HOME
DETAILS

'ഈ ചിരി കാണാന്‍ രസമുണ്ടല്ലോ എന്നെനിക്ക് തോന്നിയ ആ നിമിഷത്തിലാണ് ഞങ്ങള്‍ ജീവിതത്തിലേക്കു വാതില്‍ തുറന്നത്' ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച മകനെ കുറിച്ച ഒരമ്മയുടെ പിറന്നാള്‍ കുറിപ്പ്

  
backup
November 04 2022 | 09:11 AM

kerala-tency-jacob-fb-post-about-her-son111

ജീവിതത്തില്‍ നാം കാണുന്ന ഏറ്റവും മനോഹരമായ കിനാവാണ് നമ്മുടെ മക്കള്‍. പൂപോലെ അവര്‍ നമ്മുടെ കൈകളിലേക്കുതിര്‍ന്നു വീഴുന്ന ആ നിമിഷത്തേക്കാള്‍ മനോഹരമായതൊന്ന് അവരെത്ര മുതിര്‍ന്നു കഴിഞ്ഞാവലും നമുക്കോര്‍ത്തെടുക്കാനുണ്ടാവില്ല. അവരെങ്ങിനെയായാലും നമ്മുടെ കുഞ്ഞാണ്. കാണുന്നവര്‍ക്കവനാരായലും എന്തായാലും നമുക്കവന്‍ നമ്മുടെ കുഞ്ഞാണ്. ഡൗണ്‍സിന്‍ഡ്രോം ബാധിച്ച മകന്റെ ജന്മദിനത്തില്‍ അവന് ഓടിത്തീര്‍ത്ത വഴികളെ കുറിച്ച് മനോഹരമായ പറഞ്ഞു തരികയാണ് വനിതയിലെ സബ്എഡിറ്ററായി ടെന്‍സി ജേക്കബ്.

ടെന്‍സിയുടെ കുറിപ്പ് വായിക്കാം.
പതിനേഴു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ മരിച്ചു പോയ ദിവസമാണിന്ന്...
എന്റെ മകന്‍ ജനിച്ച ദിവസവും...
ആദ്യത്തെ ഗര്‍ഭത്തിന്റെ ഉള്‍പുളകം അനുഭവിക്കുന്ന കാലം. കാലത്ത് എഴുന്നേറ്റപ്പോള്‍ ഉള്ളിലുള്ള ആള്‍ക്ക് അനക്കമൊന്നും ഇല്ല. സാധാരണ കുഞ്ഞിക്കൈ വയറില്‍ തള്ളി ഞാനും എഴുന്നേറ്റു എന്നറിയിക്കുന്ന കൊച്ചാണ്. ടെന്‍ഷന്‍ വച്ചോണ്ടിരിക്കണ്ട എന്ന കരുതി കാലത്തെ ഭക്ഷണം കഴിഞ്ഞയുടന്‍ ഹോസ്പിറ്റലിലേക്കു പോയി. അവിടെച്ചെന്ന് സ്‌കാനിങ്ങിനു കുറിച്ചു തന്നു. അതുവരെ സാധാരണമട്ടില്‍ പോയിരുന്ന കാര്യങ്ങള്‍ പെട്ടെന്നാണ് വേഗത്തിലായത്. സ്‌കാന്‍ ചെയ്യുന്ന ഡോക്ടര്‍ നിലവിളിയോടെ പറഞ്ഞു. 'കുഞ്ഞ് ശ്വാസമെടുക്കുന്നത് കുറഞ്ഞു വരുന്നു. വേഗം സിസേറിയന്‍ ചെയ്യണം...'
എല്ലാം കഴിഞ്ഞു റൂമിലെത്തിയപ്പോള്‍ എല്ലാവരും അവനെ ഓമനിക്കുന്ന തിരക്കിലാണ്. 'ഒരു പാവക്കുട്ടിയെ പോലിരിക്കുന്നു.' നോക്കിയപ്പോള്‍ ശരിയാണ്. പ്രീമെച്വര്‍ ആയതുകൊണ്ട് പുരികമൊന്നും വന്നിട്ടില്ല. എനിക്കു കൂട്ടുകൂടി കളിക്കാന്‍ കിട്ടിയ ഒരു പാവക്കുട്ടി. അങ്ങനെയാണ് അപ്പോള്‍ തോന്നിയത്. പാല് കുടിക്കാത്തതായിരുന്നു ആദ്യ ദിവസങ്ങളിലെ പ്രശ്‌നം. പാല് കുടിച്ചു തുടങ്ങിയപ്പോള്‍ അതു ശിരസ്സില്‍ കയറുന്നതായി. അപ്പന്റെ നഗരത്തിലെ ഹോസ്പിറ്റലില്‍ നിന്നു മൈലുകള്‍ പിന്നിട്ട് എന്റെ ഗ്രാമത്തിലെ തണുപ്പിലേക്കെത്തിയപ്പോഴേക്കും അവനു ജലദോഷം പിടിച്ചു. നാട്ടിലെ രണ്ടു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതനുസരിച്ച് നേസല്‍ ഡ്രോപ്‌സ് ഒഴിച്ചെങ്കിലും കുറഞ്ഞില്ല.മൂന്നുമാസം കഴിഞ്ഞിട്ടും തലയും ഉറയ്ക്കുന്നില്ല.

