ജോഡോ യാത്ര ഹിന്ദി ഹൃദയഭൂമിയിലേക്ക്; വന്‍ വിജയമായി ദക്ഷിണേന്ത്യന്‍ പദയാത്ര
അഹ്മദാബാദ്: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര രണ്ടു ദിവസത്തിനകം ഹിന്ദി ഹൃദയഭൂമിയിലേക്ക് കടക്കും. രണ്ട് മാസത്തോളമായി തുടരുന്ന ദക്ഷിണേന്ത്യന്‍ പദയാത്ര വന്‍ വിജയമായതിന്റെ പുത്തനുണര്‍വുമായാണ് മഹാരാഷ്ട്രയിലേക്ക് കടക്കുന്നത്. നവംബര്‍ ഏഴിന് യാത്ര മഹാരാഷ്ട്രയില്‍ പ്രവേശിക്കും. 14 ദിവസം സംസ്ഥാനത്തിന്റെ നഗര-ഗ്രാമങ്ങളിലൂടെ രാഹുല്‍ സഞ്ചരിക്കും.
കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഭാരത് ജോഡോ യാത്രക്ക് മികച്ച സ്വീകരണമാണ് ലഭിച്ചത്. തെലങ്കാനയില്‍ 19 നിയമസഭാ മണ്ഡലങ്ങളും ഏഴ് ലോക്‌സഭാ മണ്ഡലങ്ങളും പിന്നിട്ട് 375 കിലോമീറ്ററാണ് പദയാത്ര. ഇന്ന് വിശ്രമദിനമാണ്. തെലങ്കാനയിലെ പദയാത്ര പൂര്‍ത്തിയാക്കിയാണ് മഹാരാഷ്ട്രയിലേക്ക് കടക്കുന്നത്.
മഹാരാഷ്ട്രയില്‍ എന്‍.സിപിയും ശിവസേന ഉദ്ദവ് പക്ഷവും യാത്രയില്‍ പങ്കുചേരും. എന്‍.സി.പി നേതാവ് ശരത് പവാര്‍, ശിവസേന നേതാവ് ഉദ്ദവ് താക്കറെ എന്നിവര്‍ യാത്രയില്‍ അണിചേരുന്നുണ്ട്. നവംബര്‍ എട്ട് ചൊവ്വാഴ്ചയാണ് പവാര്‍ പിന്തുണയുമായി നേരിട്ടെത്തുന്നത്. ഉദ്ദവ് താക്കറെ പങ്കെടുക്കുന്ന തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരേ യോജിച്ച് മുന്നേറാനുള്ള തുടക്കമായിരിക്കും യാത്രയെന്ന് വിലയിരുത്തപ്പെടുന്നു.
382 കിലോമീറ്ററാണ് മഹാരാഷ്ട്രയിലെ പദയാത്ര. നന്ദേഡ് ഉള്‍പ്പെടെ രണ്ടിടങ്ങളില്‍ ബഹുജന റാലിയും നിശ്ചയിച്ചിട്ടുണ്ട്. നന്ദേഡ് ജില്ലയില്‍ അഞ്ച് ദിവസത്തിനിടെ 106 കിലോമീറ്ററാണ് രാഹുല്‍ നടക്കുന്നത്. മുന്‍ മുഖ്യമന്ത്രി അശോക് ചവാന്റെ ശക്തികേന്ദ്രമാണിത്. ഹിങ്കോളി ജില്ലയില്‍ 91 കിലോ മീറ്ററും വാഷിം ജില്ലയില്‍ 54 കിലോ മീറ്ററും അകോല ജില്ലയില്‍ 59 കിലോ മീറ്ററും ബുല്‍ധാന്‍ ജില്ലയില്‍ 71 കിലോ മീറ്ററുമാണ് പദയാത്ര. സംസ്ഥാനത്തെ 15 നിയമസഭാ മണ്ഡലങ്ങളിലൂടെ യാത്ര കടന്നുപോകും.
കര്‍ഷകര്‍, യുവാക്കള്‍, സ്ത്രീകള്‍, വിദ്യാര്‍ത്ഥികളടക്കം വഴിയോരങ്ങളില്‍ തനിക്കായി കാത്തുനില്‍ക്കുന്നവരെ അഭിവാദ്യം ചെയ്തും ആശ്ലേഷിച്ചും ആശയവിനിമയം നടത്തിയുമാണ് യാത്ര മുന്നേറുന്നത്. ജനപഥങ്ങള്‍ താണ്ടി മുന്നേറുന്ന പദയാത്ര ലക്ഷ്യത്തിലേക്ക് നീങ്ങുമ്പോള്‍ പൊതുജനങ്ങളില്‍ നിന്നും വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."