HOME
DETAILS

ആ ഗോവിന്ദനല്ല ഈ ഗോവിന്ദൻ

  
backup
November 06 2022 | 04:11 AM

846523-2

കലികാലക്കാഴ്ച
വി. അബ്ദുൽ മജീദ്‌
9846159481

ജനാധിപത്യമായാലും അല്ലെങ്കിലും ഏതെങ്കിലും പാർട്ടി ഭരിക്കുന്ന നാടുകളിൽ സർക്കാർ നടപ്പാക്കേണ്ട കാര്യങ്ങൾ ഭരിക്കുന്ന പാർട്ടി തീരുമാനിക്കുകയും തുടർന്ന് സർക്കാർ അതു നടപ്പാക്കുകയും ചെയ്യുന്നതാണ് ലോകനടപ്പ്. എന്നാൽ പാർട്ടികൾ കുറച്ചുകാലം അധികാരത്തിൽ തുടർന്നാൽ ആ രീതി മാറും. ഭരണകൂടം തീരുമാനിക്കുന്ന കാര്യങ്ങൾക്കു ഭരണകക്ഷി കൈയൊപ്പു ചാർത്തേണ്ട ഗതികേട് വരും. അതൊരു കുറ്റമല്ല. അധികാര രാഷ്ട്രീയത്തിന്റെ സ്വാഭാവിക രസതന്ത്രമാണത്.
സോവിയറ്റ് യൂനിയനിൽ ലെനിന്റെ ഭരണകാലത്ത് സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടി തീരുമാനിക്കുന്ന കാര്യങ്ങളായിരുന്നു ഭരണകൂടം നടപ്പാക്കിയത്. പിന്നീട് കമ്യൂണിസ്റ്റ് ഭരണം തുടരുകയും അതിന്റെ നിയന്ത്രണം ജോസഫ് സ്റ്റാലിന്റെ കൈകളിൽ വരികയും ചെയ്തതോടെ സ്ഥിതിമാറി. സ്റ്റാലിനും കൂട്ടരും തീരുമാനിക്കുന്ന കാര്യങ്ങളെ പാർട്ടി അംഗീകരിക്കേണ്ട അവസ്ഥവന്നു. ചൈനയിലും സ്ഥിതി വ്യത്യസ്തമല്ല. വിപ്ലവാനന്തരം മാവോ സെ തുങ്ങിന്റെ ഭരണകാലത്ത് കാര്യങ്ങളെല്ലാം തീരുമാനിച്ചിരുന്നത് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയായിരുന്നു. പിന്നീട് ഭരണകൂടം തീരുമാനിക്കുന്ന കാര്യങ്ങൾ പാർട്ടി കേന്ദ്രകമ്മിറ്റി, പൊളിറ്റ് ബ്യൂറോ അംഗങ്ങൾ തലകുലുക്കി അംഗീകരിക്കണമെന്നും അല്ലെങ്കിൽ അവരുടെ തല ഉടലിൽ കാണില്ലെന്നുമുള്ള സ്ഥിതിവന്നു.
സ്വതന്ത്ര ഇന്ത്യയിൽ ജവഹർലാൽ നെഹ്‌റുവിന്റെ ഭരണകാലത്ത് നടപ്പാക്കിയതെല്ലാം ഭരണകക്ഷിയായ കോൺഗ്രസിന്റെ തീരുമാനമനുസരിച്ചായിരുന്നു. അതിൽ നെഹ്‌റുവിന്റെ അഭിപ്രായങ്ങൾക്ക് മുൻതൂക്കം കിട്ടിയിരുന്നു എന്നത് വേറെകാര്യം. ഇന്ദിരാഗാന്ധിയുടെ കാലത്തോടെ അതു മാറി. പാർട്ടി ഇന്ദിരയുടെ കൈപ്പിടിയിലൊതുങ്ങി. 'ഇന്ത്യയെന്നാൽ ഇന്ദിര, ഇന്ദിരയെന്നാൽ ഇന്ത്യ' എന്ന മുദ്രാവാക്യംപോലുമുണ്ടായി.