വീണ്ടും അപ്പന്റെ നഗരത്തിലെത്തി കുഞ്ഞുങ്ങളുടെ ഡോക്ടറെ കാണിച്ചപ്പോഴാണ്...അയാള്‍ തന്ന കത്തില്‍ പങ്കുവച്ച സംശയം ശരിയെന്നു പറഞ്ഞു അമൃതയിലെ ഡോക്ടര്‍മാര്‍. അവന്‍ ഡൗണ്‍സിന്‍ഡ്രോം കുട്ടിയാണ്. എനിക്കു മുന്നേ ആ ഡോക്ടറെ കാണാന്‍ കയറിയത് ഒരു എഞ്ചിനീയര്‍ ദമ്പതികളായിരുന്നു. കുറച്ചു സമയം കഴിഞ്ഞു ആ അമ്മ ഓടിയിറങ്ങി പോകുന്നതു കണ്ടു. അച്ഛന്‍ ആ കുഞ്ഞിനെയും കൊണ്ടു പകച്ചു നില്‍ക്കുന്നതും. എനിക്കു ഓടിയിറങ്ങി പോകാനുള്ള ഊര്‍ജ്ജം ഉണ്ടായിരുന്നില്ല. 'നിങ്ങള്‍ വിഷമിക്കേണ്ട കേട്ടോ. ഈ കുഞ്ഞിനു അധികം ആയുസ്സില്ല.' ഡോക്ടര്‍ സമാധാനിപ്പിച്ചു. അപ്പോഴും ദുഖത്തിന്റെ വിഭ്രമത്തിലായിരുന്ന ഞാന്‍ 'ഈ കുഞ്ഞ് നടക്കുമോ, അമ്മ എന്നു വിളിക്കുമോ, സാധാരണ സ്‌കൂളില്‍ പഠിക്കുമോ' എന്നു ചോദിച്ചു കൊണ്ടിരിക്കുന്നത് കേട്ടാവണം അവര്‍ക്ക് ദേഷ്യം വന്നു. 'നിന്റെ കൊച്ച് ഒന്നും ചെയ്യില്ല.' പിന്നീട് തിരിഞ്ഞു പോള്‍സനോടു പറഞ്ഞു. 'നോക്കൂ, ഈ കുട്ടിക്ക് ഭ്രാന്തു പിടിച്ചെന്നു തോന്നുന്നു. കുഞ്ഞിനെ അവരില്‍ നിന്നു വാങ്ങൂ.'' ഞാനാ നിമിഷം കുഞ്ഞിനെയും ചേര്‍ത്തു പിടിച്ചു മുറിയില്‍ നിന്നിറങ്ങി. പക്ഷേ, ഇരുട്ടിലേക്കായിരുന്നു ഞങ്ങള്‍ നടന്നത്.

