കൊച്ചിയില്‍ 'തുമ്പിപ്പെണ്ണ്' 25 ലക്ഷത്തോളം വില വരുന്ന രാസലഹരിയുമായി പിടിയില്‍
കൊച്ചിയില്‍ 'തുമ്പിപ്പെണ്ണ്' 25 ലക്ഷത്തോളം വില വരുന്ന രാസലഹരിയുമായി പിടിയില്‍
കൊച്ചി: കൊച്ചിയില്‍ വന്‍ ലഹരി മരുന്ന് വേട്ട. കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം പരിസരത്ത് വച്ചാണ് എക്‌സൈസ് സംഘം അരക്കിലോയോളം വരുന്ന രാസലഹരി പിടികൂടിയത്. 'തുമ്പിപ്പെണ്ണ്'എന്ന പേരില്‍ അറിയപ്പെടുന്ന, നഗരത്തിലെ ലഹരി വില്‍പ്പനയ്ക്ക് ചുക്കാന്‍ പിടിക്കുന്നവരില്‍ പ്രധാനിയായ കോട്ടയം ചിങ്ങവനം മുട്ടത്താട്ടുചിറ സൂസിമോളും സംഘവും എക്‌സൈസിന്റെ വലയിലായത്.
അങ്കമാലി മങ്ങാട്ടുകര മാളിയേക്കല്‍ എല്‍റോയ്, കാക്കനാട് അത്താണി കുറമ്പനാട്ടുപറമ്പില്‍ അജ്മല്‍, ചെങ്ങമനാട് കല്ലൂക്കാടന്‍ പറമ്പില്‍ അമീര്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.
ഹിമാചല്‍ പ്രദേശില്‍ നിന്ന് ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത് വരുത്തുന്ന ലഹരി വസ്തുക്കള്‍ കൊച്ചി നഗരത്തില്‍ വിതരണം ചെയ്യുന്ന സംഘമാണ് ഇതെന്ന് എക്‌സൈസ് സംഘം വ്യക്തമാക്കി. ലഹരി ആവശ്യപ്പെട്ട് എക്‌സൈസ് സംഘം തുമ്പിപ്പെണ്ണ് സംഘത്തെ വിളിച്ചുവരുത്തി. രാത്രി എട്ട് മണിയോടെ കാറില്‍ സ്റ്റേഡിയം പരിസരത്തെത്തിയ സംഘത്തെ എക്‌സൈസ് വളഞ്ഞു. തുടര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ലഹരി ഓര്‍ഡര്‍ ചെയ്താല്‍ ഇത് മാലിന്യമെന്ന് തോന്നിക്കുന്ന തരത്തില്‍ കവറിലാക്കി നെടുമ്പാശേരി വിമാനത്താവളത്തിന് പുറത്ത് ഉപേക്ഷിക്കും. തുടര്‍ന്ന് ഈ സ്ഥലത്തിന്റെ ലൊക്കേഷന്‍ സംഘത്തിന്റെ വാട്‌സ്ആപ്പിലേക്ക് അയയ്ക്കും. ഇങ്ങനെ ലഭിക്കുന്നവ നഗരത്തില്‍ വിതരണം ചെയ്യും. സംഘത്തിന്റെ ഇടപാടുകളെ കുറിച്ച് രഹസ്യ വിവരം ലഭിച്ച എക്‌സൈസ് ദിവസങ്ങളായി ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."