HOME
DETAILS

നരമേധത്തിന് കുടചൂടുന്ന ലോകം

  
backup
October 14 2023 | 17:10 PM

a-world-that-shelters-humanity

സി.വി ശ്രീജിത്ത്

ജൂതരാഷ്ട്രം സ്ഥാപിക്കാന്‍ ഫലസ്തീന്‍ തിരഞ്ഞെടുത്തതിനുള്ള സയണിസ്റ്റ് ന്യായം, അവിടെ ജനങ്ങളില്ലാത്ത ഭൂമിയുണ്ട് എന്നായിരുന്നുവത്രെ. അത് ആലങ്കാരികമായി പറഞ്ഞതാവില്ലെന്ന് സയണിസത്തിന്റെ പിറവിയും വളര്‍ച്ചയും വ്യാപനവും മനസിലാക്കുന്ന ആർക്കുമറിയാം. ഭാവിയില്‍ തങ്ങള്‍ അന്നാട്ടുകാരെ ഒന്നാകെ ഒഴിപ്പിച്ച് അവിടെ സ്വരാഷ്ട്രം പണിയുമെന്ന കണക്കുകൂട്ടലുകളോടെ തന്നെയാണ് സയണിസ്റ്റ് പ്രത്യയശാസ്ത്രം അത്തരമൊരു തീരുമാനമെടുത്തത്.


24 മണിക്കൂറിനുള്ളില്‍ ഫലസ്തീനികള്‍ ഗസ്സ വിട്ടുപോകണമെന്ന കഴിഞ്ഞ ദിവസത്തെ ഇസ്റാഈല്‍ തിട്ടൂരവും ജനരഹിത ഫലസ്തീന്‍ അജൻഡയുടെ ഒടുവിലത്തെ ഉദാഹരണമാണ്. പക്ഷെ, പശ്ചിമേഷ്യയിലെ നിറം നോക്കി നിലപാട് പറയുന്ന ലോകശക്തികള്‍ക്ക് അതൊന്നും വിഷയമേയല്ല. യുദ്ധം, ഉപരോധം, ഭീഷണി എന്നിവകൊണ്ടും നുണകളുടെ ഘോഷയാത്ര നടത്തിയും എങ്ങനെയെങ്കിലും ഫലസ്തീനി ജനതയെ ഉന്‍മൂലനം ചെയ്യുക എന്ന ലക്ഷ്യമാണ് ഇസ്റാഈല്‍ അതിസമര്‍ഥമായി ഇന്നോളം പ്രയോഗിച്ചത്.


2008 മുതല്‍ ഇസ്റാഈല്‍ തങ്ങളുടെ യുദ്ധതന്ത്രങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഫലസ്തീനിലെ ഗസ്സയിലും വെസ്റ്റ് ബാങ്കിലും ജറുസലേമിലും കുടിയേറി പാര്‍ത്ത ഇസ്റാഈലുകാരെ കൊണ്ട് ഫലസ്തീനികളെ ആക്രമിപ്പിക്കുന്നതായിരുന്നു ആ തന്ത്രം. നിരന്തരമുള്ള ആക്രമണങ്ങളും ഭീഷണിയും കാരണം പലരും വീടുവിട്ട് പോകേണ്ടി വന്നു. ഇങ്ങനെ പോകുന്നവരുടെ എണ്ണം കൂടിയതോടെ കുടിയേറ്റക്കാരുടെ സംരക്ഷകരായി ഇസ്റാഈല്‍ സൈനികരുടെ സാന്നിധ്യവും ഇവിടെ സ്ഥിരമായി. കഴിഞ്ഞ വര്‍ഷം 1,238 അക്രമങ്ങളാണ് തദ്ദേശീയരായ ഫസ്തീനികള്‍ക്കെതിരേ കുടിയേറ്റക്കാരില്‍ നിന്നുണ്ടായത്.

