'കംപാഷൻ ഫോർ ഗസ്സ'; ഇന്ന് അബുദാബിയിൽ നടക്കുന്ന സന്നദ്ധ സേവനത്തിന്റെ ഭാഗമാകൂ, രജിസ്റ്റർ ചെയ്യേണ്ടത് എങ്ങിനെ?
'കംപാഷൻ ഫോർ ഗസ്സ'; ഇന്ന് അബുദാബിയിൽ നടക്കുന്ന സന്നദ്ധ സേവനത്തിന്റെ ഭാഗമാകൂ, രജിസ്റ്റർ ചെയ്യേണ്ടത് എങ്ങിനെ?
അബുദാബി: ഇസ്‌റാഈൽ ആക്രമണത്തിൽ ദുരിതത്തിലായ ഫലസ്തീൻ ജനതയെ സഹായിക്കാനുള്ള യുഎഇയുടെ ശ്രമത്തിൽ താമസക്കാർക്കും പങ്കാളികളാകാം. ഇന്ന് രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ, അബുദാബി ക്രൂയിസ് ടെർമിനലിലാണ് സന്നദ്ധസേവനം നടത്താൻ അവസരം. ഇതിന് ആഗ്രഹിക്കുന്ന യുഎഇ നിവാസികൾക്കായി രജിസ്ട്രേഷൻ ഇപ്പോൾ തുറന്നിരിക്കുന്നു.
'കംപാഷൻ ഫോർ ഗസ്സ' എന്ന പേരിൽ നടക്കുന്ന പരിപാടിയിൽ ഭക്ഷണവും ദുരിതാശ്വാസ പൊതികളും തയ്യാറാക്കുന്നതും പാക്ക് ചെയ്യുന്നതും ഉൾപ്പെടെയുള്ള ജോലികളാണ് ചെയ്യാൻ ഉണ്ടാവുക. എമിറേറ്റ്സ് റെഡ് ക്രസന്റ് (ഇആർസി) ആണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഇതിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർ താഴെ നൽകിയ പോസ്റ്ററിലെ ക്യുആർ കോഡ് സ്കാൻ ചെയ്ത് രജിസ്റ്റർ ചെയ്ത് എത്താവുന്നതാണ്.
അബുദാബിയിലെ പ്രവർത്തനത്തിന് ശേഷം മറ്റ് എമിറേറ്റുകളിൽ കൂടുതൽ ദുരിതാശ്വാസ കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് എമിറേറ്റ്സ് റെഡ് ക്രസന്റ് അറിയിച്ചു. കംപാഷൻ ഫോർ ഗാസ കാമ്പെയ്‌നിലൂടെ ദുർബലരായ ആളുകളെ, പ്രത്യേകിച്ച് ഗാസ സ്ട്രിപ്പിലെ ജനസംഖ്യയുടെ പകുതിയോളം വരുന്ന ഒരു ദശലക്ഷത്തിലധികം കുട്ടികളെ പിന്തുണയ്ക്കുമെന്ന് യുഎഇ പ്രതീക്ഷിക്കുന്നു.
അതേസമയം, ഭക്ഷണത്തിനും മരുന്നിനും വെള്ളത്തിനും ഉൾപ്പെടെ കടുത്ത ക്ഷാമമാണ് നിലവിൽ ഫലസ്തീനിൽ നിലവിൽ അനുഭവിച്ച് കൊണ്ടിരിക്കുന്നത്. ആക്രമണം രൂക്ഷമായതോടെ ഇരുവിഭാഗങ്ങളിൽ നിന്നുമുള്ള മരണസംഖ്യ 3500 കവിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."