യഹൂദര്‍ക്ക് അഭയം നല്‍കിയ ഇസ്‌ലാം
സാദിഖ് ഫൈസി താനൂർ
സി.ഇ 711 ല്‍ മുസ്‌ലിംകള്‍ സ്‌പെയിന്‍ കീഴടക്കിയതു മുതല്‍ അവിടെ എല്ലാ മതവിഭാഗങ്ങള്‍ക്കും സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ജൂതരും ക്രൈസ്തവരും മുസ്‌ലിംകളുമെല്ലാം അവിടെ ഏകോതര സഹോദരന്മാരായി ജീവിച്ചു. പക്ഷേ, നൂറ്റാണ്ടുകള്‍ക്കു ശേഷം, ആഭ്യന്തര കലഹങ്ങള്‍ കാരണവും മറ്റും മുസ്‌ലിം ഭരണം ദുര്‍ബലമായി. ഈ അവസരം ഉപയോഗപ്പെടുത്തി കുരിശു പടക്കാര്‍ സ്‌പെയിന്‍ അക്രമിച്ചു. അവിടത്തെ ഓരോ നഗരങ്ങളും മുസ്‌ലിംകള്‍ക്ക് നഷ്ടപെടാന്‍ തുടങ്ങി.
ഈ സമയത്ത് ഉസ്മാനി സാമ്രാജ്യത്തിന്റെ സുല്‍ത്വാന്‍, ബായസീദ് രണ്ടാമന്‍(1447- 1512) ആണ്. പിതാവ് മുഹമ്മദുല്‍ ഫാതിഹിന്റെ മരണ ശേഷം, തന്റെ സഹോദരനും മറ്റും ഉയര്‍ത്തിവിട്ട ആഭ്യന്തര പ്രശ്‌നങ്ങളില്‍ കിടന്ന് വട്ടം കറങ്ങുകയാണ് ബായസീദ്. എന്നിട്ടും സ്‌പെയിനിലെ ദുരന്തവാര്‍ത്ത കേട്ടപ്പോള്‍ സുല്‍ത്വാന്‍ ബാ യസീദ് വല്ലാതെ അസ്വസ്ഥനായി. പക്ഷേ, അദ്ദേഹം സ്‌പെയിനിന്റെ കാര്യത്തില്‍ നിസ്സഹായനാണ്. ഒന്നാമത് ഉസ്മാനി സാമ്രാജ്യത്തില്‍ നിന്ന് വളരെ ദൂരെയാണ് സ്‌പെയില്‍. അവിടത്തെ പുതിയ ക്രൈസ്തവ ഭരണത്തെ സഹായിക്കുന്നവരാകട്ടെ ഉസ്മാനികളോട് യുദ്ധവിരുദ്ധ സഖ്യത്തിലും. പോരാത്തതിന് സ്വന്തം രാജ്യത്തെ അഭ്യന്തര പ്രശ്‌നങ്ങള്‍! എന്നിട്ടും 1487ല്‍ തന്റെ സേനാനായകന്‍ കമാല്‍ റഈസി (1451 - 1511)ന്റെ നേതൃത്വത്തില്‍ ഗ്രാനഡയിലേക്ക് മുസ്‌ലിംകളെ സഹായിക്കാന്‍ നാവികസേനയെ പറഞ്ഞയച്ചു. പക്ഷേ, അതു വേണ്ടത്ര വിജയിച്ചില്ല.
1492 ജനുവരി 3ന് സ്‌പെയിനിലെ അവസാനത്തെ നഗരമായ ഗ്രാനഡയും മുസ്‌ലിംകള്‍ക്ക് നഷ്ടമായി. അതോടെ പിന്നെ വംശഹത്യയുടെയും നരനായാട്ടിന്റെയും തേര്‍വാഴ്ചയായിരുന്നു. ക്രൈസ്തവരല്ലാത്ത ആരും സ്‌പെയിനില്‍ പാടില്ലെന്ന് ഫെര്‍ഡിനന്റ് രാജാവും ഇസബെല്ല രാജ്ഞിയും തിട്ടൂരമിറക്കി. മുസ്‌ലിംകളും ജൂതന്മാരും മതം മാറുകയോ നാടുവിടുകയോ വേണമെന്ന് ഇന്‍ക്വിസിഷന്‍ കോടതികളിലൂടെ തിട്ടൂരമിറക്കി. അപൂര്‍വം ചിലര്‍ അതില്‍ വീണു പോയി. ബാക്കി ചിലര്‍ പൊരുതി മരിച്ചു. പിന്നെയുള്ളവര്‍ എവിടേക്കെന്നില്ലാതെ നാടുവിട്ടു. കടല്‍ തീരത്തേക്കു മാത്രം പാഞ്ഞെത്തിയവര്‍ മൂന്നു ലക്ഷം വരുമത്രെ. അതില്‍ നല്ലൊരു ശതമാനം ജൂതന്മാരും.
