വരൂ, നമുക്ക്ഇരയെ വേട്ടക്കാരനാക്കാം
സി.വി ശ്രീജിത്ത്
അവരുടെ മണ്ണ് മാഞ്ഞുപോവുകയാണ്. ഉറ്റവരും ഉടയവരും മണ്ണ് പുതച്ചു കിടപ്പാണ്. പിറന്നമണ്ണില്‍ അഭയാര്‍ഥികളായി, ആട്ടിയോടിക്കപ്പെടാന്‍ വിധിക്കപ്പെട്ടവരാണ് അവര്‍, ഫലസ്തീനികള്‍. പക്ഷേ അവരോടല്ല ലോകം ഐക്യപ്പെടുന്നത്. അവിടെ അധീശത്വം സ്ഥാപിക്കുന്ന സയണിസ്റ്റ് ഭീകരതയോടാണ് ഇന്ന് എല്ലാവര്‍ക്കും അനുതാപം. കാരണം, പുതിയ ലോകക്രമം അങ്ങനെയാണ്. അവിടെ കരുത്തനൊപ്പമാണ് കാലം. സത്യത്തിനും നീതിക്കും ചരിത്രയാഥാര്‍ഥ്യത്തിനും തെല്ലും വിലയില്ലാത്ത ലോകത്ത് അനുദിനം ഇല്ലാതായിത്തീരാന്‍ വിധിക്കപ്പെട്ട ഫലസ്തീനികളോട് അനുഭാവം പ്രകടിപ്പിക്കാന്‍ അധികമാളുണ്ടാവില്ല.
വംശവെറിയിലൂന്നിയ പ്രത്യയശാസ്ത്രവുമായി ഒരു ജനതയെ ഉന്മൂലനം ചെയ്യാനൊരുമ്പെട്ട്, മുക്കാല്‍ നൂറ്റാണ്ടായി ഇസ്റാഇൗൽ നടത്തുന്ന കൊടിയ ക്രൂരതകളോട് അരുതെന്ന് പറയാന്‍ ലോകത്തിലെ വന്‍ ശക്തികള്‍ക്കൊന്നും കഴിയുന്നില്ല. ശനിയാഴ്ച തുടക്കമിട്ട ഹമാസിന്റെ ആക്രമണത്തോടെ ലോകം മുഴുക്കെ ഇസ്റാഈലിന് പിന്തുണയുമായി പാഞ്ഞെത്തി. ഹമാസിന്റെ ആക്രമണത്തിനുമുമ്പ് രാജ്യവും ലോകവും ഉണ്ടായിരുന്നു എന്ന ധാരണപോലും പലര്‍ക്കും ഇല്ലാതെപോയി.
രാഷ്ട്രനേതാക്കളും വലതുപക്ഷ മാധ്യമങ്ങളും വിദ്വേഷ പ്രചാരകരായ സമൂഹമാധ്യമ കൂട്ടങ്ങളും പിന്നെ ചില നിഷ്പക്ഷ മാന്യവേഷധാരികളും ഉറക്കത്തില്‍നിന്ന് ചാടിയെഴുന്നേറ്റ് ഇസ്റാഈലിന് പിന്തുണ പ്രഖ്യാപിക്കുന്ന കോലാഹലത്തിനാണ് കഴിഞ്ഞ ദിവസങ്ങള്‍ സാക്ഷിയായത്. അവരിലാരുംതന്നെ കുറേ നാളുകളായി, അതിനുമപ്പുറം വര്‍ഷങ്ങളായി, മുക്കാല്‍ നൂറ്റാണ്ടായി ഇസ്റാഇൗല്‍ എന്ന രാജ്യവും ഭരണകൂടവും സയണിസ്റ്റ് പ്രത്യയശാസ്ത്രവും ഫലസ്തീനെന്ന രാജ്യത്തോട് ചെയ്ത സമാനതകളില്ലാത്ത ക്രൂരതകളും നീതിനിഷേധങ്ങളും മനപ്പൂര്‍വം വിസ്മരിച്ചു.
