മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷൻ സംശയങ്ങൾക്ക് അതീതമാകണം
ഭരണഘടനാ സ്ഥാപനമായ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷൻ നിർഭയമായും നിഷ്പക്ഷമായുമാണ് പ്രവർത്തിച്ചു പോന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാൽ പിന്നെ പെരുമാറ്റ ചട്ടം നിലവിൽ വരികയായി. തുടർന്നു സർക്കാരുകൾക്ക് പുതിയ വികസന പദ്ധതികളോ വാഗ്ദാനങ്ങളോ പ്രഖ്യാപിക്കാൻ പാടില്ലെന്നാണ് ചട്ടം. ലംഘിച്ചാൽ തെരഞ്ഞെടുപ്പ് അസാധുവാക്കാനുള്ള അധികാരം വരെ കമ്മിഷനുണ്ട്. തെരഞ്ഞെടുപ്പ് കഴിയും വരെ സംസ്ഥാനത്തിന്റെ പരമാധികാരി കമ്മിഷനാണ്. അത്രമേൽ പ്രാധാന്യമർഹിക്കുന്നതാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷൻ എന്ന ഭരണഘടനാ സ്ഥാപനത്തിന്റേത്.
കുറേ വർഷങ്ങളായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടികൾ വിമർശനവിധേയമാകുന്നു എന്നത് കാണാതിരുന്നുകൂടാ. പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങൾക്കും വാഗ്ദാനങ്ങൾക്കുമായി ചില സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തിയതികൾ കമ്മിഷൻ നീട്ടിവയ്ക്കുകയാണെന്ന പരാതി നേരത്തെയുള്ളതാണ്. അതിപ്പോഴും ആവർത്തിച്ചിരിക്കുന്നു എന്നത് അത്യന്തം ഖേദകരമാണ്.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടു പിറകെയാണ് പ്രതിപക്ഷ പാർട്ടികൾ ആക്ഷേപവുമായി രംഗത്ത് വന്നിരിക്കുന്നത്.
കാലാവധി പൂർത്തിയാക്കാൻ രണ്ടോ മുന്നോ സംസ്ഥാനങ്ങൾക്ക് ദിവസങ്ങളുടെ വ്യത്യാസം മാത്രമാണ് ഉണ്ടാകുന്നതെങ്കിൽ അവിടെയും തെരഞ്ഞെടുപ്പുകൾ ഒരു നിശ്ചിത തിയതിയിൽ നടത്താനായി ഉത്തരവിടുകയാണ് പതിവ്. ഗുജറാത്ത് നിയമസഭയുടെ കാലാവധി ഫെബ്രുവരി 18നും ഹിമാചലിൽ ജനുവരി എട്ടിനുമാണ് അവസാനിക്കുന്നത്. രണ്ടാഴ്ചകളുടെ വ്യത്യാസം മാത്രം. സ്വാഭാവികമായും തെരഞ്ഞെടുപ്പ് ഒറ്റ തവണ പ്രഖ്യാപിക്കാമായിരുന്നു.
ഇവിടെ ആ പതിവ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷൻ രാജീവ് കുമാർ ലംഘിച്ചു എന്ന ആക്ഷേപമാണ് പ്രതിപക്ഷ പാർട്ടികൾ ഉയർത്തുന്നത്. ഹിമാചൽ നിയമസഭാ തെരഞ്ഞെടുപ്പ് നവംബർ 12ന് നടക്കുമെന്ന് ഒക്ടോബർ 14ന് കമ്മിഷൻ പ്രഖ്യാപിച്ചു. ഗുജറാത്തിലേത് ഡിസംബർ ഒന്നിനും അഞ്ചിനും നടത്തുമെന്ന് കഴിഞ്ഞ ദിവസവും പ്രഖ്യാപിച്ചു. ഇതിനെ ചൊല്ലിയാണ് പ്രതിപക്ഷവും മുതിർന്ന മാധ്യമ പ്രവർത്തകരും ആക്ഷേപം ഉയർത്തിയത്.
ഒക്ടോബർ 14ന് ഹിമാചലിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കമ്മിഷൻ അന്ന് ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതിരുന്നത് പ്രധാനമന്ത്രിക്ക് ഗുജറാത്തിൽ കൂടുതൽ വികസന പദ്ധതികൾ വാഗ്ദാനം ചെയ്യാനാണെന്ന് പ്രതിപക്ഷ കക്ഷികൾക്കൊപ്പം പ്രമുഖ മാധ്യമ പ്രവർത്തകരും എടുത്തു പറഞ്ഞു. വിമർശനങ്ങളെ സാധൂകരിക്കും വിധം വ്യോമ സേനയുടെ ചരക്ക് വിമാന നിർമാണശാല ഉൾപ്പെടെ 15,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഗുജറാത്തിൽ തുടക്കം കുറിക്കുകയും ചെയ്തു.
