ഫലസ ്തീന്റെ ഉള്ളു കാണൂ,ഈ പുസ‌്തകത്തിലൂടെ
പുസ്തകപ്പാത
വി. മുസഫര്‍ അഹമ്മദ്
ഗസ്സക്ക് ആര്‍ദ്രതയോ കുട്ടിക്കാലമോ ഇല്ല. ഇവിടെ ഒരു കുട്ടി പുരുഷനായും ഒരു പെണ്‍കുട്ടി വധുവായും ജനിക്കുന്നു.- 'ഗസ്സയിലെ ആത്മഭാഷണങ്ങള്‍' എന്ന നാടകത്തിലെ സംഭാഷണം-. ഫലസ്തീനിന്റെ ഉള്ളു കാണിക്കുന്ന നാടകങ്ങളുടെ സമാഹാരമായ ' സ്റ്റോറീസ് അണ്ടര്‍ ഓക്കുപ്പേഷന്‍ ആന്റ് അദര്‍ പ്ലേയ്‌സ് ഫ്രം ഫലസ്തീന്‍' (സമര്‍ അല്‍ സാബിര്‍, ഗാരി എം ഇംഗ്ലീഷ് എന്നിവര്‍ എഡിറ്റ് ചെയ്ത് സീഗള്‍ ബുക്ക്‌സ് പ്രസിദ്ധീകരിച്ച പുസ്തകം) എന്ന അസാധാരണ സമാഹരത്തിലെ ഒരു നാടകമാണ് 'ഗസ്സയിലെ ആത്മഭാഷണങ്ങള്‍'. അതില്‍ നിന്നുള്ള ഇവിടെ ഉദ്ധരിച്ച വരികള്‍ കുട്ടിക്കാലമില്ലാത്ത ഫലസ്തീനികളുടെ ജീവിതത്തെ തുറന്നു കാണിക്കുന്നു. എത്രയോ തലമുറകളായി ഫലസ്തീനികളുടെ ജീവിത യാഥാര്‍ഥ്യത്തെ ഈ സംഭാഷണം കൃത്യമായി വരച്ചു കാട്ടുകയാണ്. ജനിച്ചു വീണാല്‍ ഉടനെ മുതിര്‍ന്ന് സ്ത്രീയും പുരുഷനുമായി മാറുക എന്നതാണ് അവരുടെ വിധി. ഒരു ജനതക്ക് മൊത്തമായി കുട്ടിക്കാലം നിഷേധിക്കപ്പെട്ടാല്‍ അവരുടെ മനോനില എന്തായിരിക്കുമെന്ന് ആലോചിച്ചു നോക്കാന്‍ ഈ സംഭാഷണം മാത്രം മതി.
അധിനിവേശ ജനതയുടെ കഥകള്‍, ഞങ്ങള്‍ ഈ അഭയാര്‍ഥി ക്യാമ്പിലെ കുട്ടികളാണ്, ഗസ്സയിലെ ആത്മഭാഷണങ്ങള്‍, ഷെയ്ക്ക്‌സ്പിയറുടെ സഹോദരിമാര്‍, ത്രീ ഇന്‍ വണ്‍, ഉപരോധം, താഹ എന്നീ നാടകങ്ങളാണ് 260 പേജുള്ള സമാഹാരത്തിലുള്ളത്. അധിനിവേശ ജനതയുടെ കഥകള്‍ എന്ന നാടകത്തില്‍ പല കാലങ്ങളിലെ ദിനപത്രങ്ങളുമായി കഥാപാത്രങ്ങള്‍ കടന്നുവരുന്നു. അതിലൂടെ നാടക സംവിധായകന്‍ അമീര്‍ നിസാര്‍ സുബി ഒരു കാര്യം വെളിപ്പെടുത്തുന്നു: ഫലസ്തീന്‍ സംബന്ധിയായ പത്ര തലക്കെട്ടുകള്‍ക്ക് കാലം കടന്നുപോകുമ്പോഴും മാറ്റങ്ങളൊന്നുമുണ്ടാകുന്നില്ല. അതായത് ഫലസ്തീന്‍ പ്രശ്‌നത്തിന് പരിഹാരങ്ങളൊന്നുമുണ്ടാകുന്നില്ല, അതിന്റെ സങ്കീര്‍ണത കൂടിക്കൂടി