ഭരണത്തിൽ പാർട്ടിയുടെ തീരുമാനങ്ങൾ പൂർണമായി അനുസരിച്ചവരായിരുന്നു ഇന്ത്യയിലെ കമ്യൂണിസ്റ്റ് ഭരണാധികാരികളും. ഇ.എം.എസ് നയിച്ച ആദ്യ കേരള മന്ത്രിസഭയുടെ തീരുമാനങ്ങളെല്ലാം കമ്യൂണിസ്റ്റ് പാർട്ടിയുടേതായിരുന്നു. പിന്നീട് പാർട്ടി പിളർന്നുണ്ടായ കക്ഷികളും ആ രീതി തുടർന്നു. കോൺഗ്രസിന്റെ പൂർണ നിയന്ത്രണത്തിൽ സി. അച്യുതമേനോൻ നയിച്ച സർക്കാരിൽപോലും സി.പി.ഐയുടെ തീരുമാനത്തിന് നിർണായക പങ്കുണ്ടായിരുന്നു. പിന്നീട് രണ്ടു പാർട്ടികളും ചേർന്ന് രൂപംകൊടുത്ത എൽ.ഡി.എഫിന്റെ ഭരണകൂടങ്ങൾക്കുമുണ്ടായിരുന്നു രാഷ്ട്രീയ നിയന്ത്രണം. എൽ.ഡി.എഫ് സർക്കാരുകൾ നടപ്പാക്കിയ മിക്ക കാര്യങ്ങളുടെയും തീരുമാനങ്ങൾ ആദ്യം വന്നത് എ.കെ.ജി സെന്ററിൽനിന്നും എം.എൻ സ്മാരക മന്ദിരത്തിൽനിന്നുമായിരുന്നു. വി.എസ് മുഖ്യമന്ത്രിയായിരിക്കെ മൂന്നാറിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കലടക്കം അദ്ദേഹത്തിന്റെ താൽപര്യപ്രകാരം ഭരണകൂടം നടപ്പാക്കിയ പലതും പാർട്ടി ഇടപെട്ട് തിരുത്തിയത് അധികമാരും മറന്നുകാണില്ല.


പിണറായി വിജയന്റെ നേതൃത്വത്തിൽ എൽ.ഡി.എഫ് അധികാരത്തിൽ വന്നതോടെ സ്ഥിതിയാകെ മാറി. കുറച്ചുകാലമായി പാർട്ടിക്കും മുന്നണിക്കും ഭരണത്തിൽ വലിയ റോളൊന്നുമില്ല. പിണറായിയും ഭരണത്തിലെ അദ്ദേഹത്തിന്റെ കൂട്ടരും ചേർന്നു തീരുമാനിക്കുന്ന കാര്യങ്ങൾ പാർട്ടി അംഗീകരിക്കുന്നു. സി.പി.ഐക്ക് നാലു മന്ത്രിമാരുള്ള സർക്കാരെടുത്ത പല തീരുമാനങ്ങളും എം.എൻ സ്മാരകമന്ദിരം അറിയാതെപോയതിനാൽ അതിനൊക്കെ എതിരേ കാനം രാജേന്ദ്രൻ പ്രസ്താവനയിറക്കേണ്ട ഗതികേടും വന്നു. പിണറായി ഭരണകാലത്ത് സി.പി.എം സംസ്ഥാന സെക്രട്ടറിയായത് പ്രിയതോഴനായ കോടിയേരി ബാലകൃഷ്ണനും വത്സലശിഷ്യനായ വിജയരാഘവനുമൊക്കെയായതിനാലും തിരുവായ്ക്ക് എതിർവായ് പറയാൻ ധൈര്യമില്ലാത്തവർ സംസ്ഥാന കമ്മിറ്റിയിൽ ഭൂരിപക്ഷമായതിനാലും സ്വന്തം പാർട്ടിയിൽനിന്ന് സർക്കാരിനു വലിയ എതിർപ്പൊന്നുമുണ്ടായില്ല. അതുകൊണ്ടാണ് പൊതുകാഴ്ചപ്പാടിൽ ഇടതുപക്ഷ രാഷ്ട്രീയസങ്കൽപങ്ങൾക്ക് നിരക്കാത്ത പല പദ്ധതികളും സർക്കാർ ആവിഷ്‌കരിച്ചതും അതിനെതിരേ ജനരോഷം ഉയർന്നതും. ഏറ്റവുമൊടുവിൽ സർക്കാരിന് വല്ലാതെ കൈപൊള്ളിയ കാര്യമാണ് പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കാനുള്ള തീരുമാനം. ഇക്കാര്യം പുറത്തുവന്ന ഉടൻതന്നെ ഭരണപക്ഷ യുവജന സംഘടനകളിൽനിന്നടക്കം കടുത്ത എതിർപ്പുണ്ടായി. തൊട്ടുപിറകെ മുഖ്യമന്ത്രിയുടെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാഷിന്റെ എതിർസ്വരം വന്നു. പാർട്ടി അറിയാതെയാണ് തീരുമാനമെന്നു പറഞ്ഞാണ് അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചത്. എന്നാൽ ഇതൊന്നും ബൂർഷ്വാ മാധ്യമങ്ങൾ വിശ്വസിക്കില്ലല്ലോ. ഇതുസംബന്ധിച്ച റിപ്പോർട്ട് അംഗീകരിച്ചത് ഗോവിന്ദൻകൂടി അംഗമായ മന്ത്രിസഭയാണെന്ന വാർത്ത അവർ പുറത്തുകൊണ്ടുവന്നു.