പ്രതിപക്ഷ പാർട്ടികളുടെ വിമർശനം കണക്കിലെടുത്ത് കമ്മിഷൻ വിശദീകരണവുമായി രംഗത്തെത്തിയെങ്കിലും അതെത്രമാത്രം വിശ്വാസ യോഗ്യമാണെന്ന് ഉറപ്പിച്ച് പറയാനാവാത്ത അവസ്ഥയുണ്ട്. ''തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിഷ്പക്ഷത പ്രൗഡമായ പാരമ്പര്യമാണ്. നൂറ് ശതമാനം നിഷ്പക്ഷ''മാണെന്ന് രാജീവ് കുമാർ പറയുന്നുണ്ടെങ്കിലും ആക്ഷേപം ഉന്നയിക്കുന്നവർക്കും പൊതുസമൂഹത്തിനും കൂടി അതു ബോധ്യപ്പെടേണ്ടതുണ്ട്.
ബി.സി 62ൽ റോമാ സാമ്രാജ്യം ഭരിച്ചിരുന്ന ജൂലിയസ് സീസർ നടത്തിയ വിഖ്യാതമായ പരാമർശമാണ് സീസറുടെ ഭാര്യ പരിശുദ്ധയായാൽ മാത്രം പോരാ സംശയങ്ങൾക്ക് അതീതമാകണമെന്ന വാചകം. ആ വാക്കുകൾ ഇവിടെയും പ്രസക്തമാണ്. കണ്ണും കാതും പൊത്തുന്ന ഇമോജി സഹിതം കോൺഗ്രസ് പരിഹാസ രൂപേണ ട്വിറ്ററിൽ കുറിച്ചത് 'തെരഞ്ഞെടുപ്പ് കമ്മിഷൻ ഒരു സ്വയം ഭരണ സ്ഥാപനമാണ്. അത് നീതിയുക്തമായ തെരഞ്ഞെടുപ്പ് നടത്തുന്നു' എന്നായിരുന്നു.
രാജ്യാന്തര പ്രശസ്തനായ മുതിർന്ന മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായിയും സമാന രീതിയിലുള്ള പരിഹാസ ശരങ്ങളാണ് കമ്മിഷന് നേരെ എയ്ത് വിട്ടത്. 'ബ്രേക്കിങ് ന്യൂസ്: ഇപ്പോൾ എല്ലാ സർക്കാർ പരിപാടികളും കഴിഞ്ഞു. റിബണുകൾ മുറിച്ചു കഴിഞ്ഞു. തറക്കല്ലുകൾ സ്ഥാപിച്ചു കഴിഞ്ഞു. വാഗ്ദാനങ്ങൾ നൽകിക്കഴിഞ്ഞു. ഒടുവിൽ ഗുജറാത്ത് തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. ആരാണ് ഷെഡ്യൂൾ തീരുമാനിക്കുന്നതെന്ന് ഊഹിക്കുക' എന്നാണദേഹം ട്വിറ്ററിൽ കുറിച്ചത്.
തെരഞ്ഞെടുപ്പ് കമ്മിഷനെ വിമർശിക്കുന്ന പാർട്ടികൾക്ക് ഞെട്ടിപ്പിക്കുന്ന തെരഞ്ഞെടുപ്പ് ഫലങ്ങളുണ്ടായിട്ടുണ്ടെന്ന് വിമർശനങ്ങൾക്ക് മറുപടിയായി കമ്മിഷൻ പറഞ്ഞിരിക്കുകയാണ്. എന്നാലും തോൽക്കുന്ന ടീം അംപയറെ കുറ്റം പറയുക എന്നത് സ്വാഭാവികമാണെന്ന കമ്മിഷന്റെ മറുപടി സംശയത്തിനിടനൽകുന്നതായി. ഈ മറുപടിയും വിവാദത്തിലായിരിക്കുന്നു. തോൽക്കുന്ന ടീം ആരാണെന്ന് കമ്മിഷൻ തീരുമാനിച്ചു കഴിഞ്ഞോ എന്നാണ് ഉയരുന്ന വിമർശനങ്ങൾ.
മുമ്പൊന്നും കേൾക്കാത്ത വിമർശനങ്ങളും ആക്ഷേപങ്ങളും രാഷ്ട്രീയ പാർട്ടികളിൽ നിന്നും മുതിർന്ന മാധ്യമ പ്രവർത്തകരിൽ നിന്നും ഉണ്ടാകുന്നുവെങ്കിൽ കമ്മിഷന്റെ നടപടികൾ സംശയത്തിനിടനൽകുന്നു എന്നല്ലേ മനസിലാക്കേണ്ടത്. മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ നിലനിൽപ്പ് സ്വതന്ത്രമായ തെരഞ്ഞെടുപ്പിനെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. അതിനാൽ തന്നെ തെരഞ്ഞെടുപ്പുകൾ സത്യസന്ധമായും ആക്ഷേപങ്ങൾക്കിടമില്ലാത്ത വിധവും നടത്തുക എന്നത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവാദിത്വമാണ്. ആ ഉത്തരവാദിത്വ നിർവഹണത്തിൽ വിള്ളൽ വീഴുമ്പോൾ ജനാധിപത്യത്തിനും ഭരണഘടനക്കുമാണ് പരുക്കേൽക്കുന്നത്. ജനാധിപത്യ ഭരണ സംവിധാനത്തിന് വിള്ളൽ വീഴ്ത്താത്ത, സംശയാതീതമായ പ്രവർത്തനമാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷനിൽ നിന്നും മുഴുവൻ ജനാധിപത്യവിശ്വാസികളും പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."