വരിക മാത്രാണ്. പത്രവാര്‍ത്തകളിലൂടെ ഫലസ്തീന്‍ യാഥാര്‍ഥ്യം അരങ്ങില്‍ അവതരിപ്പിക്കുകയാണ് ഈ നാടകം. നാടകം ഫലസ്തീനില്‍ കളിച്ചത് പത്ര വാര്‍ത്തകളില്‍ പറയുന്ന സ്ഥലങ്ങളിലായിരുന്നു. കൂട്ടക്കുരുതി നടന്ന സ്ഥലം തന്നെ അരങ്ങായി മാറ്റുന്ന രീതിയാണ് ഇതിന്റെ പ്രവര്‍ത്തകര്‍ അവലംബിച്ചത്. ലോകത്തിന്റെ പല ഭാഗങ്ങളിലും അവതരിപ്പിച്ച നാടകമാണിത്. പത്രവാര്‍ത്തകളുടെ ശ്മശാനത്തിലാണ് ഈ നാടകം അരങ്ങേറുന്നത്, അതായത് ചരിത്രത്തിന്റെ തന്നെ ശ്മശാനത്തില്‍.
' ഞങ്ങള്‍ അഭയാര്‍ഥി ക്യാമ്പിലെ കുട്ടികളാണ്' എന്ന നാടകം അബ്ദുല്‍ ഫത്തഹ് അല്‍ സുറൂര്‍ രചിച്ചതാണ്. അഭയാര്‍ഥികളുടെ സത്യവാങ്മൂലങ്ങള്‍ എന്ന ആശയമാണ് ഈ നാടകം അവതരിപ്പിക്കുന്നത്. രണ്ടാം ഇന്‍തിഫാദയുടെ കാലത്ത് 2003ല്‍ ബെത്ത്‌ലഹേമിലെ ഐദ അഭയാര്‍ഥി ക്യാമ്പിലാണ് നാടകം ആദ്യമായി അവതരിപ്പിച്ചത്. ബാല്‍ഫുര്‍ കരാര്‍ മുതല്‍ ഫലസ്തീനികള്‍ എങ്ങനെ നിരന്തരമായി പല കരാറുകളുടേയും പേരില്‍ ആസൂത്രിതമായി വഞ്ചിക്കപ്പെട്ടു എന്ന ചരിത്രത്തിലേക്കാണ് നാടകം കാണികളെ കൊണ്ടു പോകുന്നത്. അഭയാര്‍ഥി ക്യാമ്പുകളിലെ കുട്ടികളുടെ സംഭാഷണങ്ങളിലൂടെ ഈ ചരിത്രം അരങ്ങില്‍ ആഴത്തില്‍ വെളിവാക്കപ്പെടുന്നു. 1948ലെ നക്ബയില്‍ ഫലസ്തീനികള്‍ സ്വന്തം മണ്ണില്‍ നിന്ന് തുരത്തപ്പെടുന്ന വേളയില്‍ കൊല്ലപ്പെടുന്ന ഒരു കുടുംബത്തെ മുന്‍നിര്‍ത്തിയാണ് നാടകത്തിലെ ആഖ്യാനം വളരുന്നത്. അഭയാര്‍ഥി ക്യാമ്പിലേക്ക് ഇരച്ചുകയറുന്ന ഇസ്റാഇൗലി പട്ടാള സംഘത്തിനു മുന്നില്‍ അകപ്പെടുന്ന കുട്ടികള്‍ തങ്ങളുടെ യാഥാര്‍ഥ്യത്തെ ഭയമില്ലാതെ നേരിടുന്നു. ഒപ്പം വ്യക്തികളുടെ അനുഭവങ്ങളും ഫലസ്തീന്‍ നേതാക്കളുടെ സമീപനങ്ങളും നിലപാടുകളും മാറ്റുരക്കപ്പെടുകയും ചെയ്യുന്ന രീതിയിലാണ് നാടകത്തിന്റെ ഘടന. വ്യക്തിപരമായതെല്ലാം രാഷ്ട്രീയമാകുന്ന കാഴ്ച്ച കൂടി നാടകത്തിന്റെ ഓരോ രംഗത്തിലും കാണികള്‍ അനുഭവിക്കുന്നു.
അമീര്‍ അല്‍ഹലിന്റെ താഹ എന്ന നാടകം ഫലസ്തീന്‍ കവി താഹ മുഹമ്മദ് അലിയുടെ ആത്മകഥയുടെ നാടക രൂപമാണ്. താഹ മുഹമ്മദ് എന്ന കവിയും വ്യക്തിയും നേരിടുന്ന ദുരന്തങ്ങള്‍, അപമാനങ്ങള്‍ എന്നിവയിലൂടെ ഫലസ്തീന്റെ നിരവധി രാഷ്ട്രീയ സന്ദര്‍ഭങ്ങള്‍ നാടകം സുതാര്യമാക്കുന്നു. വ്യക്തി അനുഭവങ്ങളുടെ സാമൂഹികതലവും ആഴത്തില്‍ തന്നെ നാടകത്തില്‍ വരുന്നു. നിത്യ ജീവിതത്തിന്റെ മനോഹാരിതയും ട്രാജഡിയും നാടകത്തില്‍ മുഖാമുഖം നില്‍ക്കുന്നു. ലെബനോനിലെ അഭയാര്‍ഥി ക്യാമ്പിലെ ഫലസ്തീനി ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന സംഭാഷണ ഭാഗം ഇങ്ങനെ:
നമ്മള്‍ പതിനായിരക്കണക്കിന് ഫലസ്തീനികള്‍ ലബനാനിലെ അഭയാര്‍ഥി ക്യാമ്പിലാണ്, നമ്മുടെ പുതിയ വീടുകള്‍ യു.എന്‍ തന്ന നീല നിറത്തിലുള്ള തമ്പുകളാണ്. യു.എന്‍ പരിശോധകര്‍ ഇടയ്ക്ക് വരുന്നു, പോകുന്നു. അവര്‍ നോട്ടുബുക്കുകളില്‍ റിപ്പോര്‍ട്ടുകള്‍ എഴുതുന്നു, അതിനായി വരുന്നു, അതു കഴിഞ്ഞ് പോകുന്നു.
ഞാന്‍ ആലോചിക്കുകയാണ്.
എന്താണ് സംഭവിക്കുന്നത്?
നമ്മള്‍ യുദ്ധത്തിലാണോ? അതോ യുദ്ധത്തിലല്ലേ?
ഇവിടെ നമ്മള്‍ എത്ര നാള്‍ തങ്ങും. ഒരാഴ്ച്ച, അതോ രണ്ട്, അല്ലെങ്കില്‍ മൂന്ന്.
അതോ നമ്മള്‍ ഒരിക്കലും വീട്ടിലേക്ക് മടങ്ങില്ലേ?
ചിലര്‍ ഇതെല്ലാം നിഷേധിച്ചു. മറ്റു ചിലര്‍ കൂടുതല്‍ വലിയത് സംഭവിക്കാന്‍ പോകുന്നു എന്ന് മനസ്സിലാക്കി.
ഒന്ന് ശരിയാണ്, സത്യമാണ്- എല്ലാവരും കാത്തിരിക്കുകയാണ്:
താഹ എന്ന നാടകം ഇങ്ങനെ പറഞ്ഞുകൊണ്ടാണ് ഫലസ്തീന്‍ യാഥാര്‍ഥ്യത്തിന്റെ പല അടരുകള്‍ അവതരിപ്പിക്കുന്നത്, പരിശോധിക്കുന്നത്. ഫലസ്തീന്‍ കവിത സവിശേഷമായും അറബ് കവിത സമാന്യമായും നാടകത്തില്‍ സമൃദ്ധമായി ഉപയോഗപ്പെടുത്തിയിട്ടുമുണ്ട്. നാടകത്തിന്റെ എഴുത്തു രൂപത്തില്‍ സംഗീതത്തെക്കുറിച്ചു നല്‍കുന്ന സൂചനകള്‍ അരങ്ങില്‍ നാടകം എങ്ങിനെയെല്ലാം പ്രവര്‍ത്തിക്കുമെന്നതിനെക്കുറിച്ചുള്ള രൂപരേഖയാണ്. ഇത്തരം പരാമര്‍ശങ്ങള്‍ വായനക്കാരന്റെ മനസ്സില്‍ പതിഞ്ഞു കിടക്കുക തന്നെ ചെയ്യും. ഫലസ്തീന്‍ ജീവിതത്തില്‍ എപ്പോഴും പിന്തുടരുന്ന യുദ്ധം, അഭയാര്‍ഥിത്വം എന്നീ കാര്യങ്ങളുടെ പല തരം അടരുകള്‍ നാടകത്തില്‍ കടന്നു വരുന്നു.
