സ്വതന്ത്ര കിസാൻ സംഘത്തിന് ദേശീയ കമ്മിറ്റി; കുറുക്കോളി മൊയ്തീൻ പ്രസിഡന്റ്
ചെന്നൈ: സ്വതന്ത്ര കർഷക സംഘം ദേശീയ കമ്മിറ്റി പ്രഖ്യാപിച്ചു. ഖാഇദെ മില്ലത്ത് മൻസിലിൽ ചേർന്ന യോഗത്തിൽ മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദർ മൊയ്തീൻ സാഹിബാണ് പുതുതായി ദേശീയ തലത്തിൽ രൂപീകരിക്കുന്ന കർഷക സംഘടനയുടെ പേരും ഭാരവാഹികളെയും പ്രഖ്യാപിച്ചത്. സ്വതന്ത്ര കർഷ സംഘം കേരള സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് കുറുക്കോളി മൊയ്തീൻ (എം.എൽ.എ ) ആണ് പുതിയ സംഘടനയുടെ ദേശീയ പ്രസിഡന്റ്, മുഹമ്മദ് കുട്ടി കാരട്ടിയാട്ടിൽ (മൈസൂർ) ജനറൽ സെക്രട്ടറിയും വി.എം ഫാറൂഖ് തൃച്ചി (തമിഴ്‌നാട് ) ട്രഷററുമാണ്.
വൈസ്.പ്രസിഡന്റുമാർ : കളത്തിൽ അബ്ദുള്ള എക്‌സ്.എം.എൽ.എ (കേരളം), റിയാസ് അഹമ്മദ് അൽവി , ( ഉത്തർ പ്രദേശ്), സെക്രട്ടറിമാർ : പത്താൻ അഷ്‌റഫ് ബാഷാ ഖാൻ (ആന്ധ്ര ), സയ്യിദ് അഫ്‌സൽ ഫിറോസ് (മഹാരാഷ്ട്ര),ഭരണ ഘടന ഉപസമിതി അംഗങ്ങളായി കാരട്ടിയാട്ടിൽ മുഹമ്മദ് കുട്ടി (കൺവീനർ), കുറുക്കോളി മൊയ്തീൻ , കെ.എ.എം മുഹമ്മദ് അബൂബക്കർ എന്നിവരെയും തെരഞ്ഞെടുത്തു. പുതിയ കർഷക സംഘടന രൂപീകരിക്കുന്നതിനായി ഒക്ടോബർ 3 ന് ചേർന്ന ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നാഷണൽ എക്‌സിക്യുട്ടീവ് യോഗം തീരുമാനിച്ച അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രഥമ യോഗത്തിലാണ് പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപിച്ചത്. സ്വതന്ത്ര കിസാൻ സംഘം സമയ ബന്ധിതമായി എല്ലാ സംസ്ഥാനങ്ങളിലും രൂപീകരിക്കും. തുടർന്ന് ദേശീയ കൺവൻഷൻ വിളിച്ചു ചേർക്കാനും തീരുമാനിച്ചു. പുതിയ ഭാരവാഹികളെ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പ്രസിഡന്റ് പ്രൊഫ. ഖാദർ മൊയ്തീൻ സാഹിബ് ശാളണിയിച്ചു.കുറുക്കോളി മൊയ്തീൻ എം.എൽ.എ അധ്യക്ഷനായി, കെ.എ.എം മുഹമ്മദ് അബൂബക്കർ സ്വാഗതം പറഞ്ഞു, പ്രൊഫ. ഖാദർ മൊയ്തീൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."