വിജിലന്‍സ് പിടിച്ചെടുത്ത പണം കെ.എം ഷാജിക്ക് തിരികെ കിട്ടില്ല; പണം തിരികെ നല്‍കേണ്ടതില്ലെന്ന് കോടതി
കോഴിക്കോട്: കണ്ണൂരിലെ വീട്ടില്‍നിന്ന് വിജിലന്‍സ് പിടികൂടിയ പണം കെ.എം ഷാജിക്ക് തിരികെ കിട്ടില്ല. പിടിച്ചെടുത്ത പണം തിരികെ നല്‍കേണ്ടതില്ലെന്ന് കോഴിക്കോട് വിജിലന്‍സ് കോടതി ഉത്തരവ്. പണത്തിന്റെ രേഖ ഹാജരാക്കാന്‍ ഷാജിക്ക് കഴിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
വിജിലന്‍സ് പിടിച്ചെടുത്ത പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി കോടതിയെ സമീപിച്ചിരുന്നു. വിജിലന്‍സ് പിടിച്ചെടുത്ത അരക്കോടിയോളം രൂപ തിരികെ വേണമെന്ന് ആവശ്യപ്പെട്ടാണ് ഷാജി കോഴിക്കോട് വിജിലന്‍സ് കോടതിയെ സമീപിച്ചത്. എന്നാല്‍, പണം തിരികെ നല്‍കുന്നത് കേസിനെ ബാധിക്കുമെന്ന് കോടതിയെ വിജിലന്‍സ് അറിയിച്ചു.
അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ വര്‍ഷം കെ.എം. ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത്. 47,35,500 ലക്ഷം രൂപയാണ് കണ്ണൂരിലെ വീട്ടില്‍നിന്ന് പിടിച്ചെടുത്തത്. അഡ്വ. എം.ആര് ഹരീഷ് എന്ന വ്യക്തി നല്കിയ പരാതിയെ തുടര്‍ന്നാണ് കെ.എം ഷാജിക്കെതിരെ വിജിലന്‍സിന്റെ സ്പെഷ്യല്‍ യൂണിറ്റ് അന്വേഷണം നടത്തിയത്.
2013ല്‍ അഴീക്കോട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് ഷാജിക്കെതിരായ കേസ്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കെ.എം. ഷാജിക്ക് വരവില്‍ക്കവിഞ്ഞ സ്വത്ത് ഉള്ളതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."