ചോരയിൽ കുതിർന്ന ഒലീവ് ചില്ലകൾ
നെതന്യാഹു എന്ന വാക്കിന്റെ അർഥം ദൈവത്തിന്റെ സമ്മാനം എന്നാണ്. പക്ഷെ ബെഞ്ചമിൻ നെതന്യാഹു തനി കുറുക്കനാണ്. അധികാരം പിടിക്കാനും നിലനിർത്താനും ഏതറ്റം വരെയും പോകും. ഇസ്റാഈലിനെ ഇങ്ങനെ ആക്കിത്തീർത്തതിൽ നെതന്യാഹുവിനോളം പങ്ക് വേറെ ആർക്കുമില്ല. ഇസ്റാഈലിൽ ജനിച്ച് ചെറിയ പ്രായത്തിൽ പ്രധാനമന്ത്രിയാവുകയും ഏറെക്കാലം രാജ്യത്തെ നയിച്ചുവെന്ന ഖ്യാതി കൈയേൽക്കുകയും ചെയ്തയാൾ. ഭൂമുഖത്തുനിന്ന് ഇയാൾ തുടച്ചുനീക്കാൻ ആഗ്രഹിക്കുന്നത് ഹമാസിനെയോ ഭീകരതയേയോ അല്ല, ഫലസ്തീൻ ജനതയെ തന്നെയാണ്.
അതിന് ഉപകരണം ആയിത്തീരുകയാണ് ഹമാസ്.
ലോകത്തെ സൈനിക ശക്തിയിൽ നാലാമത് നിൽക്കുന്ന ഇസ്റാഈൽ, രഹസ്യാന്വേഷണത്തിന്റെ ലോക താക്കോൽ സൂക്ഷിപ്പുകാരായ മൊസാദ്, ഒക്ടോബർ ഏഴിന് ഒരു നേരം വിറങ്ങലിച്ചുപോയെന്നാണ് വിശ്വസിക്കേണ്ടത്. ഗാസയിലെ താവളങ്ങളിൽ നിന്ന് ഹമാസ് നടത്തിയ ആക്രമണം എത്തി നിൽക്കുന്നത് ഫലസ്തീനിലെ അവസാനത്തെ കുട്ടിയും ഒഴിഞ്ഞുപോവുകയോ വിഷ ബോംബേറിൽ തീർന്നുപോകുകയോ വേണമെന്നിടത്താണ്. ഇസ്റാഈലിൽ അടിയന്തരാവസ്ഥയാണ്. അവിടെ പ്രതിപക്ഷവുമായി ചേർന്ന് യുദ്ധ മന്ത്രിസഭയാണ്.
രാസായുധം ഉണ്ടെന്ന് പറഞ്ഞ് ഇറാഖിനെയും സദ്ദാം ഹുസൈനെയും ആക്രമിച്ച അമേരിക്കയുടെ പ്രസിഡന്റ് ബൈഡൻ ഇസ്റാഈലിന് പൂർണ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു.യുദ്ധം തുടങ്ങിയിട്ടേ ഉള്ളൂവെന്നാണ് തുടർച്ചയായ ഏഴാംദിവസവും ബോംബ് വർഷിച്ചുകൊണ്ടിരിക്കുന്ന ഇസ്റാഈൽ ഭരണകൂടം പറയുന്നത്. ഹമാസിന്റെ വേരറുക്കും വരെ യുദ്ധം തുടരുമെന്നും നെതന്യാഹുവിന്റെ മൊഴി.
