HOME
DETAILS
MAL
മുട്ടില്‍ മരംമുറി കേസ് അട്ടിമറിക്കാന്‍ സാജന് ശ്രമിച്ചതായി റിപ്പോര്‍ട്ട്
backup
August 24 2021 | 03:08 AM
സ്വന്തം ലേഖകന്‍
കല്‍പ്പറ്റ: മുട്ടില്‍ മരംമുറിക്കേസ് അട്ടിമറിക്കാന്‍ ആസൂത്രിതമായ ശ്രമം നടന്നതായി അഡീഷനല്‍ പി.സി.സി.എഫ് രാജേഷ് രവീന്ദ്രന്റെ റിപ്പോര്‍ട്ട്. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍.ടി സാജന് ഇതിനായി മുട്ടില്‍ കേസിലെ മുഖ്യ പ്രതികളുമായി ഗൂഢാലോചന നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സാജനെതിരേ ഗുരുതരമായ കണ്ടെത്തലുകളാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. യഥാര്‍ഥ കേസ് അട്ടിമറിക്കാന്‍ മറ്റൊരു വ്യാജ കേസ് ഉണ്ടാക്കുക, അന്വേഷണ ഉദ്യോഗസ്ഥരെ ഈ കേസില്‍ കുടുക്കുക തുടങ്ങിയ ആരോപണങ്ങളാണ് കണ്‍സര്‍വേറ്റര്‍ എന്‍.ടി സാജനെതിരേ അഡീഷനല്‍ പി.സി.സി.എഫിന്റെ റിപ്പോര്‍ട്ടിലുള്ളത്. മുട്ടില്‍ വില്ലേജിലെ തന്നെ മണിക്കുന്ന് മലയിലെ സ്വകാര്യ ഭൂമിയില്‍ നടന്ന മരംമുറി വനംകൊള്ളയാണെന്നു വരുത്താനായിരുന്നു ആസൂത്രിത ശ്രമം. ഇതിനായി എന്‍.ടി സാജന് മുട്ടില്‍ മരംമുറി കേസിലെ പ്രതികളുമായി ഗൂഢാലോചന നടത്തി. പ്രതികളിലൊരാളായ ആന്റോ അഗസ്റ്റിനൊപ്പമാണ് സാജന് മണിക്കുന്ന് മല സന്ദര്‍ശിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വാഹനത്തില്‍ വച്ചും ഒരു മണിക്കൂറോളം പ്രതികളുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് യാതൊരു തെളിവുകളുമില്ലാതെ മണിക്കുന്ന് മലയിലെ സ്വകാര്യഭൂമി വനഭൂമിയാണെന്ന് വനം മേധാവിക്ക് റിപ്പോര്‍ട്ട് നല്കി. മേപ്പാടി റേഞ്ച് ഓഫിസറെ കുടുക്കുക എന്ന ലക്ഷ്യത്തിലായിരുന്നു ഈ വ്യാജ റിപ്പോര്‍ട്ടുണ്ടാക്കിയത്. സന്ദര്‍ശനത്തിന് മുമ്പുതന്നെ മണിക്കുന്ന് മലയിലെ വനംകൊള്ള അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.ടി സാജന് കോഴിക്കോട് ഫ്ളയിങ് സ്ക്വാഡ് ഡി.എഫ്.ഒയെ വിളിച്ചിരുന്നു. ഇതേ ആവശ്യമുന്നയിച്ച് പ്രമുഖ ചാനലിന്റെ കോഴിക്കോട്ടെ റിപ്പോര്‍ട്ടറും രണ്ടു തവണ ഡി.എഫ്.ഒയെ വിളിച്ചു. ഇതെല്ലാം ആസൂത്രിതമായ ഗൂഢാലോചനയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് എ.പി.സി.സി.എഫിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഉന്നത പദവിയിലിരുന്ന് സര്‍ക്കാരിന് അവമതിപ്പുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളാണ് കണ്‍സര്‍വേറ്റര്‍ എന്‍.ടി സാജന് നടത്തിയതെന്നാണ് റിപ്പോര്‍ട്ടില്‍ ഉടനീളം പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."