എന്നാല്‍, അത് ചോദ്യം ചെയ്യാനോ അക്രമികള്‍ക്കെതിരേ നടപടി സ്വീകരിക്കാനോ ആരും ഉണ്ടായില്ല. ഗസ്സയില്‍ ആകെയുള്ള ഭൂമിയുടെ 40 ശതമാനവും കുടിയേറ്റ ഇസ്റാഈലുകാരുടെ കൈവശമാണ്. ഇവരുടെ എണ്ണമാകട്ടെ 10,000ന് താഴെയും.
എന്നാല്‍, ബാക്കിവരുന്ന ഭൂമിയിലാണ് ദശലക്ഷക്കണക്കിന് തദ്ദേശീയരായ ഫലസ്തീനികള്‍ തിങ്ങിപ്പാര്‍ക്കുന്നത്. വെസ്റ്റ് ബാങ്കിലും സ്ഥിതി വിഭിന്നമല്ല. അവിടെ 90 ശതമാനം ഭൂമിയും കുടിയേറ്റക്കാരുടെ കൈയിലാണ്. അനുദിനം വിസ്തൃതി ചുരുങ്ങി ഒരു ചെറിയ കോളനിയിലേക്ക് ഫലസ്തീനില്‍ ജനിച്ചുവളര്‍ന്ന ജനതയെ ഒതുക്കികൂട്ടാനുള്ള സമര്‍ഥമായ നീക്കമാണ് ഇക്കാലമത്രയും ഇസ്റാഈല്‍ നടത്തിയത്.

ഇത്തരത്തില്‍ ഭൂമിയുടെയും വസ്തുവകകളുടെ ക്രിയവിക്രയാധികാരവും ഭരണപരമായ നിയന്ത്രണവും ഇസ്റാഈലിന് കൈവന്നതോടെ ഫലത്തില്‍ ഫലസ്തീന്‍ എന്നത് ഒരു അദൃശ്യഭൂപടമാക്കി മാറ്റാന്‍ സയണിസ്റ്റ് ഭീകരതയ്ക്ക് കഴിയും. ഇത്തരം അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടി ഐക്യരാഷ്ട്ര സഭ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ നാല് റിപ്പോര്‍ട്ടുകള്‍ ഇസ്റാഈലിന്റെ കുടില തന്ത്രങ്ങള്‍ വെളിപ്പെടുത്തുന്നതാണ്.


പുറം ലോകമറിയാത്ത ആക്രമണങ്ങളിലൂടെയാണ് ഇസ്റാഈല്‍ അധിനിവേശം വ്യാപിപ്പിക്കുന്നത്. വലിയ യുദ്ധങ്ങളിലൂടെ വെട്ടിപ്പിടിക്കുന്നതിന് പകരം, അതിര്‍ത്തിയോട് ചേര്‍ന്ന തന്ത്രപ്രധാനമായ സ്ഥലങ്ങളിലെല്ലാം കുടിയേറ്റം നടത്തുന്ന രീതിയാണ് അവര്‍ അടുത്ത കാലത്തായി സ്വീകരിച്ചത്. ഇതിനായി അതിര്‍ത്തി മേഖലയില്‍ പൊടുന്നനെ നിയന്ത്രണം കടുപ്പിക്കും. പിന്നെ ആ മേഖലയില്‍ താമസിക്കുന്ന ഫലസ്തീനികളോട് ഒഴിഞ്ഞു പോകാന്‍ പറയും. ഭീഷണിയും കൈയേറ്റവും പതിവാകുന്നതോടെ സ്വരക്ഷാർഥം പലരും വീടും സ്ഥലവും വിട്ടോടും. അല്ലാത്തവരെ ഭയപ്പെടുത്തിയും ഇല്ലാതാക്കിയും ആ സ്ഥലം സൈന്യത്തിന്റെ നിയന്ത്രണത്തിലാക്കും.

പിന്നീട് ഇവിടെ ഇസ്റാഈല്‍ ഭരണകൂടം നിശ്ചയിക്കുന്ന കുടിയേറ്റക്കാരെത്തും. ശേഷം ആ സ്ഥലം അവരുടെ മേഖലയായി പ്രഖ്യാപിക്കും. കഴിഞ്ഞ ആറു വര്‍ഷങ്ങള്‍ക്കിടയില്‍ ഗസ്സയിലും വെസ്റ്റ് ബാങ്ക് അതിര്‍ത്തി മേഖലകളിലും ഇസ്റാഈല്‍ ഇത്തരത്തില്‍ നൂറുകണക്കിന് സെറ്റില്‍മെന്റുകള്‍ ഒരുക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് ശരിവയ്ക്കുന്നതാണ് ഒടുവില്‍, ഈ വര്‍ഷം ജൂലൈ 26ന് ഐക്യരാഷ്ട്ര സഭ പുറത്തിറക്കിയ കത്തിലുള്ളത്. ഫലസ്തീന്റെ അധീനതയിലുള്ള പ്രദേശം ഇസ്റാഈല്‍ പിടിച്ചെടുക്കുന്നത് തടയാന്‍ അന്താരാഷ്ട്ര സമൂഹം നടപടികള്‍ കൈക്കൊള്ളണമെന്നാണ് ജൂലൈ 26ന് അംഗരാജ്യങ്ങള്‍ക്കയച്ച കത്തിലുള്ളത്.