അവരെന്തു പറഞ്ഞാലും മാഷ് പറയുന്നതിൽ തെറ്റൊന്നുമില്ല. അന്ന് അദ്ദേഹം പാർട്ടി സംസ്ഥാന സെക്രട്ടറിയല്ലല്ലോ, മന്ത്രി മാത്രമല്ലേ. മന്ത്രി ഗോവിന്ദനല്ലല്ലോ പാർട്ടിസെക്രട്ടറി ഗോവിന്ദൻ. പാർട്ടി സെക്രട്ടറി എന്ന നിലയിൽ താനോ, സംസ്ഥാനഘടകമോ ഔദ്യോഗികമായി അറിയാതെയാണ് ഈ തീരുമാനമെന്നാണ് അദ്ദേഹം പറയുന്നത്. അതായത്, മന്ത്രി ഗോവിന്ദനല്ല ഈ ഗോവിന്ദനെന്ന് ചെറിയൊരു മുന്നറിയിപ്പ്.
എക്കാലവും പാർട്ടി ചട്ടക്കൂടിന് ഏറെ പ്രാധാന്യം നൽകിയ നേതാവാണ് ഗോവിന്ദൻ മാഷ്. പാർട്ടിസംവിധാനം ചട്ടപ്രകാരം തന്നെ തുടരണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുണ്ടാവണം. നല്ലതാണ്. എന്നാൽ, സി.പി.എമ്മിന്റെ തലപ്പത്തിരുന്ന് കാനം രാജേന്ദ്രൻ കളിക്കാൻ മാഷിന് അധികകാലം സാധിക്കുമോ എന്ന് കണ്ടറിയണം.