അത് കേവല പ്രതിഷേധമോ പ്രതികരണോ അല്ല. മറിച്ച് ഒരു മതത്തോടുള്ള വെറികൂടിയാണ്.ലോകം കാണാത്തതോ അറിയാത്തതോ അല്ല ഇസ്റാഈല്‍ അധിനിവേശവും ആക്രമണങ്ങളും. ഇക്കാലയളവിനുള്ളില്‍ ഇസ്റാഈല്‍ കൊന്നുതള്ളിയ ഫലസ്തീനികളുടെ എണ്ണം ലക്ഷങ്ങളാണ്. അതില്‍ പിറന്നുവീണ കുഞ്ഞും വയോധികരുമുണ്ട്. കുട്ടികളെയും സ്ത്രീകളെയും പിടിച്ചുകൊണ്ടുപോകുന്നതും കൊന്നുതള്ളുന്നതും പതിവായി മാറിയിട്ടും ലോകം അനങ്ങിയില്ല.
2010നുശേഷം വ്യക്തമായ ലക്ഷ്യത്തോടെയാണ് ഇസ്റാഈല്‍ ഫലസ്തീനെതിരേ നീങ്ങിയത്. അവസരം ലഭിക്കുമ്പോഴെല്ലാം ഫലസ്തീന്‍ മണ്ണ് സ്വന്തമാക്കാനും ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള ജൂതമതക്കാരെ അവിടേക്ക് താമസിപ്പിക്കാനുമാണ് ഇസ്റാഈല്‍ ശ്രമിച്ചത്. ഇതിനെ ചെറുക്കാന്‍ ഫലസ്തീനിലെ സംഘടനകളോ ഗ്രൂപ്പുകളോ ശ്രമിച്ചാല്‍ അത് തീവ്രവാദമാക്കി ചിത്രീകരിക്കാനും അന്താരാഷ്ട്രതലങ്ങളില്‍ ഭംഗിയായി അവതരിപ്പിക്കാനും ഇസ്റാഈല്‍ ശ്രദ്ധിച്ചുപോന്നു.
അന്താരാഷ്ട്രതലങ്ങളില്‍ തീവ്രവാദവിരുദ്ധ വികാരം ഉണര്‍ത്തിയ ശേഷം ഇഷ്ടംപോലെ ഫലസ്തീനികളെ കൊന്നൊടുക്കാനുള്ള ലൈസന്‍സായിരുന്നു അത്. 2014 ആവുമ്പോഴേക്കും ഇസ്റാഈല്‍ തങ്ങളുടെ ലക്ഷ്യം കുറേക്കൂടി വ്യാപിപ്പിച്ചു. ഗസ്സയിലും വെസ്റ്റ് ബാങ്കിലെ ചില ഭാഗങ്ങളിലുമായി ചുരുങ്ങിവരുന്ന ഫലസ്തീനികളെ കൂടുതല്‍ ദുര്‍ബലമാക്കി ആട്ടിയോടിക്കാനാണ് അവര്‍ കണക്കുകൂട്ടിയത്. 2014 ഓഗസ്റ്റില്‍ അവസാനിച്ച യുദ്ധത്തില്‍ 2,251 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. പ്രത്യാക്രമണത്തില്‍ 73 ഇസ്റാഈലികളും കൊല്ലപ്പെട്ടു.
എന്നാല്‍ അന്നും ലോകനേതാക്കള്‍ അനുഭാവം കാട്ടിയത് ഇസ്റാഈലിനോടാണ്. 2021ല്‍ 11 ദിവസം നീണ്ടുനിന്ന യുദ്ധത്തില്‍ 266 ഫലസ്തീന്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. അപ്പോഴും 'സമാധാനവാദികളായ' ലോക നേതാക്കള്‍ ഇസ്റാഈലിനൊപ്പം നിന്നു.