വംശീയ വിദ്വേഷത്തിന്റെ അടിത്തറയിൽ കെട്ടിപ്പടുക്കുന്ന ഫാഷിസ്റ്റ് ഭരണകൂടങ്ങൾക്ക് കാര്യങ്ങൾ അവരുടെ വഴിക്കാക്കാൻ എത്രയോ എളുപ്പമാണ്. ഇന്ത്യയിൽ അതെങ്ങനെ സംഭവിക്കുന്നുവെന്ന് പുൽവാമ പറഞ്ഞു തരും. രാജ്യത്തിന്റെ നാനാഭാഗത്തുനിന്നുള്ള പട്ടാളക്കാരുടെ വാഹനവ്യൂഹത്തെ ഭീകരരുടെ ഒരു കാറ് പിന്തുടർന്ന് ആക്രമിച്ചുവെന്ന ഭരണകൂട ഭാഷ്യത്തിൽ സംശയം പ്രകടിപ്പിക്കുന്നത് പോലും അസാധ്യമാണ്. പട്ടാളക്കാരുടെ ജീവൻ രക്ഷിക്കാൻ കഴിയാത്തതിന്റെ പേരിൽ ഭരണകൂടം ചോദ്യം ചെയ്യപ്പെടില്ല. പകരം രാജ്യസ്നേഹികൾ ഭരണകൂടത്തോട് ചേർന്നു നിൽക്കുകയും നിഴലിലെ ഭീകരരോട് പോരാടുകയും ചെയ്യും.
ഇസ്റാഈലിന്റെ രാഷ്ട്രീയം മൂന്നു പതിറ്റാണ്ടായി ചുറ്റിത്തിരിയുന്നത് ബെഞ്ചമിൻ നെതന്യാഹുവിനെയാണ്. തീവ്ര വലതുപക്ഷക്കാരുടെ പിന്തുണയോടെയാണ് ആറാം തവണ പ്രധാനമന്ത്രിയാകുന്നത്. ഇടതുപക്ഷ ലിബറൽസും ഫലസ്തീനികളും ചേർന്ന് നെതന്യാഹുവിന്റെ സഖ്യത്തിനെതിരേ പൊരുതിയെങ്കിലും വ്യക്തമായ ഭൂരിപക്ഷം നേടിയാണ് നെതന്യാഹു പ്രധാനമന്ത്രി പദത്തിൽ ചരിത്രം കുറിക്കുന്നത്. ജൂതരാജ്യത്തിൽ പിറന്ന ആദ്യത്തെ പ്രധാനമന്ത്രിയായ നെതന്യാഹു 1996ൽ ആദ്യം പദവിയിലേക്ക് വരുമ്പോൾ ഇസ്റാഈലിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു.
1999ൽ ലികുഡ് നാഷനൽ ലിബറൽ മൂവ്മെന്റിന് കനത്ത പരാജയമുണ്ടായപ്പോൾ രാഷ്ട്രീയമേ ഉപേക്ഷിച്ച് സ്വകാര്യ കമ്പനിയിൽ തൊഴിൽ തേടിയ അദ്ദേഹം ലികുഡ് പാർട്ടിയുടെ ഏരിയൽ ഷാരോൺ പ്രധാനമന്ത്രിയായപ്പോൾ തിരിച്ചുവരികയും ധനം- വിദേശകാര്യ വകുപ്പുകളുടെ മന്ത്രിയാവുകയുമായിരുന്നു.
ടെൽഅവീവിൽ ജനിച്ച് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ നെതന്യാഹു അമേരിക്കയിലെ ഫിലാഡൽഫിയയിലും പെൻസിൽവാനിയയിലുമായി യൗവനം ചെലവഴിച്ചു. 1967ൽ 18ാമത്തെ വയസിൽ ഇസ്റാഈൽ പ്രതിരോധ സേനയിൽ പ്രവേശിച്ചതാണ്. പെട്ടെന്നു തന്നെ ക്യാപ്റ്റൻ പദവിയിലെത്തി.
