വര്‍ഷങ്ങള്‍ നീണ്ട ആസൂത്രണവും ഹോം വര്‍ക്കും; 'അല്‍ അഖ്‌സ തൂഫാന്‍' എങ്ങിനെ നടപ്പാക്കിയെന്ന് വിശദീകരിച്ച് ഹമാസ് നേതാക്കള്‍
ഗസ്സ: ഈ മാസം ഏഴിന് ഇസ്‌റാഈലിനെ ലക്ഷ്യംവച്ചുള്ള ഹമാസിന്റെ മിന്നലാക്രമണം, വര്‍ഷങ്ങള്‍ നീണ്ട ആസൂത്രണങ്ങള്‍ക്കും നീണ്ട ഗൃഹപാഠങ്ങള്‍ക്കും ശേഷം. ഇസ്‌റാഈലില്‍ യഹൂദരുടെ പുണ്യദിനമായ യോം കിപ്പൂര്‍ നാളും വാരാന്ത്യ അവധിയും ആക്രമണത്തിന് തെരഞ്ഞെടുത്തത് കരുതിക്കൂട്ടിയാണെന്നും ഹമാസ് വൈസ് പ്രസിഡന്റ് സാലിഹ് അല്‍ അറൂരി പറഞ്ഞു.'തൂഫാന്‍ അല്‍ അഖ്‌സ' അഥവാ അല്‍ അഖ്‌സ പ്രളയം എന്ന പേരിലുള്ള ആക്രമണം എങ്ങിനെയാണ് നടത്തിയതെന്നും സാലിഹ് വിശദീകരിച്ചു.
ഹൃസ്വപരിധിയുള്ള ചെറുറോക്കറ്റുകള്‍ ഉപയോഗിച്ചായിരുന്നു മുന്‍വര്‍ഷങ്ങളില്‍ ഹമാസ് ആക്രമണങ്ങള്‍ നടത്തിയതെങ്കില്‍, ഇക്കുറി വ്യത്യസ്തമായിരുന്നു. വായുവിലൂടെയുള്ള ആക്രമണത്തിനൊപ്പം കരയിലൂടെയും കടലിലൂടെയും ഒരേസമയം ലക്ഷ്യംവച്ചപ്പോള്‍ ലോകത്തെ വന്‍ ശക്തിയായ ഇസ്‌റാഈലിന്റെ പ്രതിരോധ സംവിധാനങ്ങളത്രയും ഒരുവേള സ്തംഭിച്ചെന്നും ഹമാസ് നേതാവ് പറഞ്ഞു.
ഇസ്‌റാഈലിന്റെ ഗ്ലാമര്‍ മെര്‍ക്കാവ 4 ടാങ്കുകളെ ഡ്രോണുകള്‍ ഉപയോഗിച്ച് നേരിട്ടു. കുറേ കൂടി ദൂരപരിധിയുള്ള റോക്കറ്റുകള്‍ ഉപയോഗിച്ചു. കരമാര്‍ഗമുള്ള ആക്രമണങ്ങള്‍ക്കായി മാസങ്ങളുടെ ശ്രമഫലമായി അണ്ടര്‍ ഗ്രൗണ്ട് ടണലുകള്‍ ഒരുക്കി. ചെക്ക് പോയിന്റ് ആക്രമിക്കാനും കനത്ത നാശനഷ്ടം വരുത്താനും ഇസ്‌റാഈലിനുള്ളില്‍ കയറാനും ഈ ടണലുകളാണ് പോരാളികള്‍ ഉപയോഗിച്ചത്.
ഇസ്‌റാഈലുമായി മുമ്പ് ഹിസ്ബുല്ല നടത്തിയ യുദ്ധ തന്ത്രങ്ങളും പഠിച്ചു. ആക്രമണത്തിന് മുമ്പ് ഇസ്‌റാഈലിന്റെ മുഴുവന്‍ ഭൂമിശാസ്ത്ര, പരിസ്ഥിതി മേഖലയും നിരീക്ഷിച്ചതിനൊപ്പം ആവശ്യമായ സാമ്പത്തിക, സാങ്കേതിക പഠനങ്ങളും നടത്തി. അവരുടെ ശക്തിയും ദൗര്‍ബല്യവും വിഭവങ്ങളും കൃത്യമായി പഠിച്ചു. ഇസ്‌റാഈല്‍ രഹസ്യാന്വേഷണ സംവിധാനത്തെയും ഹമാസ് പഠിച്ചു. മൊസാദിന്റെ വിവരശേഖരണത്തിനുള്ള ഉറവിടം അറിയാന്‍ ശ്രമിച്ചു. അത്തരം ഉറവിടങ്ങള്‍ കണ്ടെത്തി വിവരങ്ങള്‍ എത്തുന്നത് തടഞ്ഞു. വിവരങ്ങള്‍ പുറത്തുപോകാതിരിക്കാനുള്ള ജാഗ്രത അവസാനനിമിഷം വരെ തുടര്‍ന്നു.