2022 ഓഗസ്റ്റില്‍ നടന്ന ഇസ്റാഈല്‍ കടന്നാക്രമണവും ലോകം മറന്നിട്ടില്ല. മൂന്നുദിവസം നീണ്ടുനിന്ന വ്യോമാക്രമണത്തില്‍ 48 പേരാണ് അന്ന് കൊല്ലപ്പെട്ടത്. ഇതിലും 16 കുട്ടികളുണ്ടായിരുന്നു. വെള്ള പുതച്ച കുഞ്ഞുമക്കളുടെ മയ്യിത്തുമായി സ്ത്രീകളും കുട്ടികളും ഗസ്സ തെരുവിലൂടെ നടത്തിയ കണ്ണീര്‍പ്രയാണം ആരും മറന്നുകാണില്ല. പക്ഷേ ലോകം അവിടെയും കൗശലപൂര്‍വ മൗനത്തിലാണ്ടു.
ഏറ്റവും ഒടുവില്‍ ഈ വര്‍ഷം ജൂലൈ 3, 4 തീയതികളില്‍ ജെനിന്‍ അഭയാര്‍ഥി ക്യാംപിനു നേരെ ഇസ്റാഈല്‍ നടത്തിയ നരമേധം മനുഷ്യമനസ്സാക്ഷിക്ക് ഒരിക്കലും ഉള്‍ക്കൊള്ളാനാകാത്തതാണ്. അഭയാര്‍ഥി ക്യാംപുകളിലേക്ക് ഇരച്ചെത്തിയ ഇസ്റാഈല്‍ പട്ടാളക്കാര്‍ തുരുതുരാ വെടിയുതിര്‍ത്തു. ഉറ്റവരും ഉടയവരും നാടും വീടും നഷ്ടപ്പെട്ട് അഭയാര്‍ഥി ക്യാംപില്‍ തലചായ്ക്കാനെത്തിയ അഞ്ചു കുട്ടികളടക്കം 12 ഫലസ്തീനികളെ സൈന്യം കൊലപ്പെടുത്തി. 2002ല്‍ ജെനിന്‍ ക്യാംപ് ഇസ്റാഈല്‍ തകര്‍ത്തതിനുശേഷം വെസ്റ്റ്ബാങ്കില്‍ നടന്ന ഏറ്റവും ഭീകരമായ ആക്രമണമാണ് ഇതെന്ന് യു.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
2023 ജൂലൈ 5ന് യു.എന്‍ പുറത്തിറക്കിയ വിദഗ്ധ റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെ- വെസ്റ്റ് ബാങ്കിലെ ഇസ്റാഈല്‍ സേനയുടെ പ്രവര്‍ത്തനങ്ങള്‍, അധിനിവേശ ജനതയെ കൊല്ലുകയും ഗുരുതരമായി പരുക്കേല്‍പ്പിക്കുകയും, അവരുടെ വീടുകളും അടിസ്ഥാന സൗകര്യങ്ങളും നശിപ്പിക്കുകയും ആയിരക്കണക്കിന് ആളുകളെ ഏകപക്ഷീയമായി മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്യുന്നതാണ്. അന്താരാഷ്ട്ര നിയമങ്ങളുടെയും ബലപ്രയോഗത്തിന്റെ മാനദണ്ഡങ്ങളുടെയും കടുത്ത ലംഘനങ്ങള്‍ക്ക് തുല്യമാണ്,
ഇത് യുദ്ധക്കുറ്റമായി മാറിയേക്കാം. ഐക്യരാഷ്ട്ര സഭയുടെ വിദഗ്ധ പാനല്‍ ഫലസ്തീനിലെത്തി നേരില്‍ കണ്ട് റിപ്പോര്‍ട്ട് ചെയ്തതാണിത്. എന്നിട്ടും ലോകം ഇസ്റാഈലിനു നേരെ കണ്ണടച്ചു.അഭയാര്‍ഥി ക്യാംപ് ലക്ഷ്യമിട്ട് ഇസ്റാഈല്‍ നടത്തിയ മാരക വ്യോമാക്രമണത്തെത്തുടര്‍ന്ന് ജൂലൈ 3, 4 ദിവസങ്ങളില്‍ ജെനിന്‍ അഭയാര്‍ഥി ക്യാംപില്‍നിന്ന് 4,000 ഫലസ്തീനികള്‍ ഒറ്റരാത്രികൊണ്ട് പലായനം ചെയ്യേണ്ടി വന്നു. വ്യോമാക്രമണത്തില്‍ പരുക്കേറ്റവരെ ആംബുലന്‍സുകളില്‍ കൊണ്ടുപോകാന്‍പോലും ഇസ്റാഈല്‍ സമ്മതിച്ചില്ല. ഇത്തരം കൊടിയ ക്രൂരതകള്‍ യുദ്ധക്കുറ്റമാണെന്നും അന്താരാഷ്ട്ര നിയമപ്രകാരം യാതൊരു വിധ ന്യായീകരണത്തിനും അര്‍ഹതയില്ലെന്നും യു.എന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും ചെറുവിരലനക്കാന്‍ കിഴക്കും പടിഞ്ഞാറുമുള്ളവര്‍ക്ക് കഴിഞ്ഞില്ല.
അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ പ്രതിക്കൂട്ടില്‍ കയറ്റിനിര്‍ത്തി വിചാരണ ചെയ്യേണ്ടുന്ന നിരവധി കുറ്റങ്ങള്‍ കഴിഞ്ഞ മുക്കാല്‍ നൂറ്റാണ്ടിനിടയ്ക്ക് സയണിസ്റ്റ് ഭീകരത ഫലസ്തീനുമേല്‍ നടത്തിയിട്ടുണ്ട്. മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യല്‍, അതിര്‍ത്തി കടന്ന് അധിനിവേശം ഉറപ്പിക്കല്‍, അയല്‍രാജ്യത്തെ മണ്ണില്‍ ഒരു നിയമവ്യവസ്ഥയും മര്യാദകളും പാലിക്കാതെ തങ്ങളുടെ പൗരന്‍മാരെ കുടിയിരുത്തല്‍, അയല്‍രാജ്യത്തെ ജനങ്ങളുടെ സഞ്ചാരത്തെയും മറ്റ് അവകാശങ്ങളെയും തടയല്‍,
സായുധ സേനയെ ഉപയോഗിച്ച് മറ്റൊരു രാജ്യത്തിന്റെ ഭരണ-സിവില്‍ നിയമ കാര്യങ്ങളില്‍ ഇടപെടല്‍, ആശുപത്രികള്‍ക്കും അഭയാര്‍ഥി ക്യാംപുകള്‍ക്കും നേരെ ആക്രമണം നടത്തല്‍, ജനവാസ മേഖലകളില്‍ മുന്നറിയിപ്പില്ലാതെ ബേംബ് വര്‍ഷിക്കല്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത, ജീവിക്കുന്ന തെളിവുകള്‍ സാക്ഷ്യപ്പെടുത്തുന്ന യുദ്ധക്കുറ്റങ്ങളും അന്താരാഷ്ട്ര മര്യാദാലംഘനങ്ങളും ഇസ്റാഈല്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ അതൊന്നും ആരുടെയും ഉറക്കം കെടുത്തുന്നില്ല എന്നതാണ് സമീപ ദിവസങ്ങളിലെ രാജ്യ-രാജ്യാന്തര പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.
മാരകശേഷിയുള്ള വെളുത്ത ഫോസ്ഫറസ് ഉപയോഗിക്കുന്ന ബോംബുകള്‍ ഗസ്സയുടെ ജനവാസ കേന്ദ്രങ്ങളില്‍ തുടരെ പതിച്ചാലും പോയിന്റ് ബ്ലാങ്കില്‍ ആറും എട്ടും വയസുള്ള കുട്ടികളെ ചിതറിത്തെറിപ്പിച്ചാലും ഇസ്റാഈലാണ് ശരിയെന്ന് പറയുന്നവരാണ് നമുക്ക് ചുറ്റും. അവരുടെ നാക്കിലും ചിന്തയിലും വരുന്നത് ഫലസ്തീനികളാണ് വേട്ടക്കാരെന്ന പല്ലവിമാത്രമാണ്.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."