സുല്‍ത്വാന്‍ ബായസീദിനു മുമ്പില്‍ ഒരു വഴിയേ ഉണ്ടായിരുന്നുള്ളു. സ്‌പെയിനിലെ അഭയാര്‍ത്ഥികളെ രക്ഷിക്കുക. സുല്‍ത്വാന്‍ തന്റെ നാവിക സേനയെ മുഴുവന്‍ അതിനായി തയാറാക്കി. അങ്ങനെ ഉസ്മാനീ കപ്പലുകള്‍ മെഡിറ്റേറിയന്‍ സമുദ്രം വഴി സ്‌പെയിനിന്റെ തീരത്തെത്തി. അവിടത്തെ മുസ്‌ലിംകളെയും ജൂതരെയും പരമാവധി കയറ്റി അവര്‍ കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് തിരിച്ചു. യാതൊരു വിധ വിവേചനവുമില്ലാതെ അവര്‍ക്ക് അഭയം നല്‍കാനും തന്റെ രാജ്യത്ത് പൗരത്വം നല്‍കാനും സുല്‍ത്വാന്‍ ഉത്തരവിട്ടു. അവരോട് മതപരമായും പ്രാദേശികമായും വിവേചനം കാണിക്കുന്നവര്‍ക്ക് ശിക്ഷ പ്രഖ്യാപിച്ചു കൊണ്ട് ഗവര്‍ണര്‍മാര്‍ക്ക് കത്തെഴുതി.
അങ്ങനെ അഭയാര്‍ഥികളായി എത്തിയവരെ സുല്‍ത്വാന്‍ സ്വീകരിച്ചു. എന്നിട്ട് പ്രഖ്യാപിച്ചു: 'കഴിവും കാതലുമുള്ള സ്വന്തം പൗരന്മാരെ ആട്ടിപ്പായിച്ചതിലൂടെ സ്‌പെയിന്‍ സ്വയം ദരിദ്രമായിരിക്കുന്നു. അവരെ സ്വീകരിച്ചതിലൂടെ ഞാന്‍ സമ്പന്നനും!'
സ്‌പെയിന്‍ നിന്ന് എത്തിയ ജൂതന്മാര്‍ ഓട്ടോമന്‍ സാമ്രാജ്യത്തില്‍ സജീവമായി. അവര്‍ പുതിയ ആശയങ്ങളും നിര്‍മാണ - കരകൗശലവിദ്യകളുമെല്ലാം അവിടെ കൊണ്ടുവന്നു. 1493 ല്‍ ഇസ്താംബൂളില്‍ ആദ്യത്തെ പ്രിന്റിങ് പ്രസ് അവര്‍ സ്ഥാപിച്ചു. തല്‍മുദിസ്റ്റും സയന്റിസ്റ്റുമായ മോര്‍ഡിക്കായ് കോംറ്റിനോ, കവിയും ജ്യോതിശാസ്ത്രജ്ഞനുമായ സോളമന്‍ ബെന്‍ എലിജാ ശര്‍ബിറ്റ് തുടങ്ങിയവര്‍ തുര്‍ക്കിയിലേക്ക് അക്കാലത്ത് അഭയാര്‍ഥികളായി എത്തിയ പ്രമുഖരാണ്.
ക്രൈസ്തവ ലോകം യേശുവിന്റെ ഘാതകര്‍ എന്നു പറഞ്ഞു യഹൂദികളെ ആട്ടിയകറ്റിയ കാലത്തും സമയത്തുമെല്ലാം മുസ്‌ലിംകള്‍ അവരെ ചേര്‍ത്തുപിടിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ ഫലസ്തീന്‍ - ഇസ്റാഇൗല്‍ പ്രശ്‌നം രൂക്ഷമാകുന്നതുവരെ വളരെ ഊഷ്മളമായിരുന്നു ലോകത്തുടനീളം ഈ ജൂത-മുസ്‌ലിം ബന്ധം.
