പിതാമഹന്‍ പറഞ്ഞ ജീവിതപാഠങ്ങള്‍
ഉൾക്കാഴ്ച
മുഹമ്മദ്
നവതി പിന്നിട്ട ആ വൃദ്ധനോട് പേരമക്കള്‍ പറഞ്ഞു: 'അച്ഛച്ഛോ, അങ്ങേക്ക് ദൈവം വലിയ അനുഗ്രഹമാണു ചെയ്തിരിക്കുന്നത്. ഇത്രയും കാലം ആരോഗ്യത്തോടെ ജീവിച്ചിരിക്കാന്‍ കഴിഞ്ഞല്ലോ..
അപ്പോള്‍ വൃദ്ധന്‍: 'സമയത്തെ ക്രിയാത്മകമായി വിനിയോഗിക്കുകയാണെങ്കില്‍ ദീര്‍ഘായുസ് അനുഗ്രഹം തന്നെ. എന്നാല്‍ അനാവശ്യമായി തുലച്ചുകളയുകയാണെങ്കില്‍ എത്രയും വേഗം മരിച്ചുപോകുന്നതാണു നല്ലത്'.
'ജീവിതത്തില്‍ അച്ഛന് അനേകം അനുഭവങ്ങള്‍ കാണുമല്ലോ... പല പാഠങ്ങളും അതില്‍നിന്ന് പഠിച്ചിട്ടുമുണ്ടാകും. അച്ഛന് ഏറ്റവും ഫലപ്രദമായി തോന്നുന്ന അല്‍പം ജീവിതപാഠങ്ങള്‍ ഞങ്ങളുമായി പങ്കുവയ്ക്കുമോ...?'
'തീര്‍ച്ചയായും. പക്ഷേ, അതു പ്രാവര്‍ത്തികമാക്കാന്‍ നിങ്ങള്‍ തയാറാകണം...'
'അതു ഞങ്ങളേറ്റു...'
അച്ഛന്‍ പറഞ്ഞുതുടങ്ങി: 'എന്തിനെയും ഈച്ചയുടെ കണ്ണോടെയല്ല, തേനീച്ചയുടെ കണ്ണോടെയാവണം നോക്കിക്കാണേണ്ടത്. ഈച്ചയുടെ കണ്ണോടു നോക്കിയാല്‍ മ്ലേച്ഛതകള്‍ മാത്രമേ കാണൂ. തേനീച്ചയുടെ കണ്ണോടെ നോക്കിയാല്‍ നന്മകള്‍ മാത്രം കാണാം. സംസാരം മരുന്നുപോലെയാവണം. കൂടുതലായാല്‍ ഉപദ്രവമാകും. കുറച്ചായാല്‍ ഉപകരിക്കും. നിങ്ങള്‍ക്ക് ശത്രുക്കളനേകം കാണും. എന്നാല്‍ ഏറ്റവും മോശപ്പെട്ട ശത്രു ഒരു കാലത്ത് നിന്റെ സുഹൃത്തായിരുന്നവനാണ്.
ദേഷ്യം സൂക്ഷിക്കണം. കാരണം, ദേഷ്യമുണ്ടാകുമ്പോള്‍ നന്മകള്‍ പോലും തിന്മയായി തോന്നും. ഒരു നന്മയും കണ്ണില്‍പ്പെടില്ല. തര്‍ക്കങ്ങളും വാദങ്ങളും അപ്പോഴാണ് ഉയരുക. സ്‌നേഹം കാത്തുസൂക്ഷിക്കുക. കാരണം, സ്‌നേഹമുണ്ടാകുമ്പോള്‍ തെറ്റുകള്‍പോലും കണ്ണില്‍പ്പെടില്ല. കണ്ണില്‍പ്പെട്ടാല്‍തന്നെ അതിനെ പരമാവധി മറിച്ചുവയ്ക്കാനും ന്യായങ്ങള്‍ കണ്ടെത്താനും ശ്രമിക്കും.
ഉണ്ടാകുമ്പോള്‍ വിലയറിയാതിരിക്കുകയും ഇല്ലാതാകുമ്പോള്‍ വിലയുണ്ടാവുകയും ചെയ്യുന്ന പലതുമുണ്ട് ലോകത്ത്. അവയിലൊന്നാണ് മാതാപിതാക്കള്‍. അതിനാല്‍ അവരുള്ളപ്പോള്‍തന്നെ അവരുടെ വിലയറിയാന്‍ ശ്രമിക്കുക.
മുഖത്ത് സദാ പുഞ്ചിരിവരുത്താന്‍ ശ്രമിക്കണം. വൈദ്യുതിയെക്കാള്‍ ചെലവു കുറവാണതിന്..എന്നാല്‍ വൈദ്യുതിയില്‍ കത്തുന്ന വിളക്കിനേക്കാള്‍ പ്രകാശമാണതിന്. ശരിക്കും പറഞ്ഞാല്‍ ഒരു രണ്ടാം സൂര്യന്‍തന്നെ പുഞ്ചിരി. ഏതു ഇരുട്ടിനെയും അകറ്റാനുള്ള കഴിവ് അതിനുണ്ട്. നാം നല്‍കുന്ന ദാനത്തിനു പോലും വിലയുണ്ടാകുന്നത് ദാനം ചെയ്യുമ്പോള്‍ മുഖത്ത് പുഞ്ചിരി ലങ്കുമ്പോഴാണ്.