ഞങ്ങളുടെ ഏതോ തെറ്റിന്റെ ഫലം, ശാപം, ദൈവത്തിലേക്കടുപ്പിക്കാനുള്ള വഴി, ദൈവം ഭൂമിയിലേക്കു നോക്കിയപ്പോള്‍ കണ്ട ഏറ്റവും നല്ല മാതാപിതാക്കള്‍...ഇങ്ങനെയിങ്ങനെ കുറേ കാര്യങ്ങള്‍ ഞങ്ങള്‍ക്കു ചുറ്റും എറിഞ്ഞിട്ടു എല്ലാവരും സഹതാപം വിരിച്ചിട്ടു. അതൊക്കെ എന്നെ കൂടുതല്‍ നിരാശയിലാഴ്ത്തുകയാണ് ചെയ്തത് എന്നതാണ് സത്യം. ഞാനും മകനും മുറിയില്‍ അടച്ചിരുന്നു. ആരേയും കാണാതെ, ആരേയും കേള്‍ക്കാതെ...കുഞ്ഞൊന്നു ചിരിച്ചു കളിച്ച് എന്റെ മുഖത്തേക്കു നോക്കും. എന്റെ മുഖത്തെ കണ്ണീരു കാണുമ്പോള്‍ ആ ചിരി മെല്ലെ മാഞ്ഞു പോകും. കുഞ്ഞ് വീണ്ടും സങ്കടത്തിലേക്കു മടങ്ങും. പിന്നെ പിന്നെ എനിക്ക് തോന്നിതുടങ്ങി...ഈ ചിരി കാണാന്‍ രസമുണ്ടല്ലോ. ആ നിമിഷമാണ് ഞങ്ങള്‍ ജീവിതത്തിലേക്കു വാതില്‍ തുറന്നത്.

എന്നേപ്പോലെയുള്ള സ്‌പെഷ്യല്‍ അമ്മമാര്‍ കണ്ടുമുട്ടുമ്പോള്‍ പറയാറുണ്ട്. 'എനിക്ക് ടെന്‍സിയെ പോലെ ധൈര്യമില്ല, എന്റെ കുഞ്ഞ് തോമസിന്റെ പോലെ അത്ര മിടുക്കനല്ല' എനിക്കത് കേള്‍ക്കുമ്പോള്‍ ചിരിയും കരച്ചിലും വരും. അവന്റെ പിന്നാലെ ഞാനോടിയ ഓട്ടം...അറിയാതെ കണ്ണൊന്നു മയങ്ങിപ്പോയി ഉണരുമ്പോഴേയ്ക്കും വീടവന്‍ തിരിച്ചു വച്ചിട്ടുണ്ടാകും. തൂത്തും തുടച്ചും കുളിപ്പിച്ചും വൃത്തിയാക്കിയും എത്ര വര്‍ഷങ്ങളാണ് കടന്നു പോയത്. അന്നൊന്നും എനിക്ക് സ്വപ്നങ്ങളേ ഇല്ലായിരുന്നു. കൊതിതീരെ ഒന്നുറങ്ങണമെന്നു മാത്രമായിരുന്നു ആശ. ബാക്കി രണ്ടു മക്കള്‍ ഉണ്ടായപ്പോള്‍ പ്രസവിച്ചു കിടക്കാന്‍ പോലും പറ്റാതെ സ്റ്റിച്ചിന്റെ വേദനയും വച്ച് അവനെ എടുത്തു നടന്നിരുന്ന നാളുകള്‍... ചില സമയങ്ങളില്‍ തല ചുമരിലിട്ട് ഇടിച്ച് ആ വേദനയില്‍ ഉന്മത്തയായി ഇരുന്നിട്ടുണ്ട്.

കനലുകളില്‍ തന്നെയാണ് നടന്നത്. ആരും തുണയായിട്ടില്ല. ദുഖം പങ്കു വയ്ക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ 'സാരല്യ, വലുതാകുമ്പോള്‍ എല്ലാം ശരിയാകും.' എന്നു ആശ്വസിപ്പിക്കാനായിരുന്നു എല്ലാവര്‍ക്കും തിടുക്കം. അതു വിശ്വസിക്കാന്‍ മാത്രം വിഢ്ഢിയാണോ ഞാന്‍ എന്നായിരുന്നു എന്റെ സങ്കടം മുഴുവന്‍. ഇതൊരു ജനിതക വൈകല്യമാണ്. അവന്‍ ജനനം കൊള്ളൂമ്പോഴേ ഈ വൈകല്യത്തിലാണ് ജനിച്ചത്, അതിനെ മാറ്റി മറിക്കാന്‍ ശാസ്ത്രലോകം വളര്‍ന്നിട്ടില്ല എന്നെല്ലാം എനിക്കറിയാം. പിന്നെ എന്തിനാണ് വെറും വാക്കുകള്‍!
അവന്‍ സ്വന്തം കാര്യങ്ങള്‍ ചെയ്യണം . 'ജീവിച്ചിരുന്നിട്ട് ഒരു പ്രയോജനവുമില്ല' എന്നു പറഞ്ഞ ഡോക്ടറുടെ മുന്നില്‍ ആത്മവിശ്വാസത്തോടെ നില്‍ക്കണം എന്നു ഞാന്‍ ആഗ്രഹിച്ചു. ഇതാ നീണ്ട പതിനേഴു വര്‍ഷങ്ങള്‍ ഞങ്ങള്‍ അമ്മയും മോനും ആത്മവിശ്വാസത്തോടെ തന്നെ ലോകത്തിനു മുന്നില്‍ നില്‍ക്കുന്നു.
അവന്‍ ഇപ്പോള്‍ പത്താം ക്ലാസ് പാസ്സായി പ്ലസ് വണ്ണിനു കംപ്യൂട്ടര്‍ സയന്‍സ് എടുത്തു പഠിക്കുന്നു. സ്‌ക്രൈബിന്റെ സഹായത്തോടെയാണ് പരീക്ഷ എഴുതിയത്.