രണ്ടാം ഇന്‍തിഫാദയുടെ ഉച്ചാവസ്ഥയില്‍ ബത്‌ലഹേമിലെ ചര്‍ച്ച് ഓഫ് നേറ്റിവിറ്റി 39 ദിവസം ഉപരോധിച്ചതിന്റെ കഥയാണ് സീജ് എന്ന നാടകം പുറത്തുകൊണ്ടുവരുന്നത്. ചര്‍ച്ചിനകത്ത് കയറിയ ആറ് ഫലസ്തീന്‍ പോരാളികളുമായുള്ള യഥാര്‍ഥ സംഭാഷണങ്ങളില്‍ നിന്നാണ് നാടകം രൂപം കൊണ്ടത്. എന്തുകൊണ്ട് തങ്ങള്‍ക്ക് ചര്‍ച്ചിനകത്ത് കയറി ഭീഷണി മുഴക്കേണ്ടി വന്നു എന്നതിനെക്കുറിച്ച് പോരാളികള്‍ പറയുന്നു. ഇവരുടെ സംഭാഷണത്തിലൂടെയും ഫലസ്തീന്‍ യാഥാര്‍ഥ്യങ്ങളെ കണ്ടെത്താനും അവതരിപ്പിക്കാനുമാണ് നാടകകൃത്ത് നാബില്‍ അല്‍ റായി ശ്രമിക്കുന്നത്. ഉപരോധത്തിനു ശേഷം കുറേക്കാലം കഴിഞ്ഞ് ടൂറിസ്റ്റ് ഗൈഡായ ഈസ ഒരു ടൂറിസ്റ്റ് സംഘത്തെ് ചര്‍ച്ച് കാണിക്കുന്നതും 39 ദിവസത്തെ ഉപരോധത്തെക്കുറിച്ച് വിശദീകരിക്കുന്നതുമാണ് നാടകത്തിന്റെ പ്രമേയം. ഈസയുടെ പറച്ചിലിനിടെ ആറ് പോരാളികള്‍ നേരിട്ട് വന്ന് യാത്രാ സംഘത്തിന് വിശദീകരണങ്ങള്‍ നല്‍കുന്ന രീതിയിലാണ് നാടകത്തിന്റെ ഘടന. പോരാളികളുടെ വിശദീകരണ സമയത്ത് .യഥാര്‍ഥ സംഭവത്തിന്റെ വീഡിയോ ഫൂട്ടേജ് അരങ്ങില്‍ പ്രദര്‍ശിപ്പിക്കുന്നുമുണ്ട്. നാടകം ചര്‍ച്ചില്‍ കയറി ഭീതി സൃഷ്ടിച്ചവര്‍ക്ക് മാപ്പു നല്‍കുന്നില്ല, പക്ഷേ അവര്‍ക്ക് എന്തുകൊണ്ട് അത് ചെയ്യേണ്ടി വന്നു എന്നത് പരിശോധിക്കുകയാണ്.