കിഴക്കന്‍ ജറുസലേമിനെ നിയമവിരുദ്ധമായി പിടിച്ചടക്കിയതിന് ശേഷം, വെസ്റ്റ് ബാങ്കിന്റെ വലിയ ഭാഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇസ്റാഈല്‍ നടപടിയെ ആഗോള സമൂഹം എതിര്‍ക്കണമെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായി ഇതിനെ കണക്കാക്കണമെന്നുമാണ് യു.എന്‍ പറഞ്ഞത്. അധിനിവേശ വെസ്റ്റ് ബാങ്കിന്റെ ഗവര്‍ണറായി സ്‌മോട്രിച്ചിനെ നിയമിച്ചതും ഭരണപരമായ അധികാരങ്ങള്‍ ഇസ്റാഈലില്‍ നിക്ഷിപ്തമാക്കിയതും ഒരു കാരണവശാലും അംഗീകരിക്കാനാകാത്ത നിയമനിഷേധമാണെന്നും യു.എന്‍ കത്തില്‍ പറയുന്നു.

എന്നാല്‍, ഇസ്റാഈലിന് കുടപിടിക്കുന്ന ലോക രാജ്യങ്ങളും രക്ഷാ സമിതിയും ഇതൊന്നും പരിഗണിച്ചതേയില്ല.ഇസ്റാഈലിന്റെ ലക്ഷ്യം വ്യക്തമാണ്. വാഗ്ദത്ത ഭൂമിയുടെ പേരുപറഞ്ഞ് മനുഷ്യരില്ലാത്ത ഫലസ്തീനിന്റെ അവസാന മണ്ണും സ്വന്തമാക്കണം. നിരന്തരം സംഘര്‍ഷങ്ങളും ചോരചിന്തലും പൊട്ടിത്തെറികളും ഉപരോധങ്ങളും കാരണം കുറേ മനുഷ്യര്‍ പലായനം ചെയ്തു. അവശേഷിക്കുന്നവരിലേറെയും ഇതേ വഴിയില്‍ പുറത്തു പോകും. പിന്നെ ബാക്കിയുള്ളവരെ അഭയാര്‍ഥി കാംപിലും തടങ്കലിലും തള്ളും.

പിന്നെയും പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നവരെ തോക്കിന്‍മുനയില്‍ കൊന്നുതീര്‍ക്കും. ഇത്രയും ചെയ്യാന്‍ ഇസ്റാഈലിനെ ആരും പഠിപ്പിക്കേണ്ടതില്ല. ഇന്നോളം അവര്‍ ശീലിച്ചതും പ്രവര്‍ത്തിച്ചു കാണിച്ചതുമാണത്. വെള്ളം, ഭക്ഷണം, പാര്‍പ്പിടം, ആശുപത്രികള്‍, റോഡുകള്‍, മറ്റു അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്കു മേല്‍ നിയന്ത്രണമേര്‍പ്പെടുത്തുകയോ അവ തകര്‍ക്കുകയോ ചെയ്യുക വഴി ഫലസ്തീനികള്‍ക്ക് അതിജീവനം സാധ്യമാകാതെ വരുമെന്നും സയണിസ്റ്റുകള്‍ക്ക് അറിയാം. 2008 മുതല്‍ 2022 വരെയുള്ള കണക്കുകള്‍ പ്രകാരം ഗസ്സയിലും വെസ്റ്റ്ബാങ്കിലുമുള്ള ഫലസ്തീന്‍ മേഖലയിലെ 30 ശതമാനത്തോളം റോഡുകളും എട്ട് ശതമാനത്തോളം പാലങ്ങളും ഇസ്റാഈല്‍ ആക്രമണത്തില്‍ തകര്‍ക്കപ്പെട്ടിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്ര സഭയുടെ 2022ലെ പശ്ചിമേഷ്യയെ കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.