സത്യം ചെരുപ്പിട്ട് വരുമ്പോഴേക്കും നുണ ബഹു കാതം സഞ്ചരിച്ചിരിക്കുമെന്നത് ഈ യുദ്ധകാലത്തും യാഥാർഥ്യമാണ്. കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിൽ സ്ഥലം പിടിച്ച രണ്ടു വാർത്തകളിലൊന്ന് നെതന്യാഹു ഇളയ മകനെ ഹമാസിനെതിരായ യുദ്ധ ഭൂമിയിലേക്ക് യാത്രയാക്കുന്നതാണ്. 18 വയസായ എല്ലാവർക്കും സൈനിക സേവനം നിർബന്ധമായ ഇസ്റാഈലിൽ 2014ൽ മകനെ പട്ടാളത്തിലേക്ക് അയക്കുന്ന ചിത്രമാണ് ഈ രീതിയിൽ മാധ്യമങ്ങളിൽ വന്നത്.
രണ്ടാമത്തേത് ഹമാസ് തലവന്റെ ലോകം മുഴുവൻ ഞങ്ങളുടെ കീഴിലാകും എന്ന പ്രസ്താവനയാണ്. വംശീയാന്ധത വല്ലാത്ത രോഗം തന്നെയാണ്. അതിനെ യുക്തി തീണ്ടുകയില്ല. 2025 ആകുമ്പോഴേക്ക് ഇന്ത്യയെ ഇസ്‌ലാമിക രാഷ്ട്രമാക്കി മാറ്റാനാണ് പരിപാടി എന്നു പറയാൻ ചിലർക്ക് മടിയില്ല. അതു വിശ്വസിക്കാനും മടിയില്ല. രാഷ്ട്രത്തലവൻമാർ പോലും ഈ വ്യാജ പ്രചാരണം ഏറ്റുപിടിക്കുന്നു. വൈറ്റ് ഹൗസിന് പോലും ബോധപൂർവം തെറ്റുപറ്റുന്നു.
ഫലസ്തീനിൽ മുസ്‌ലിംകൾ മാത്രമല്ല ഉള്ളത്. ക്രിസ്ത്യാനികളും ജൂതരും ഉണ്ട്. ഹമാസിനെ വളർത്തിയത് ഇസ്റാഈലാണെന്ന് വരെ പറയുന്നു. കേരളത്തിലായാലും ഫലസ്തീൻ വിഷയത്തെ മുസ്‌ലിം വിഷയമായി കണ്ട് തെരുവിൽ ആർത്തുവിളിക്കുന്നവർ ചെയ്യുന്നതെന്താണാവോ?
തുർക്കി പ്രസിഡന്റ് ഉർദുഗാനും നെതന്യാഹുവും തമ്മിൽ വലിയ വാക്ക്പോര് തന്നെ നടന്നു. ഇസ്റാഈലിനെ വംശീയ രാഷ്ട്രമെന്ന് ഉർദുഗാൻ വിളിച്ചു. ഏകാധിപതിയായ ഉർദുഗാൻ മാധ്യമപ്രവർത്തകരെ പീഡിപ്പിക്കുന്നുവെന്ന് നെതന്യാഹു കുറ്റപ്പെടുത്തി. കള്ളൻ എന്ന് ഉർദുഗാൻ നെതന്യാഹുവിനെ വിളിച്ചത് അദ്ദേഹത്തിന് നേരെയുള്ള അഴിമതി ആരോപണങ്ങളെ ചൂണ്ടിയാണ്. നെതന്യാഹുവിനെതിരായ അഴിമതിക്കേസുകൾ ഇതുവരെ പിൻവലിച്ചിട്ടില്ല.
രാജ്യത്തെ ജുഡിഷ്യൽ വ്യവസ്ഥ തന്നെ മാറ്റണമെന്ന് ദീർഘകാലമായി നെതന്യാഹു ആവശ്യപ്പെടുന്നത് ഈ പശ്ചാത്തലത്തിൽ കൂടിയാണ്. ഇറാനെയും തുർക്കിയെയും നെതന്യാഹുവിന് ഭയമുണ്ട്. ഉക്രൈയിന് ആയുധം ഇസ്റാഈൽ നൽകാതിരുന്നത്, നൽകിയാൽ അത് ഇറാനിലെത്തി തനിക്ക് നേരെ വരുമെന്ന കണക്കു കൂട്ടിയാണ്.
Content Highlights:Olive branches soaked in blood
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."