ദേശ് കീ നേതാ തുഷാർ വെള്ളാപ്പള്ളി


സംസ്ഥാന രാഷ്ട്രീയത്തിൽ ഗതിപിടിക്കാത്ത പലരും വടക്കോട്ടു വണ്ടികയറി ദേശീയരാഷ്ട്രീയത്തിൽ വലിയ നേതാജിമാരായി തിളങ്ങിയിട്ടുണ്ട്. കേരളത്തിൽ സ്വന്തം നിലയിൽ ഒട്ടും സ്വാധീനമില്ലാത്ത എസ്. രാമചന്ദ്രൻപിള്ള ഡൽഹിയിൽ ഏറെക്കാലം സി.പി.എമ്മിന്റെ മുഖമായിരുന്നു. നാട്ടിലെ കോൺഗ്രസുകാർക്കാർക്കും ആലുവ മണപ്പുറത്തു കണ്ട പരിചയം പോലുമില്ലാതിരുന്ന ടോം വടക്കൻ ഡൽഹിയിലെത്തിയാണ് കോൺഗ്രസിന്റെ ദേശീയനേതാവായതും പിന്നീട് ആ ലേബലുമായി ബി.ജെ.പിയിലേക്കു പോയതും. കേരളത്തിൽ രണ്ടു പാർട്ടികളിൽ കളിച്ച് കാര്യമായി രക്ഷപ്പെടാതെ ബി.ജെ.പിയിൽ ചേർന്ന് ഡൽഹിക്കുപോയ എ.പി അബ്ദുല്ലക്കുട്ടി ഇപ്പോൾ വലിയ ദേശീയനേതാവാണെന്ന് ചിലർ ആരോപിക്കുന്നുണ്ട്.
വെള്ളാപ്പള്ളി നടേശൻ മുൻകൈയെടുത്ത് ബി.ഡി.ജെ.എസ് എന്നൊരു പാർട്ടിയുണ്ടാക്കുകയും അതിന്റെ അടിത്തറയുറപ്പിക്കാൻ കടുത്ത വർഗീയത പറയുകയും മകൻ തുഷാർ വെള്ളാപ്പള്ളിയെ അതിന്റെ നേതൃത്വത്തിൽ അവരോധിക്കുകയും ചെയ്തപ്പോൾ പലരും പരിഹാസത്തോടെയാണ് കണ്ടത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അവർ ബി.ജെ.പിക്കൊപ്പംനിന്ന് നിലംതൊടാതെ പോയപ്പോൾ ആ പരിഹാസം ഇരട്ടിച്ചു. തുടർന്ന് മനംമടുത്ത് വെള്ളാപ്പള്ളി നടേശൻ പിന്മാറിയെങ്കിലും തുഷാർ അവിടെ നിന്നു.
എവിടെയാണെങ്കിലും ക്ഷമിച്ചു നിൽക്കുന്നവരെയാണല്ലോ ഭാഗ്യം തുണയ്ക്കുക. ഒടുവിൽ തുഷാറിന്റെ സമയം തെളിഞ്ഞിട്ടുണ്ട്. കേരളത്തിൽ അധികമാരും കാര്യമാക്കാതിരുന്ന അദ്ദേഹമിപ്പോൾ ദേശീയരാഷ്ട്രീയത്തിൽ ഏറെ അറിയപ്പെടുന്ന നേതാവാണ്. ഓപറേഷൻ താമരയെന്ന പേരിൽ ബി.ജെ.പി വിവിധ സംസ്ഥാനങ്ങളിൽ നടത്തിക്കൊണ്ടിരിക്കുന്ന കുതിരക്കച്ചവടത്തോടൊപ്പംകൂടി തെലങ്കാനയിലെ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതിയുടെ നാല് എം.എൽ.എമാർക്ക് തുഷാർ 100 കോടി രൂപവീതം വാഗ്ദാനം ചെയ്‌തെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു വെളിപ്പെടുത്തിയതോടെ ദേശീയരാഷ്ട്രീയം 'കോൻ ഹേ തുഷാർ' എന്ന് കൗതുകത്തോടെ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. വേറെ ചില സംസ്ഥാനങ്ങളിലും തുഷാർ ഓപറേഷൻ കത്തിയുമായി ഇറങ്ങിയിരുന്നു എന്ന വാർത്തയുമുണ്ട്.
ഇടപാടിനു തെളിവായി തുഷാറിന്റെ ശബ്ദരേഖ പുറത്തുവന്നതോടെ ദേശീയരാഷ്ട്രീയത്തിൽ ഇടം ഉറപ്പിച്ചിരിക്കുകയാണ്. ഓപറേഷൻ താമരയ്ക്കു ചുക്കാൻ പിടിക്കാൻ സാധിക്കുന്നത് ഒട്ടും ചെറിയ കാര്യമല്ല. ഏതു നേതാവിനും കുപ്രസിദ്ധി വലിയ മുതൽക്കൂട്ടാകുന്ന രാഷ്ട്രീയസാഹചര്യമാണ് ഇന്ത്യയിലുള്ളതെന്നുകൂടി ഓർത്താൽ തുഷാറിന്റെ ഭാഗ്യം എത്ര വലുതാണെന്ന് മനസിലാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago