനാണ്. അത്രമേൽ വിമർശന ശരങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു അദ്ദേഹത്തിന്റെ ലേഖനങ്ങളും. ഉത്തരാധുനിക കാലത്തെ സർവകലാശാല എന്ന ലേഖനം കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലെ ഇടതുപക്ഷ സംഘടനകളെയും വി.സിയേയും പിടിച്ചുലയ്ക്കുന്നതായി മാറിയത് ചരിത്രം. കാപട്യങ്ങളെ രാജീവൻ നിഗ്രഹിച്ചത് തീയൂതുന്ന അക്ഷരങ്ങളിലൂടെയായിരുന്നു.
മലയാളത്തിൽ എഴുതിയത് ഇംഗ്ലീഷിലേക്കും ഇംഗ്ലീഷിൽ എഴുതിയത് മലയാളത്തിലേക്കും തന്മയത്വത്തോടെ തർജമ ചെയ്യാൻ രാജീവനു കഴിഞ്ഞു. തർജമയിലൂടെ എന്ത് നഷ്ടപ്പെടുന്നുവോ അതാണ് കവിത എന്ന ചൊല്ല് ടി.പി രാജീവന്റെ കവിതകളെ ബാധിച്ചില്ല. ഏതിൽനിന്ന് ഏതിലേക്കാണ് രാജീവൻ കവിതകൾ മാറ്റിപ്പാർപ്പിച്ചുകൊണ്ടിരുന്നതെന്ന് വിവേചിച്ചറിയാൻ പോലും വായനക്കാരന് കഴിയാത്തവിധം വജ്രകാന്തി പ്രസരിപ്പിക്കുന്നതായിരുന്നു കുറുക്കൻ, മത്സ്യം, വെറ്റില ചെല്ലം പോലുള്ള കവിതകൾ. ഗ്രാമീണ സമസ്യകളെ, വിഹ്വലതകളെ, ഉദാരമായ വിശ്വദർശനത്തിലൂടെ ദേശഭേദങ്ങൾ മറികടന്ന് സാർവലൗകിമാക്കാൻ അദ്ദേഹത്തിന്റെ കവിതകൾക്ക് കഴിഞ്ഞു.
പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിൻ്റെ കഥ എന്ന നോവൽ പ്രത്യക്ഷത്തിൽ അപസർപ്പക നോവലിന്റെ പ്രതീതി ജനിപ്പിക്കുമെങ്കിലും വലിയ പ്രതീക്ഷകളോടെ കേരളത്തിൽ അധികാരത്തിൽ വന്ന ഒന്നാം കമ്യൂണിസ്റ്റ് ഭരണകൂടവും പാർട്ടിയും ഭൂവുടമകളോട് സന്ധി ചെയ്യുന്നതിന്റെ രാഷ്ട്രീയമാണ് പ്രസ്തുത കൃതി ചർച്ച ചെയ്യുന്നത്. ഇടതുപക്ഷത്തിനു രാജീവൻ അനഭിമതനായത് അദ്ദേഹത്തിന്റെ വേറിട്ട വഴിയായിരുന്നു. കാലിക്കറ്റ് സർവകലാശാലയിൽ അദ്ദേഹത്തെ തരംതാഴ്ത്താനും ശിക്ഷിക്കുവാനും വരെ ശ്രമങ്ങളുണ്ടായി.
ആധുനിക കവിതകളോട് സർഗാത്മകമായി കലഹിച്ചുകൊണ്ടാണ് രാജീവൻ തന്റെ സർഗദീപ്തി ഉത്തരാധുനിക കവിതകളിൽ അടയാളപ്പെടുത്തിയത്. പിറകെ വന്ന പുതുകവികൾക്ക് ഉത്തരാധുനികതയുടെ വഴിവിളക്കായത് രാജീവന്റെ കുറുക്കൻ, മത്സ്യം, വെറ്റില ചെല്ലം പോലുള്ള ഉത്തരാധുനിക കവിതകളാണ്. കെ.ടി.എൻ കോട്ടൂർ എന്ന രണ്ടാമത്തെ നോവൽ മനുഷ്യന്റെ ആത്യന്തികമായ ഉണ്മയെത്തേടിയുള്ള അന്വേഷണമാണ്. അശാന്ത മനസുകളുടെ അലച്ചിൽ കൂടിയാണ് ആ കൃതി.
സ്വതന്ത്രമായി ചിന്തിക്കുകയും സമൂഹത്തിന്റെ അപഥ സഞ്ചാരങ്ങളെ നിർഭയം എതിർക്കുകയും ചെയ്യുന്നവർ ഒറ്റപ്പെടുമെന്ന സന്ദേശമാണ് രാജീവന്റെ മൊത്തം രചനകളും നൽകുന്നത്. അദ്ദേഹത്തിന്റെ ജീവിതവും ഈ സന്ദേശം തന്നെയായിരുന്നു. മനുഷ്യരുടെ ഒറ്റപ്പെടലിന്റെ ചോരപ്പാടുകളും തിണർപ്പുകളുമാണ് സൃഷ്ടികളിലത്രയും നിറഞ്ഞുനിന്നത്.
എഴുത്തുകളിലൂടെ മാത്രമല്ല സാമൂഹികവും സാംസ്‌കാരികവുമായ ഇടങ്ങളിലും ജീർണതകൾക്കെതിരേയും രാജീവൻ കലഹിച്ചു. മലയാളിയുടെ ഹിപ്പോക്രസിയെ രാജീവനോളം വിമർശിച്ച മറ്റൊരു എഴുത്തുകാരൻ ഉണ്ടാവില്ല. ഇൗ ധീരത ഒരേസമയം സമാനതകളില്ലാത്തതും അദ്ദേഹത്തെ ഒറ്റപ്പെടുത്തുന്നതുമാക്കി. എന്നിട്ടും നിലപാടുകളിൽ ഉറച്ചുനിന്നു. രാഷ്ട്രീയപാർട്ടികളുടെ ഇരട്ടത്താപ്പാണ് കേരളീയ സമൂഹത്തെയും അത്തരമൊരു പതനത്തിൽ എത്തിച്ചതെന്ന് അദ്ദേഹം നിരീക്ഷിച്ചു.
കുടിവെള്ള സ്രോതസുകളിൽ മണ്ണിട്ട് നികത്തുകയും കുടിവെള്ളത്തിന്റെ ആവശ്യകതയെക്കുറിച്ച് പ്രസംഗിക്കുകയും ചെയ്യുന്ന ഭരണാധികാരികളുടെ കാപട്യം മലയാളിയേയും ബാധിച്ചു എന്നത് അദ്ദേഹത്തിന്റെ നിരീക്ഷണമായിരുന്നു. ഒന്നിന്റേയും ആത്മാവിനെ സ്വാംശീകരിക്കാൻ മലയാളിക്ക് കഴിയുന്നില്ലെന്നും ദ്വിമുഖമാണ് സമൂഹത്തിനുള്ളതെന്നും അദ്ദേഹത്തിന്റെ ദർശനമായി മാറി. രാജീവന്റെ അന്ത്യത്തോടെ എഴുത്തിലും ചിന്തയിലും ജീവിതത്തിലും സ്വന്തം നിലപാട് നിർഭയമായി ഉറക്കെ പറഞ്ഞ സർഗധനനായ ധിക്കാരിയാണ് മറഞ്ഞുപോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."