''ഒഴിവുണ്ട്, സഖാക്കളുണ്ടോ സഖാവേ ജോലിയിൽ കേറ്റാൻ''? ജില്ലാ സെക്രട്ടറിക്ക് മേയർ അയച്ച കത്ത് വിവാദത്തിൽ
തിരുവനന്തപുരം: ഇടതുമുന്നണി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷനിൽ 295 താൽക്കാലിക തസ്തികകളിലേക്ക് സി.പി.എം പ്രവത്തകരെ തിരുകിക്കയറ്റാൻ പാർട്ടിക്കാരുടെ പട്ടിക ചോദിച്ച് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് മേയർ ആര്യ രാജേന്ദ്രൻ അയച്ച കത്ത് പുറത്തായതോടെ വൻ വിവാദം. മേയറുടെ ഔദ്യോഗിക ലെറ്റർപാഡിൽ ഈ മാസം ഒന്നിനയച്ച കത്ത് ചില പാർട്ടി നേതാക്കളുടെ വാട്‌സാപ് ഗ്രൂപ്പുകൾ വഴിയാണ് ചോർന്നത്.
'സഖാവേ' എന്ന് അഭിസംബോധന ചെയ്തുള്ള കത്തിൽ ഒഴിവുകളുടെ വിശദവിവരം നൽകിയശേഷം ഇതിലേക്ക് ഉദ്യോഗാർഥികളുടെ മുൻഗണനാ പട്ടിക നൽകണമെന്ന് അഭ്യർഥിക്കുന്നുണ്ട്. കോർപറേഷനു കീഴിലുള്ള അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകളിലാണ് 295 പേരെ ദിവസവേതനത്തിനു നിയമിക്കുന്നത്.
അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയർ ഒപ്പിട്ട കത്തിലുണ്ട്. എന്നാൽ കത്ത് തനിക്ക് ലഭിച്ചില്ലെന്നാണ് ജില്ലാ സെക്രട്ടറിയുടെ വിശദീകരണം.
പ്രധാന തസ്തികകൾ മുതൽ താൽക്കാലിക ഒഴിവുകളിൽ വരെ സി.പി.എം ഇഷ്ടക്കാരെ കുത്തിനിറയ്ക്കുകയാണെന്ന ആക്ഷേപം സ്ഥിരീകരിക്കുന്നതാണ് കത്ത്. സി.പി.എം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം കടുത്ത സാഹചര്യത്തിലാണ് കത്ത് പുറത്തായതെന്നതും ചർച്ചയായിട്ടുണ്ട്. മേയറുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്ന വിമർശനവും ഉയർന്നതിനാൽ കത്തയച്ച നടപടി ഉയർത്തിയ വിവാദം വൻ കൊടുങ്കാറ്റാവാനും സാധ്യതയുണ്ട്.
കത്തിന്റെ പൂർണരൂപം
തിരുവനന്തപുരം നഗരസഭ ആരോഗ്യ വിഭാഗവുമായി ബന്ധപ്പെട്ട് വിവിധ തസ്തികകളിലേക്ക് ദിവസസ വേദനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നത് തീരുമാനിച്ചിട്ടുള്ള വിവരം അങ്ങയെ അറിയിക്കുന്നു. ഓൺലൈനായാണ് അപേക്ഷ സ്വീകരിക്കുന്നത്. തസ്തികകളുടെ പേര്, വേക്കൻസി, എന്നിവയുടെ ലിസ്റ്റ് ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു. ഉദ്യോഗാർഥിയുടെ മുൻഗണനാ ലിസ്റ്റ് ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."