'ഷെയ്ക്ക്‌സ്പിയറിന്റെ സഹോദരിമാര്‍' ഫലസ്തീന്‍ കുടുംബ ഘടനയ്ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന പുരുഷാധിപത്യ മൂല്യങ്ങളെ വിമര്‍ശിക്കുന്നു. ഷെയ്ക്ക്‌സ്പിയറിന്റെ സഹോദരിമാരുടെ വീട് എന്നു വിളിക്കപ്പെടുന്ന കല്‍പ്പിതമായ ഒരു സ്ഥലത്ത് ഒത്തുചേരുന്ന സ്ത്രീകളെ ഈ നാടകത്തില്‍ കാണാം. അങ്ങനെ ഒത്തുചേര്‍ന്നവരിലെ റീം ഇങ്ങനെ പറയുന്നു:
ഈ സ്ഥലം എന്നെ ഒരുപാട് സഹായിച്ചു. ഈ വീട് അവിവാഹിതയുടെ റഫറന്‍സ് സ്ഥലമാണ്. അവിടെ ഞങ്ങള്‍ ഒരുപാട് ചിരിച്ചു. പക്ഷേ ഇവിടെയെത്തിയവരെല്ലാം നിരാശകള്‍, മനം മടുപ്പുകള്‍, ദുഃഖങ്ങള്‍ എന്നിവയില്‍ നിന്ന് നീന്തിയാണ് ഈ വീട്ടില്‍ വന്നുചേര്‍ന്നത്. അവിടെ ഞങ്ങള്‍ അതീവ സന്തോഷവതികളായിരുന്നു, കുറ്റബോധം ഒട്ടുമുണ്ടായിരുന്നില്ല. പക്ഷേ, ആ സ്ഥലം ഇപ്പോള്‍ അടച്ചിരിക്കുന്നു എന്നത് ലജ്ജാകരമാണ്: ഇങ്ങനെ സ്ത്രീജീവിത അന്തസ്സിന്റെ, സ്വാതന്ത്ര്യത്തിന്റെ വാദങ്ങള്‍ ഇതിൽ മുഴങ്ങി കേള്‍ക്കാം.
ഇങ്ങനെ അരങ്ങിന്റെ വിവിധ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന നാടകങ്ങളാണ് ഇവിടെ സമാഹരിക്കപ്പെട്ടിരിക്കുന്നത്. ഒരു ഭാഗത്ത് ഇസ്റാഇൗൽ അധിനിവേശം, മറുവശത്ത് കുടുംബ ജീവിതത്തിലെ ആണാധിപത്യം- ഇതിനിടയില്‍ എപ്പോള്‍ വേണമെങ്കിലും പൊട്ടിപ്പുറപ്പെടാവുന്ന യുദ്ധങ്ങള്‍- ഈ അന്തരീക്ഷത്തില്‍ രചിക്കപ്പെട്ട നാടകങ്ങളുടെ പ്രധാന ഉറവിടം, അല്ലെങ്കില്‍ നാടകാഖ്യാനം ആരംഭിക്കുന്നത് ഫലസ്തീന്‍ കുടുംബങ്ങളുടെ ഉള്ളില്‍ നിന്നു തന്നെയാണ് എന്ന് ഓരോ നാടകത്തിലും കാണാം. ഫലസ്തീന്‍ പോരാളിയെപ്പോലും അമാനുഷികരായി അവതരിപ്പിക്കുന്ന അതി വ്യാഖ്യാനങ്ങള്‍ നാടകങ്ങളില്‍ കാണാന്‍ കഴിയില്ല. അതിനുള്ള കാരണം നാടകങ്ങളില്‍ കടന്നുവരുന്ന ഓരോ കാര്യവും ഫലസ്തീനികളുടെ നിത്യ ജീവിതത്തില്‍ നിന്നുള്ളതാണ് എന്നതു തന്നെയാണ്. കുടുംബ സ്‌നേഹവും കലഹവും മുതല്‍ ചാവേറുകള്‍ വരെ അവരുടെ നിത്യ ജീവിത യാഥാര്‍ഥ്യങ്ങളില്‍ നിന്നു തന്നെയാണ് രൂപപ്പെടുന്നത്. ഈ പൊള്ളിക്കുന്ന യാഥാര്‍ഥ്യം നാടക സമാഹരത്തിന്റെ ഓരോ താളിലും വായനക്കാര്‍ക്ക് അനുഭവിക്കാന്‍ കഴിയും. ഈ നാടകങ്ങളുടെ പ്രത്യേകത അതു തന്നെയാണ്, ഒന്നും അസാധാരണമല്ല, എല്ലാം ഫലസ്തീന്‍ ജീവിതത്തില്‍ നിത്യവും സംഭവിക്കുന്നു എന്ന വസ്തുതയിലേക്ക് ഓരോ വായനക്കാരന്റേയും ശ്രദ്ധ ക്ഷണിക്കുന്നു എന്നതു തന്നെയാണ്.
