വശ്യം നിഗൂഢം
സജയ് കെ.വി
നോവലിസ്റ്റ് എന്ന നിലയില്‍ മലയാള സാഹിത്യത്തില്‍ സേതുവിന്റെ സ്ഥാനമുറപ്പിച്ച കൃതിയാണ് ‘പാണ്ഡവപുരം’ (1977). ആധുനികതയുടെ വന്‍തിരകള്‍ വന്നുപോയതിനു ശേഷമാണ് ഈ നോവലിന്റെ ആവിര്‍ഭാവം. എന്നിട്ടും ആധുനികതാവാദകാലം മലയാള നോവലിനു നല്കിയ മികച്ച സംഭാവനകളിലൊന്നായി ഈ കൃതി വിലയിരുത്തപ്പെട്ടു. സമൃദ്ധവും വിപുലവും സമ്പന്നവുമായ നിരൂപണ പരിഗണനയാണ് ‘പാണ്ഡവപുര’ത്തിനു ലഭിച്ചത്. നൂറില്‍പ്പരം പേജുകള്‍ മാത്രമുള്ള നോവലിന്, ഏതാണ്ട് അത്രതന്നെ പുറങ്ങൾ നിറയ്ക്കാന്‍ തക്ക പഠന-നിരൂപണങ്ങളുമുണ്ടായി. ഇവ രണ്ടും ചേര്‍ത്ത്, ഇരുന്നൂറിലേറെ പേജുകളുള്ള ‘പാണ്ഡവപുര’ത്തിന്റെ കൗതുകകരമായ ഒരുപതിപ്പ്, കടുംചുവപ്പു പുറംചട്ടയോടെ, പുറത്തിറങ്ങിയത് 2004ലായിരുന്നു. അതിനു ശേഷം, രണ്ടു പതിറ്റാണ്ടു തികയാന്‍ രണ്ടു വര്‍ഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ നോവലിസ്റ്റിന്റെ എഴുത്തച്ഛന് പുരസ്കാരലബ്ധി ആ നോവലിനും നോവലിസ്റ്റിനും മേല്‍ ഒരു പുനര്‍മൂല്യനിര്‍ണയത്തിന്റെ പുതുവെളിച്ചം വീഴ്ത്തുന്ന അവസരത്തിലാണ് ഇതെഴുതുന്നത്.
എന്താണ് ‘പാണ്ഡവപുരം’ അതിന്റെ വായനക്കാരിലും നിരൂപകരിലുമുണര്ത്തുന്ന ചിരന്തനമായ ആകര്‍ഷണത്തിന്റെ സൗന്ദര്യഹേതുക്കള്? നിരൂപകരുടെ കാര്യം തന്നെ ആദ്യമെടുക്കാം. അവരാണല്ലോ വായനക്കാരുടെ ആ നിശബ്ദ ഭൂരിപക്ഷത്തിനു വേണ്ടി ശബ്ദിക്കുന്ന ചെറു ന്യൂനപക്ഷം. ചില്ലറക്കാരായ നിരൂപകരൊന്നുമല്ല ഈ കഥനശില്പത്തിനു മേല്‍ തങ്ങളുടെ വ്യാഖ്യാനാത്മക നിരൂപണത്തിന്റെ സിദ്ധികളും ശേഷികളും വ്യയം ചെയ്തിട്ടുള്ളത്.