സംസാരം ആവശ്യത്തിനു മാത്രമാക്കുക. നിങ്ങള്‍ മൗനം പാലിക്കുകയും നിങ്ങളുടെ മൗനംകണ്ട് മറ്റുള്ളവര്‍ നിങ്ങളെക്കുറിച്ച് മൂകനാണെന്നു പറയുകയും ചെയ്യലാണ് സംസാരം കേട്ട് നിങ്ങളെ അവര്‍ വിഡ്ഢിയാണെന്നു കരുതുന്നതിലും ഭേദം.
അര്‍ഹമായതിലേറെ ഒരാള്‍ക്കും ഒന്നും കൊടുക്കരുത്. അമിതജലം കൊടുത്താല്‍ ചെടികള്‍ നശിച്ചുപോകുന്നതു കണ്ടിട്ടില്ലേ. ജനങ്ങളുടെ സംസാരം നിങ്ങളെ മുറിവേല്‍പ്പിച്ചാല്‍ ആ സംസാരത്തെ കുറിച്ചാലോചിച്ച് ഇനി നിങ്ങളും നിങ്ങളെ മുറിവേല്‍പ്പിക്കരുത്. അവര്‍ നിങ്ങളെ പോലെയുള്ള മനുഷ്യര്‍ മാത്രമാണെന്നു കരുതി വിട്ടേക്കക്കുക. അവരുടെ കൈയിലുള്ളത് നാവു മാത്രമാണ്. ചിലപ്പോള്‍ നിങ്ങളെ ഈ ലോകം മുഴുവന്‍ വേദനിപ്പിച്ചെന്നിരിക്കും. ആ സമയത്ത് നിങ്ങളെ സാന്ത്വനപ്പെടുത്തിയിട്ടുണ്ടാവുക ഒരേയൊരു വ്യക്തി മാത്രമായിരിക്കും. അങ്ങനെയുള്ള ആ വ്യക്തി നിങ്ങളെ വേദനിപ്പിച്ചാല്‍ ലോകം മുഴുവന്‍ ശ്രമിച്ചാലും നിങ്ങളെ സാന്ത്വനപ്പെടുത്താനാവാതെ വരും. അതിനാല്‍ കരുതിമാത്രം ചുവടുകള്‍ വയ്ക്കുക.
നിങ്ങളുമായി സംസാരിക്കാന്‍ കൊതിക്കുന്ന വ്യക്തികളെ നിങ്ങള്‍ അവഗണിച്ചുകളയരുത്. നിങ്ങള്‍ക്ക് ഒരുപക്ഷേ, അദ്ദേഹം പ്രധാനിയായിരിക്കില്ലെങ്കില്‍ നിങ്ങള്‍ അദ്ദേഹത്തിനു പ്രധാനിയായിരിക്കാം. അദ്ദേഹത്തിന്റെ അടുക്കലുള്ള നിങ്ങളുടെ സ്ഥാനം നിങ്ങള്‍ അറിഞ്ഞുകൊള്ളണമെന്നില്ല. ഏക ആശ്രയമോ എല്ലാമെല്ലാമോ ആയിരിക്കാം താങ്കള്‍. നിരാശനാക്കുന്നത് അദ്ദേഹത്തെ മാനസികമായി തളര്‍ത്തുന്നതിനു സമാനമായിരിക്കും. നിങ്ങള്‍ ആരാധനാകര്‍മങ്ങള്‍ ഒരിക്കലും നീട്ടിവയ്ക്കരുത്. കാരണം, അന്ത്യം ദൈവം ഒരിക്കലും നീട്ടിവയ്ക്കില്ല.
അനാവശ്യങ്ങള്‍ സംസാരിച്ച് വായയ്ക്കു പണി കൊടുക്കുന്നതിലും ഭേദം വല്ലതും തിന്ന് വായയ്ക്കു പണി കൊടുക്കുന്നതാണ്. കാരണം, തിന്നാല്‍ തടികൂടുകയേ ഉള്ളൂ. കുറ്റം കൂടില്ല.
ഭാര്യമാര്‍ കൂടുതല്‍ ചീത്ത പറയുന്നുണ്ടെങ്കില്‍ മനസിലാക്കുക, അവര്‍ നിങ്ങളെ കൂടുതല്‍ സ്‌നേഹിക്കുന്നുണ്ടെന്ന്. ചീത്ത പറയാന്‍ ഭയമോ മറ്റോ ഉണ്ടെങ്കില്‍ മനസിലാക്കുക അവരെ പരാജയപ്പെടുത്താന്‍ നിങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്ന്. അതിനാല്‍ ഭാര്യയുടെ മൗനം പേടിക്കേണ്ടതാണ്.
അജ്ഞതയാണ് ഏറ്റവും വലിയ പാരതന്ത്ര്യം. അജ്ഞത എവിടെ അവസാനിക്കുന്നോ അവിടെനിന്ന് സ്വാതന്ത്ര്യം പിറവി കൊള്ളും. അജ്ഞനോട് സഹവസിക്കുന്നതു സൂക്ഷിക്കുക. അവനോട് സഹവസിക്കുന്നതിനേക്കാള്‍ ഉത്തമം ജ്ഞാനിയോട് ശത്രുത പുലര്‍ത്തുന്നതാണ്...'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."