ഇക്കണ്ട ക്രൂരതകളെല്ലാം ആവര്‍ത്തിച്ചിട്ടും ഇസ്റാഈല്‍ ആവശ്യപ്പെടുന്നത് സമാധാനമാണത്രെ. എന്നാല്‍, അതവര്‍ക്ക് മാത്രം ആവശ്യമുള്ളതും അവരുടെ ജനതയ്ക്ക് മാത്രം അനുഭവിക്കാന്‍ പാകത്തിലുള്ളതുമായിരിക്കണം. എതിരില്‍ നില്‍ക്കുന്ന മനുഷ്യരുടെ അവകാശങ്ങളോ സ്വാതന്ത്ര്യമോ സമാധാനമോ ഇസ്റാഈലിന്റെ മുന്നില്‍ വിഷയമേ അല്ല.സ്വന്തം മണ്ണില്‍ സ്വയം നിര്‍ണായവകാശത്തോടെ ജീവിച്ചു മരിക്കാന്‍ ഒരുജനതയെ അനുവദിക്കുകയാണ് ലോകം ഇനിയെങ്കിലും ചെയ്യേണ്ടത്.

അതിനുള്ള ഇച്ഛാശക്തി കാണിക്കാനുള്ള കെല്‍പ്പ് ലോകത്തിനുണ്ടാവണം. ഐക്യരാഷ്ട്ര സഭയുടെ കാര്യശേഷിയില്‍ അംഗരാജ്യങ്ങള്‍ക്ക് പോലും മതിപ്പില്ല. ലോകത്തിന്റെ ഏതു കോണിലും ഒരു മനുഷ്യന്‍ അനീതിക്ക് പാത്രമാവുന്നുവെങ്കില്‍ എന്റെ ഉള്ള് അസ്വസ്ഥമായിരിക്കും എന്ന് പറയാന്‍ ഒരു ഗാന്ധിജിയും ഇല്ലാതെ പോയി. അപ്പോള്‍ പിന്നെ, കരുത്തനെ കാണുമ്പോള്‍ കവാത്തുമറക്കാം. അവരെ വാരിപ്പുണര്‍ന്ന് ആവര്‍ത്തിച്ച് പിന്തുണ പ്രഖ്യാപിക്കാം. ഇരയാണ് വേട്ടക്കാരെന്ന് വീണ്ടും വീണ്ടും ഉരുവിടാം…
(അവസാനിച്ചു)

Content Highlights:A world that shelters humanity



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

Kerala
  •  23 days ago
No Image

തെല്‍ അവീവിന് നേരെ വീണ്ടും ഹിസ്ബുല്ലയുടെ റോക്കറ്റ്; ഒരു മരണം, നിരവധി പേര്‍ക്ക് പരുക്ക്,  വീടുകളും കെട്ടിടങ്ങളും തകര്‍ന്നു, വാഹനങ്ങള്‍ക്കും കേടുപാട്

International
  •  23 days ago
No Image

കെ.എ.എസ് ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറിക്ക് കത്തുനൽകി; ഐ.എ.എസ് കസേര വേണം

Kerala
  •  23 days ago
No Image

സംഘര്‍ഷം തടയുന്നതില്‍ പരാജയപ്പെട്ടു, പരിഹരിക്കാന്‍ ആത്മാര്‍ഥമായി ഇടപെടണം; കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ ആര്‍.എസ്.എസും എ.ബി.വി.പിയും  

National
  •  23 days ago
No Image

അഞ്ച് തസ്തികകളില്‍ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാന്‍ പി.എസ്.സി

Kerala
  •  23 days ago
No Image

മുനമ്പം വഖ്ഫ് ഭൂമി: വേഗം പരിഹരിക്കണമെന്ന് സാദിഖലി തങ്ങള്‍  

Kerala
  •  23 days ago
No Image

വയനാട് തിരുനെല്ലിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്

Kerala
  •  23 days ago
No Image

ശബരിമല: തത്സമയ ഓൺലൈൻ ബുക്കിങ് മൂന്നു കേന്ദ്രങ്ങളിൽ

Kerala
  •  23 days ago
No Image

കരിപ്പൂർ റെസ നിർമാണം: മണ്ണെടുപ്പ് സ്ഥലം ജിയോളജി വിഭാഗം പരിശോധിക്കും

Kerala
  •  23 days ago
No Image

ഇന്ന് റേഷന്‍ കടയടപ്പ് സമരം

Kerala
  •  23 days ago