ഡാറ്റകള്‍ കൊണ്ട് ഫലസ്തീന്‍ യാഥാര്‍ഥ്യം അമേരിക്കയേയോ ബ്രിട്ടനെയോ പടിഞ്ഞാറന്‍ രാജ്യങ്ങളെയോ മനസ്സിലാക്കിക്കാന്‍ കഴിയില്ലെന്നും അതേസമയം നാടകങ്ങളുടെ ഇംഗ്ലീഷ് വിവര്‍ത്തനം ആ ജനതയിലേക്ക് കൂടി ഫലസ്തീന്‍ യാഥാര്‍ഥ്യങ്ങള്‍ എത്തിക്കാന്‍ സഹായിക്കുമെന്ന പ്രതീക്ഷയും എഡിറ്റര്‍മാരില്‍ ഒരാളായ ഗാരി .എം. ഇംഗ്ലീഷ് പുസ്തകം ഇറങ്ങിയ 2020ല്‍ സമാഹാരത്തിന്റെ ആദ്യ താളുകളില്‍ പങ്കുവച്ചിരുന്നു. തീര്‍ച്ചയായും ഈ രാജ്യങ്ങളിലെ ചെറിയൊരു വിഭാഗം മനുഷ്യരെ ഈ നാടക പുസ്തകം സ്വാധീനിച്ചിട്ടുണ്ട്. അത്തരം ചര്‍ച്ചകളും പലയിടങ്ങളിലും ഉണ്ടായിട്ടുമുണ്ട്. എന്നാല്‍ ലോകാഭിപ്രായം രൂപീകരിക്കുന്നവര്‍ ഈ പുസ്തകത്തെ മറച്ചുപിടിക്കുകയായിരുന്നുവെന്ന് തന്നെ വേണം മനസ്സിലാക്കാന്‍. കാരണം ഈ നാടക പുസ്തകം വായിക്കുന്നവര്‍ക്ക് ഫലസ്തീന്റെ് ഉള്ള് വ്യക്തമായി കാണാന്‍ കഴിയും. ഇന്ന് അവിടെ രൂപപ്പെട്ടിരിക്കുന്ന പ്രശ്‌നങ്ങളുടെ യഥാര്‍ഥ കാരണം എളുപ്പത്തില്‍ മനസ്സിലാക്കാനും കഴിയും.
കേരളത്തില്‍ നടക്കുന്ന വിവിധ ചലച്ചിത്രമേളകളില്‍ ഫലസ്തീന്‍ സിനിമകള്‍ കാണികളുടെ ശ്രദ്ധ നേടുകയും ചര്‍ച്ചയാവുകയുമുണ്ടായിട്ടുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള നാടകങ്ങളുടെ മലയാള അവതരണങ്ങള്‍ ഉണ്ടായിട്ടില്ല. പൊതുവില്‍ കേരളത്തിലെ നാടക വേദി നേരിടുന്ന പ്രതിസന്ധിയുടെ കൂടി ഭാഗമായിരിക്കാമിത്. തൃശൂരില്‍ നടക്കുന്ന അന്താരാഷ്ട്ര നാടക മേളയില്‍ ഒന്നോ രണ്ടോ ഫലസ്തീന്‍ നാടകങ്ങള്‍ മുമ്പ് അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്തായാലും ഇസ്റാഇൗ ലിനൊപ്പം നിന്ന് വാദമുഖങ്ങള്‍ ഉയര്‍ത്തുന്നവരെക്കൂടി തിരുത്താന്‍ കെല്‍പ്പുള്ളതാണ് ഈ സമാഹാരത്തിലെ ഓരോ നാടകങ്ങളും അതിലെ ഉജ്ജ്വലമായ മുഹൂര്‍ത്തങ്ങളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."