അഫ്ഗാന്‍ ചര്‍ച്ച ചെയ്യാന്‍ ജി7 രാജ്യങ്ങള്‍ ഇന്ന് യോഗം ചേരും
കാബൂള്‍: അഫ്ഗാന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ജി7 രാജ്യങ്ങള്‍ ഇന്ന് യോഗം ചേരും. സേനാ പിന്മാറ്റം ആഗസ്റ്റ് 31ന് അപ്പുറത്തേക്കു നീട്ടുന്നത് അടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും.
അഫ്ഗാനില്‍നിന്നുള്ള രക്ഷാദൗത്യം സുഗമമാക്കുന്നതിനും താലിബാനോടുള്ള നിലപാട് രൂപീകരിക്കുന്നതിനുമാണ് ജി7 രാജ്യങ്ങള്‍ ഇന്ന് യോഗം വിളിച്ചത്. വെര്‍ച്വലായാണ് യോഗം നടക്കുക. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആണ് നിലവില്‍ ജി-7 ഗ്രൂപ്പിന്റെ അധ്യക്ഷന്‍. അമേരിക്ക, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, ജപ്പാന്‍, കാനഡ എന്നിവരാണ് മറ്റു അംഗരാജ്യങ്ങള്‍.
വിദേശ സേനകളുടെ പിന്‍മാറ്റം നീണ്ടാല്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് അമേരിക്കക്ക് താലിബാന്റെ മുന്നറിയിപ്പ്. ആഗസ്റ്റ് 31ന് ശേഷം വിദേശ സൈന്യം അഫ്ഗാനില്‍ തുടരരുതെന്നാണ് താലിബാന്‍ പറഞ്ഞിരിക്കുന്നത്.
അതേസമയം, അഫ്ഗാനില്‍ നിന്ന് പുറത്തുകടക്കാന്‍ താല്‍പര്യമുള്ള എല്ലാവരും രക്ഷപ്പെടുന്നത് വരെ യുഎസ് സൈന്യം അഫ്ഗാനില്‍ തുടരാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി യോഗത്തില്‍ ആവശ്യപ്പെടും എന്നാണ് സൂചന.
ജി-7 രാജ്യങ്ങള്‍ ആവശ്യപ്പെട്ടാല്‍ കൂടുതല്‍ ദിവസങ്ങള്‍ യു.എസ് സൈന്യം അഫ്ഗാനില്‍ തുടരുന്ന കാര്യം പരിഗണിക്കുമെന്ന് നേരത്തെ യുഎസ് പ്രസഡന്റ് ജോ ബൈഡന്‍ അറിയിച്ചിരുന്നു. താലിബാന്റെ ഭീഷണി ജി7 രാജ്യങ്ങള്‍ എങ്ങനെ കാണുന്നു എന്നതിന് ഇന്നത്തെ യോഗത്തില്‍ ഉത്തരമുണ്ടാകും.
താലിബാനെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുന്ന കാര്യവും ഇന്നത്തെ യോഗത്തില്‍ ആലോചിക്കും. അഫ്ഗാനില്‍നിന്നുള്ള സൈനിക പിന്മാറ്റത്തിന്റെ പേരില്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡനും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനുമെല്ലാം സ്വന്തം രാജ്യങ്ങളില്‍ കടുത്ത പഴി കേള്‍ക്കുന്നുണ്ട്. താലിബാനെതിരെ ഉപരോധം പ്രഖ്യാപിച്ച് ഈ വിമര്‍ശനങ്ങളെ മറികടക്കാനും സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."