കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍; തുടക്കം ഉച്ചയ്ക്ക് 2ന്
അഹമ്മദാബാദ്: അഹമ്മദാബാദിലെ 1,32,000ത്തിലധികം വരുന്ന കാണികള്‍ മാത്രമല്ല, ലോകത്തിലെ ഓരോ കോണിലും താമസിക്കുന്ന ക്രിക്കറ്റ് പ്രേമികള്‍ പോലും ഇന്ന് ആവേശത്തിലാണ്. ലോകകപ്പിലെ എല്‍ ക്ലാസിക്കോ എന്ന് വിളിപ്പേരുള്ള ഇന്ത്യയും പാകിസ്താനും മുഖാമുഖമെത്തുന്നുവെന്നതു തന്നെ കാര്യം. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായ അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്ത് ഉച്ചയ്ക്ക് രണ്ടു മുതലാണ് ഗ്ലാമര്‍ പോര്. പരിപൂര്‍ണ സുരക്ഷാ സംവിധാനങ്ങളോടെയാണ് രാജ്യം ഈ മത്സരത്തെ ഉറ്റുനോക്കുന്നത്. സൂപ്പര്‍ താരങ്ങളായ അമിതാഭ് ബച്ചനും രജനീകാന്തും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും മത്സരം കാണാനെത്തും. പാകിസ്താനില്‍ നിന്ന് ക്രിക്കറ്റ് ബോര്‍ഡിലെ പ്രമുഖരും 25ഓളം മാധ്യമ പ്രവര്‍ത്തകരും മത്സരത്തിനെത്തുമെന്നാണ് വിവരം.
ഇരുടീമും ലോകകപ്പില്‍ കളിച്ച രണ്ട് മത്സരങ്ങളിലും വെന്നിക്കൊടി നാട്ടിയാണ് സൂപ്പര്‍ പോരിന് ഇറങ്ങുന്നത്. ചെന്നൈയില്‍ ആസ്‌ത്രേലിയക്കെതിരേ അവിസ്മരണീയ ജയവും ഡല്‍ഹിയില്‍ അഫ്ഗാനിസ്താനെതിരേ ആധികാരിക ജയവും നേടിയ ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. അതേസമയം, നെതര്‍ലന്‍ഡ്‌സിനെതിരേ 81 റണ്‍സിനും ശ്രീലങ്ക ഉയര്‍ത്തിയ റെക്കോഡ് സ്‌കോറും മറികടന്നാണ് പാകിസ്താന്റെ വരവ്. ഏകദിന ലോകകപ്പില്‍ ഇന്ത്യ പാകിസ്താനോട് ഇതുവരെ തോല്‍വി രുചിച്ചിട്ടില്ലെന്നത് അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. ഏഴു മത്സരങ്ങളില്‍ ഇറങ്ങിയപ്പോള്‍ ഏഴിലും ജയം ഇന്ത്യക്കൊപ്പം നിന്നു.
അഞ്ചു തവണ ചാംപ്യന്‍മാരായ ആസ്‌ത്രേലിയയെ പരാജയപ്പെടുത്തിയ ഇന്ത്യ താരനിബിഡമാല്‍ സമൃദ്ധമാണ്. നിലവില്‍ മികച്ച രീതിയില്‍ ബാറ്റേന്തുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും വിരാട് കോഹ്‌ലിക്കും കെ.എല്‍ രാഹുലിനും ഒപ്പം സമീപ കാലത്തെ മികച്ച താരമായ ശുഭ്മാന്‍ ഗില്‍ കൂടി വരുന്നതോടെ ഇന്ത്യന്‍ ബാറ്റിങ് നിര സുസജ്ജം. കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും പന്ത് കൊണ്ട് എതിരാളികളെ കറക്കിവീഴ്ത്തുന്നതും ഇന്ത്യന്‍ ടീമിന് ആശ്വാസം പകരുന്നു. ജസ്പ്രിത് ബുംറയും മികച്ച ഫോമിലാണെങ്കിലും രണ്ട് മത്സരങ്ങളിലും ഇന്ത്യ പ്രതീക്ഷയര്‍പ്പിച്ച മുഹമ്മദ് സിറാജില്‍ നിന്നുള്ള തിരിച്ചടി രാജ്യം ഭയക്കുന്നുണ്ട്. അഹമ്മദാബാദ് പിച്ച് പേസര്‍മാരെ തുണയ്ക്കുന്നതിനാല്‍ ബുംറസിറാജ്ഷമി ത്രയത്തെ ഇറക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സാഹചര്യത്തിനനുസരിച്ച് മൈതാനം സ്പിന്നിന് അനുകൂലമാവുകയാണെങ്കില്‍ കുല്‍ദീപ് അശ്വിന്‍ ജഡേജ ത്രയം ഇറങ്ങില്ലെന്ന പ്രസ്താവന ക്യാപ്റ്റന്‍ രോഹിത് തള്ളിക്കളയുന്നില്ല.
മുഹമ്മദ് റിസ്‌വാന്റെയും അബ്ദുല്ല ഷഫീഖിന്റെയും ചിറകിലേറിയാണ് പാകിസ്താന്‍ ഉയര്‍ന്നു പറക്കുന്നത്. ഈയിടെയായി പാക് ദേശീയ ക്രിക്കറ്റ് ടീമിലേക്ക് വിളിയെത്തിയ സഊദ് ഷക്കീലിന്റെ ബാറ്റിങ്ങിലും പാകിസ്താന്‍ സംതൃപ്തരാണ്. ഈ ലോകകപ്പിലെങ്കിലും തന്റെ പ്രതാപ കാലത്തേക്ക് തിരികെയെത്തുമെന്ന് കരുതിയ ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ ഫോമില്ലായ്മയില്‍ ടീം ഇപ്പോഴും വലയുകയാണ്. ബൗളിങ്ങില്‍ സൂപ്പര്‍ താരം ഷഹീന്‍ ഷാ അഫ്രീദി നിരാശപ്പെടുത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."