Egger, Vernon O. A History of the Muslim World Since 1260: The Making of a Global Community. p. 82, The Jewish Encyclopedia:Vol.2 Isidore Singer, Cyrus Adler, Funk and Wagnalls, 1912 p.460
ഒരു കൈവെട്ട് കേസിന്റെ കഥ
ഇസ്താംബൂളില്‍ മുസ്‌ലിംകള്‍ക്കായി ഒരു പള്ളി നിര്‍മിക്കാന്‍ സുല്‍ത്വാന്‍ മുഹമ്മദുല്‍ ഫാതിഹ് ഏല്‍പ്പിച്ചത് ആബ്സ്ലാന്റെ എന്ന റോമന്‍ ശില്‍പ്പിയെ. നിര്‍മാണ കലയില്‍ അതിവിദഗ്ദനാണ് ആബ്സ്ലാന്റെ.
മസ്ജിദ് എല്ലായിടത്തു നിന്നും നോക്കിയാല്‍ കാണണമെന്ന നിര്‍ബന്ധക്കാരനായിരുന്നു സുല്‍ത്വാന്‍. അതുകൊണ്ട് പള്ളിക്ക് നല്ല ഉയരം വേണമെന്നും തൂണുകള്‍ നല്ല നീളമുള്ളതാകണമെന്നും ശില്‍പ്പിയോട് സുല്‍ത്വാന്‍ പ്രത്യേകം നിര്‍ദേശിച്ചു. അതിനു വേണ്ടി വിദേശങ്ങളില്‍ നിന്ന് വളരെ സാഹസികമായി മേത്തരം മരങ്ങളും വെണ്‍മ കല്ലുകളും എത്തിച്ചു. പക്ഷേ, ശില്‍പ്പി ആബ്സ്ലാന്റെ തൂണുകളുടെ നീളവും വലിപ്പവും വെട്ടിക്കുറച്ചു. സുല്‍ത്വാനോട് അന്വേഷിക്കുകയോ കൂടിയാലോചിക്കുകയോ ഒന്നും ചെയ്തില്ല. ഇതറിഞ്ഞപ്പോള്‍ സുല്‍ത്വാനു സഹിക്കാനായില്ല. അദ്ദേഹം കോപം കൊണ്ട് വിറച്ചു. താന്‍ സാഹസികമായി വിദേശങ്ങളില്‍ നിന്ന് എത്തിച്ച കല്‍തൂണുകളും മരങ്ങളും വെട്ടിക്കുറച്ച ശില്‍പ്പിക്കെതിരേ സുല്‍ത്വാന്റെ നടപടി വന്നു. ഉടന്‍ അയാളുടെ കൈ വെട്ടാന്‍ ഉത്തരവായി.
കോപം അടങ്ങി ശാന്തത വന്നപ്പോള്‍ സുല്‍ത്വാനു സങ്കടമായി. മഹാനായ ഒരു ശില്‍പ്പിയെ, തന്നോട് ചർച്ച ചെയ്തില്ല എന്ന ചെറിയ തെറ്റിന്റെ പേരില്‍ വലിയ ശിക്ഷ നല്‍കിയത് ശരിയായില്ലെന്നു ഫാതിഹിനു തന്നെ തോന്നി. പക്ഷേ, അപ്പോഴേക്കും സുല്‍ത്വന്റെ ചെയ്തിക്കെതിരേ ശില്‍പ്പി കോടതിയെ സമീപിച്ചിട്ടുണ്ടായിരുന്നു. സ്വാരി ഖള്വിര്‍ ജലബിയാണ് ന്യായാധിപന്‍. സൂക്ഷ്മതയും ഭക്തിയും നീതിബോധവും ഒത്തിണങ്ങിയ മഹാപണ്ഡിതന്‍.