ഒരു സാധാരണ സ്‌കൂളിലാണ് അവനെ ചേര്‍ത്തിയത്. അതിനു സാധിച്ചില്ലെങ്കില്‍ സ്‌കൂളില്‍ ചേര്‍ക്കാതെ ഹോം സ്‌കൂളിങ് ചെയ്യാനായിരുന്നു തീരുമാനം. ആ സമയത്താണ് ഇന്‍ക്ലുസീവ് എജ്യുക്കേഷന്‍ എന്ന ആശയവുമായി ലൈഫ് വാലി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ തുടങ്ങുന്നത്. അവിടത്തെ ടീച്ചര്‍മാര്‍ എന്റെയത്രയോ അതില്‍ കൂടുതലോ കഷ്ടപ്പെട്ടിട്ടുണ്ട്. അവിടന്നാണ് അവന്‍ കാര്യങ്ങള്‍ പഠിക്കുന്നത്. ഇതിനിടയില്‍, എല്ലാവരും കൂടി ചാര്‍ത്തി കൊടുത്തിരുന്ന 'വയ്യാത്ത കുട്ടി' എന്ന ലേബല്‍ ഞാനങ്ങ് അടര്‍ത്തിക്കളഞ്ഞിരുന്നു. എല്ലാം തനിച്ച് ചെയ്യാന്‍ പരിശീലിപ്പിച്ചു. ആവശ്യമെങ്കില്‍ മാത്രം സഹായിച്ചു. അതിനും 'സുഖമില്ലാത്ത കുട്ടിയോട് സ്‌നേഹമില്ലാത്ത അമ്മ' എന്ന പഴി ഞാന്‍ കേട്ടു. അവന്റെ ഓരോ നേട്ടത്തിലും ഞാന്‍ വളരെ സന്തോഷിച്ചു. എന്റെ മുഖത്തെ അത്ഭുതവും സന്തോഷവും കാണാനായി മാത്രം അവന്‍ നേട്ടങ്ങളുണ്ടാക്കി. വൈകുന്നേരം പ്രെയര്‍ സമയത്തിനു മുമ്പാണ് ഞങ്ങളുടെ ഫാമിലി ടൈം. ആ നേരത്ത് ഞങ്ങള്‍ അഞ്ചുപേരും വിശേഷങ്ങള്‍ പറയും. എന്തെങ്കിലും പരിപാടികള്‍ അവതരിപ്പിക്കും. ചെറു പാട്ടോ, രണ്ട് സ്‌റെറപ്പ് വയ്ക്കുന്നതോ എന്തെങ്കിലുമാകും. അതെല്ലാം അവനു നന്നായി ഗുണം ചെയ്തിട്ടുണ്ട്. ചെറിയ ചെറിയ ഉത്തരവാദിത്വങ്ങള്‍ ഏല്പിച്ചപ്പോള്‍ അവനു ആത്മവിശ്വാസം കൂടി. തൊട്ടടുത്ത കടയില്‍ പോയി പാലും പഞ്ചസാരയും വാങ്ങാന്‍ അവന്‍ താല്പര്യം കാണിച്ചു തുടങ്ങി. മനസിലാകാത്ത ഭാഷയില്‍ കക്ഷി അതു പറഞ്ഞൊപ്പിക്കും. അവനോടു നിറയെ സംസാരിക്കുമായിരുന്നു ഞങ്ങള്‍. നാലു വയസ്സിലാണ് അവന്‍ രണ്ടു അക്ഷരങ്ങളുള്ള വാക്ക് പറഞ്ഞു തുടങ്ങിയത്. വാചകം പറയാന്‍ പിന്നെയും വര്‍ഷങ്ങളെടുത്തു. ഇന്നു അവ്യക്തതയുണ്ടെങ്കിലും നന്നായി സംസാരിക്കും. ഒരിക്കലും അവ്യക്ത ഭാഷയില്‍ ഉറക്കെ വര്‍ത്തമാനം പറയുന്നതില്‍ നിന്നു അവനെ വിലക്കിയില്ല. ആര് പിന്തിരിഞ്ഞു നോക്കിയാലും ഞങ്ങള്‍ക്കൊരു പ്രശ്‌നവുമില്ല. വീടിനു പുറത്തോ അകത്തോ ആകട്ടെ, എത്ര വലിയ സീരിയസ് സംസാരത്തിനിടയിലും അവന്റെ വര്‍ത്തമാനത്തിനു ഞങ്ങള്‍ ചെവി കൊടുത്തു. അതും അവനു ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. ഞങ്ങള്‍ പങ്കെടുക്കുന്ന കുടുംബ പരിപാടികള്‍ക്കെല്ലാം അവനെയും കൂട്ടി. ഇഷ്ടക്കേടു പ്രകടിപ്പിച്ചിടത്തു നിന്നു ഒരു പരാതിയുമില്ലാതെ പിന്തിരിഞ്ഞു നടക്കുകയും ചെയ്തു. തിരുത്തേണ്ടത് തിരുത്തിയും അഭിനന്ദിച്ചും തന്നെയാണ് മുന്നോട്ടു പോകുന്നത്. ഇന്നവന്‍ വീട്ടിലെ എല്ലാ ജോലികളും ചെയ്യും. സാന്‍വിച്ച് ഉണ്ടാക്കാനും ചപ്പാത്തി ചുടാനും പുട്ടിനു നനയ്ക്കാനും അറിയാം. അടിച്ചു വാരലും പാത്രം കഴുകലും തുണി മടക്കലും ഭംഗിയായി ചെയ്യും. അനിയന്റെ ഡ്യൂട്ടിയായിരുന്നു വീടു തുടയ്ക്കല്‍. അവന്‍ പത്താം ക്ലാസിലായതു കൊണ്ടു 'ജെയ്ക്കബ്ബിനു നന്നായി പഠിക്കാനുണ്ടാകും. ഞാന്‍ ചെയ്‌തോളാം' എന്നു പറഞ്ഞു ആ പണിയും ജൂണ്‍ മുതല്‍ ഏറ്റെടുത്തിട്ടുണ്ട്. ഇത്തരം കുട്ടികള്‍ക്ക് ഏതെങ്കിലും കാര്യത്തില്‍ അത്ഭുതകരമായ കഴിവ് ഉണ്ടാകും എന്നു പറഞ്ഞു കേള്‍ക്കാറുണ്ട്. പ്രത്യേകിച്ച് ഒന്നും ശ്രദ്ധയില്‍ പെട്ടിട്ടില്ല. അതില്‍ വിഷമവുമില്ല. ഇപ്പോള്‍ പാട്ടിനോടും ഡാന്‍സിനോടും ഇഷ്ടം തുടങ്ങിയിട്ടുണ്ട്. ഓര്‍മ്മ നന്നായി ഉള്ള കുട്ടിയാണ് എന്നു തോന്നിയിട്ടുണ്ട്.

പണ്ടു തോമസിനെ കുറിച്ചുള്ള ദീപാ നിശാന്തിന്റെ പോസ്റ്റ് വന്നതില്‍ പിന്നെ പലരും മെസഞ്ചറില്‍ വന്നു അവന്റെ വിശേഷം തിരക്കാറുണ്ട്. പല അച്ഛന്‍മാരും അമ്മമാരും വിഷമങ്ങള്‍ പങ്കു വയ്ക്കാറുമുണ്ട്. അതുകൊണ്ടാണ് അവനെ കുറിച്ച് ഇത്ര നീണ്ട പോസ്റ്റ്. ആര്‍ക്കെങ്കിലും ഒരു തരി വെളിച്ചം ഇതില്‍നിന്നു കിട്ടിയാല്‍ ഞാനും മകനും ധന്യരായി.
എത്ര കൊഴുത്ത ചവര്‍പ്പ് കുടിച്ചു വറ്റിച്ചു നാം
ഇത്തിരി ശാന്തി തന്‍ ശര്‍ക്കര നുണയുവാന്‍...



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  24 minutes ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  2 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  2 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  3 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  3 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  5 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  5 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  5 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  5 hours ago