പരമാവധി സൈനികര്‍ ഉള്‍പ്പെടെയുള്ളവരെ ബന്ദിയാക്കാനുള്ള തീരുമാനവും വിജയിച്ചു. പൊതുവേ ഹമാസ് പോരാളികള്‍ കടന്നുചെന്നിട്ടില്ലാത്ത ജറൂസലം, റാമല്ല പോലുള്ള നഗരങ്ങളിലും തങ്ങളുടെ ഭടന്‍മാരെ എത്തിക്കാനായത് ആസൂത്രണമികവാണെന്നും സാലിഹ് പറഞ്ഞു.
ആക്രമണത്തിനിടെ സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും കൊല്ലരുതെന്നും സാധാരണ ജനങ്ങളുടെ ജീവിതം പ്രയാസത്തിലാക്കരുതെന്നും അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. യുദ്ധസമയത്ത് കൃത്യമായ ഇസ് ലാമിക ശാസനകള്‍ പിന്തുടരണമെന്ന് പോരാളികള്‍ക്ക് കര്‍ശനനിര്‍ദേശം നല്‍കിയിരുന്നതായും സാലിഹ് വെളിപ്പെടുത്തി.
ഒക്ടോബര്‍ ഏഴിലെ യോം കിപ്പൂര്‍ നാളിലെ ആഘോഷദിവസത്തിന് പിന്നാലെ ഗസ്സയില്‍ ആക്രമണം നടത്താന്‍ ഇസ്‌റാഈല്‍ പദ്ധതിയിട്ടതിനെക്കുറിച്ച് വിവരം ലഭിക്കുകയുണ്ടായി. അതിനാലാണ് ആസൂത്രണംചെയ്ത പദ്ധതി മുന്‍കൂട്ടി നടപ്പാക്കിയത്.
ആക്രമണത്തിനൊപ്പം നിരീക്ഷണ ടവറുകള്‍, പ്രക്ഷേപണങ്ങള്‍, ആശയവിനിമയ സംവിധാനങ്ങള്‍ എന്നിവ തകര്‍ക്കാനും ശ്രമിച്ചു. 3,500 റോക്കറ്റുകളും ഷെല്ലുകളും അടങ്ങുന്ന ഫയര്‍ സപ്പോര്‍ട്ട് പദ്ധതി തയ്യാറാക്കി. 3,000 പോരാളികളെ യുദ്ധത്തിനും 1,500 പേരെ റിസര്‍വ് സേനയായും ഉപയോഗിച്ചു.
ഗസ്സയിലെ പോരാട്ടം മണിക്കൂറുകളോളം നീണ്ടുനില്‍ക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും വളരെയെളുപ്പത്തില്‍ ലക്ഷ്യംവകൈവരിക്കാനായതോടെ ഊതിവീര്‍പ്പിച്ച ബലൂണാണ് ഇസ്‌റാഈല്‍ സേനയെന്ന് ഞങ്ങള്‍ക്ക് ബോധ്യംവന്നു. അധിനിവേശ പ്രദേശങ്ങളിലെത്തിയ ഞങ്ങളുടെ പോരളികളെ കണ്ട് ചില സൈനികര്‍ ഓടിപ്പോയി, കുറച്ചുപേര്‍ കൊല്ലപ്പെട്ടു. ചിലര്‍ കീഴടങ്ങി. ഇത്തരത്തില്‍ 1,200 സൈനികരെ ഞങ്ങള്‍ ബന്ദികളാക്കി.
ഇസ്‌റാഈലാണ് ബന്ദികളെ കൊല്ലാന്‍ ശ്രമിക്കുന്നത്. പിടിയിലായ തടവുകാരുടെ കാര്യത്തില്‍ ഹമാസിന് കൃത്യമായ ലക്ഷ്യങ്ങളുണ്ട്. യുദ്ധം അവസാനിക്കും വരെ ഞങ്ങള്‍ അവരെ സംരക്ഷിക്കും. പിന്നീട് പലസ്തീന്‍ തടവുകാരുടെ സ്വാതന്ത്ര്യത്തിന് വിലപേശും. അത്രയും ഇസ്‌റാഈല്‍ സൈനികര്‍ ഇപ്പോള്‍ ഞങ്ങളുടെ കൈവശമുണ്ട്. ഞങ്ങള്‍ തടവുകാരെയും സാധാരണക്കാരെയും ദ്രോഹിക്കില്ല. അന്താരാഷ്ട്ര യുദ്ധനിയമങ്ങള്‍ക്ക് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഞങ്ങള്‍ക്കെതിരായ ആക്രമണത്തില്‍ അധിനിവേശസൈന്യം സാധാരണക്കാരെയും ലക്ഷ്യമിടുന്നു. അവര്‍ ഞങ്ങള്‍ക്കെതിരേ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. അധിനിവേശത്തിലൂടെ മറ്റൊരു രാജ്യത്ത് കടന്നുകയറി തദ്ദേശീയരെ ആക്രമിച്ച് കീഴ്‌പ്പെടുത്തി അവിടെ രാജ്യംസ്ഥാപിക്കുകയും അണുബോംബ് വര്‍ഷിക്കുകയും ചെയ്ത അമേരിക്ക, ഇപ്പോള്‍ ഞങ്ങളെ ധാര്‍മ്മികത പഠിപ്പിക്കുകയാണെന്നും സാലിഹ് കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."