പരാതി കിട്ടിയ ഉടന്‍ ഖാസി കോടതിയിലേക്ക് സുല്‍ത്വാനെ വിളിപ്പിച്ചു. ഫാതിഹ് വന്നു. ന്യായാധിപരുടെ മുന്നില്‍ ഇരുന്നു. അപ്പോഴാണ് ഖാസി സ്വാരിയുടെ ഇടപെടല്‍; 'പ്രിയ സുല്‍ത്വാന്‍, താങ്കള്‍ പ്രതിയാണ്. ഇവിടെ ഇരിക്കാന്‍ താങ്കള്‍ക്ക് അനുമതിയില്ല. പ്രതിക്കൂട്ടില്‍ കയറി നില്‍ക്കൂ...'. ഫാതിഹിന് അനുസരിക്കേണ്ടി വന്നു. വിചാരണ തുടങ്ങി. സുല്‍ത്വാന്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞു. ഖാസി സ്വാരി വിധി പറഞ്ഞു; 'അന്യായമായി ഒരാളുടെ കൈ വെട്ടിയതിനു പകരം മുഹമ്മദുല്‍ ഫാതിഹിന്റെ കൈയും വെട്ടണം!'
വാദിയായ ശില്‍പ്പി ഉൾപ്പെടെ കേട്ടിരുന്നവരെല്ലാം അമ്പരന്നു. ലോകത്തെ കിടുകിടാ വിറപ്പിച്ച സുല്‍ത്വാന്‍ മുഹമ്മദുല്‍ ഫാതിഹിന്റെ കൈ വെട്ടാന്‍ അദ്ദേഹത്തിന്റെ തന്നെ കോടതി സധൈര്യം ഉത്തരവിട്ടിരിക്കുന്നു! കേസു കൊടുക്കുമ്പോള്‍ ശില്‍പ്പി ആബ്സ്ലാന്റെക്കു പോലും സുല്‍ത്വാനോടു പകരം വീട്ടണമെന്ന ചിന്തയുണ്ടായിരുന്നില്ല. കോടതി അതിന് തുനിയുമെന്ന പ്രതീക്ഷക്ക് പോലും സാധ്യതയില്ലായിരുന്നു. തനിക്ക് ജീവിക്കാന്‍ നഷ്ടപരിഹാരമായി വല്ലതും കിട്ടണമെന്ന ആഗ്രഹം മാത്രമായിരുന്നു അദ്ദേഹത്തിന്. എന്നിട്ടും സുല്‍ത്വാന്റെ കൈ വെട്ടാന്‍ ഇസ്താംബൂള്‍ കോടതി വിധിച്ചിരിക്കുന്നു.
സുല്‍ത്വാന്‍ തല താഴ്ത്തി നില്‍ക്കുകയാണ്. ചുറ്റുപാടുമുളളവര്‍ ആകെ അസ്വസ്ഥരാണ്. എന്തു ചെയ്യണമെന്നോ പറയണമെന്നോ ആര്‍ക്കുമറിയില്ല. അപ്പോഴാണ്, വാദിയായ ശില്‍പ്പി എഴുന്നേറ്റ് ന്യായാധിപരോട് പറയുന്നത്; 'സുല്‍ത്വാന്റെ കൈ വെട്ടി പകരം വീട്ടണമെന്നത് എന്റെ ലക്ഷ്യമല്ല. എനിക്ക് എന്തെങ്കിലും നഷ്ടപരിഹാരം കിട്ടിയാല്‍ മതി'.
ഖാസി അതു കേട്ടു. 'പ്രതിക്രിയ വേണ്ടെന്ന് വാദി പറഞ്ഞ കാരണത്താല്‍ പ്രതിയെ അതില്‍ നിന്ന് ഒഴിവാക്കുന്നു. ശില്‍പ്പിയുടെ ജീവിതകാലം മുഴുവന്‍ സുഖകരമായി കഴിയാവുന്ന വിധം നഷ്ടപരിഹാരം നല്‍കണമെന്ന് ഞാന്‍ വിധിക്കുന്നു'-ഖാസി പറഞ്ഞു. സുല്‍ത്വാന്‍ അതനുസരിച്ചു. കോടതി വിധിച്ചതിന്റെ ഇരട്ടി നല്‍കി മുഹമ്മദുല്‍ ഫാതിഹ് ആ തെറ്റിന് പ്രായശ്ചിത്തം ചെയ്തു.
(ഓര്‍ഖാന്‍ മുഹമ്മദലി: റവാഇഉന്‍ മിനത്താരീഖില്‍ ഉസ്മാനി. പേജ്: 49-50)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."