Fact Check: ഇന്ത്യന്‍ മുസ്‌ലിംകള്‍ അറബ് പ്രശ്‌നങ്ങളില്‍ ഇടപെടരുതെന്ന് ഖത്തര്‍ അമീര്‍ പറഞ്ഞിട്ടില്ല; ജന്മഭൂമി വാര്‍ത്ത വ്യാജം
കോഴിക്കോട്: 'ഇന്ത്യന്‍ മുസ്‌ലിംകള്‍ അറബ് പ്രശ്‌നങ്ങളില്‍ ഇടപെടുന്നത് അവസാനിപ്പിക്കണമെന്നും മതം മാറിയ മുസ്‌ലിംകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഞങ്ങള്‍ക്ക് ആവശ്യമില്ല' എന്നും ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി പറഞ്ഞതായുള്ള സംഘ്പരിവാര്‍ മുഖപത്രം ജന്മഭൂമിയുടെ വാര്‍ത്ത വ്യാജം. അറബ് ലോകം ഗസ്സയ്ക്കായി കാര്യമായൊന്നും ചെയ്യുന്നില്ലെന്ന കുറ്റപ്പെടുത്തലുകളുമായി ഗള്‍ഫിലെ ചില പ്രവാസി ഇന്ത്യന്‍ മുസ്‌ലിം സംഘടനകള്‍ രംഗത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ്് അമീറിന്റെ മുന്നറിയിപ്പെന്നായിരുന്നു ജന്മഭൂമിയിലെ വാര്‍ത്ത. ഈ വാര്‍ത്ത ഇതുപോലെ മലയാളത്തിലുള്ള ചില തീവ്ര ഹിന്ദുത്വ പോര്‍ട്ടലുകളും പ്രസിദ്ധീകരിക്കുകയുണ്ടായി.
വാര്‍ത്തയുടെ ഉറവിടം
ഖത്തര്‍ അമീര്‍ 'ഇന്ത്യന്‍ മുസ് ലിംകളെ കുറ്റപ്പെടുത്തുന്ന' വാര്‍ത്തയുടെ ഉറവിടം ഏഴ് സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ഒരു വീഡിയോയാണെന്ന് സുപ്രഭാതം ഫാക്ട് ചെക്കിങ് ടീം നടത്തിയ പരിശോധനയില്‍ വ്യക്തമായി. ഇതാകട്ടെ ദേശീയതലത്തില്‍ തീവ്ര സംഘ്പരിവാര്‍ ഐ.ഡികളാണ് ഐദ്യം പങ്കുവച്ചത്. ജന്മഭൂമി വാര്‍ത്തയില്‍ പറയുന്നതുപോലുള്ള തലക്കെട്ടില്‍ ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് ഈ ചെറിയ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇതാണ് ജന്മഭൂമി വാര്‍ത്തയാക്കിയത്.
കുറേ കൂടി പരിശോധിച്ചപ്പോള്‍, 'ഇന്ത്യന്‍ മുസ് ലിംകളെ കുറ്റപ്പെടുത്തുന്ന' ഖത്തര്‍ അമീറിന്റെ ഏഴു സെക്കന്റ് വരുന്ന വീഡിയോ, ഗസ്സയെ ആക്രമിച്ചാല്‍ യൂറോപ്പിലേക്കുള്ള ഗ്യാസ് വിതരണം അവസാനിപ്പിക്കുമെന്ന് അദ്ദേഹം പറയുന്നു എന്ന വിധത്തിലും വ്യാജമായി പ്രചരിപ്പിക്കുന്നതായും കണ്ടെത്തി. ചുരുക്കത്തില്‍ ഒരേ വീഡിയോ യാതൊരു ബന്ധവുമില്ലാത്ത രണ്ട് വിഷയങ്ങളുമായി ബന്ധപ്പെടുത്തി പ്രചരിക്കുകയാണ്.
വീഡിയോ ആറുവര്‍ഷം മുമ്പുള്ളത്
സുപ്രഭാതം ഫാക്ട് ചെക്കിങ് ടീം വീഡിയോയുടെ ആധികാരികത പരിശോധിച്ചപ്പോള്‍ അത് ആറുവര്‍ഷം മുമ്പുള്ളതാണെന്ന് കണ്ടെത്തി. 2017 മെയ് 14ന് ഖത്തര്‍ ആസ്ഥാനമായ അല്‍ജസീറ ചാനലില്‍ വന്ന ഒരു വീഡിയോയാണിത്. അതില്‍ ഖത്തര്‍ അമീര്‍ പറയുന്നത് ഇങ്ങനെയാണ്: ''…സ്വന്തം ഭൂമിയില്‍ നിന്ന് പുറത്താക്കപ്പെട്ട, ജന്മനാട്ടില്‍ നിന്ന് കുടിയിറക്കപ്പെട്ട ഒരു ജനതയുടെ പ്രശ്‌നമാണ് ഫലസ്തീന്‍ വിഷയം..''! എന്നാണ് ഏഴു സെക്കന്‍ഡ് വരുന്ന വീഡിയോയിലുള്ളത്.
വാര്‍ത്തയുടെ ഉറവിടം ആയി പ്രചരിക്കുന്ന ട്വീറ്റുകളിലൊന്ന്.
ഇതേ വീഡിയോ തന്നെ മറ്റൊരു വിഷയത്തിലും പ്രചരിക്കുന്നു:
അല്‍ജസീറയില്‍ വന്ന ഒറിജിനല്‍ വീഡിയോ:
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."