കെ.എം തരകനും (ഒരു ‘എന്ഡോസൈക്കിക്ക് മിത്ത് ’- എന്റെയും നിങ്ങളുടേയും പാപാഗാരം) കെ.പി അപ്പനും (പാണ്ഡവപുരത്തിന്റെ അസ്ഥിയും മാംസവും) വി. രാജ്കൃഷ്ണനും (ഒരു പകല്‍സ്വപ്നത്തിന്റെ ഇരുള്ക്കയങ്ങളിലൂടെ) വി.എം വിനയകുമാറും (അന്തമില്ലാത്ത മോഹവലയം) കെ.എം നരേന്ദ്രനും (ദേവിയെ അറിയുക) വി.സി ശ്രീജനും (അപാണ്ഡവായ) ആഷാമോനോനും (പാണ്ഡവപുരത്തിന്റെ സ്ഥലഘടന) ഉള്‍പ്പെടുന്ന, വമ്പിച്ച ഒരു വിമര്‍ശക വ്യൂഹം തന്നെ ഈ ചെറുനോവലിനെ തങ്ങളുടെ ഗാഢപാരായണത്താല് അഭിവാദ്യം ചെയ്തവരുടെ മുന്‍നിരയിലുണ്ട്. ഇനിയും നീട്ടാവുന്ന ഒരു പട്ടികയാണിത്. പുതുപഠനങ്ങള്‍ ആ ശ്രേണിയെ ഇനിയും വിപുലീകരിച്ചേക്കാമെന്ന സുനിശ്ചിതമായ സാധ്യതയുമുണ്ട്. മേല്പ്പരാമര്ശിച്ച പാണ്ഡവപുര വായനകളിലെല്ലാം പൊതുവായ ഒന്നുണ്ട്, ഒരു പ്രഹേളികാനിര്ദ്ധാരണത്തിന്റെ ഗാഢമായ സംതൃപ്തിയോടെയാണ് ഈ നിരൂപകരെല്ലാവരും തന്നെ പാണ്ഡവപുരം സന്ദര്‍ശിച്ചു മടങ്ങിയതെന്ന വസ്തുതയാണത്. പല മാതിരി വെളിച്ചങ്ങള്‍ പായിച്ച് ഒരു ആഖ്യാനദുര്ഗ്ഗത്തിന്റെ പല കോണുകള്‍ പ്രകാശിപ്പിക്കാന്‍ ശ്രമിക്കുന്നതു പോലെയായിരുന്നു അത്. അപ്പോഴും അഭേദ്യവും അഭംഗുരവുമായ ഒരു ദുരൂഹതയുടെ മോഹിപ്പിക്കുന്ന ഇരുട്ടില്‍ മുങ്ങി അതു നിലകൊള്ളുന്നു എന്നതാണ് വസ്തുത. മനശ്ശാസ്ത്രവും ഫാന്റസിയുടെ സൗന്ദര്യ നിര്‍ദ്ധാരണ തന്ത്രങ്ങളും സ്ത്രീവാദ നരവംശശാസ്ത്രവും തുടങ്ങി, അതത് എഴുത്തുകാരുടെ മനോധര്‍മ്മവും യുക്തവാദപാടവവും വരെ കൃതിയുടെ മാരീചഗാത്രത്തിനുമേല് പ്രയോഗിക്കപ്പെട്ടു. എല്ലാവരുടേയും ലക്ഷ്യം, ഭ്രമിപ്പിക്കുന്ന ആഖ്യാനലാവണ്യം തുളുമ്പുന്ന ഒരു കൃതിയുടെ സ്വപ്നാപഗ്രഥനമോ പ്രഹേളികാനിര്ധാരണമോ നടത്തുക എന്നതായിരുന്നു. കാരണം ‘പാണ്ഡവപുരം’ വിചിത്ര സങ്കീര്‍ണമായ ഒരു സ്വപ്നമാകുന്നു, അതേ ഗുണങ്ങളോടു കൂടിയ ഒരു പ്രഹേളികയും.
പൊതുവേ പുരുഷ കേന്ദ്രിതമായിരുന്ന ആധുനികതയുടെ ആഖ്യാന പ്രപഞ്ചത്തില്‍ ഒരു സ്ത്രീ കഥാപാത്രത്തെ കേന്ദ്ര സ്ഥാനത്തു നിര്‍ത്തിക്കൊണ്ട്, ഇത്തരത്തിലൊരു കഥന പ്രഹേളിക ഭാവന ചെയ്യാനായി എന്നതാണ് സേതു എന്ന ആധുനികനായ നോവലിസ്റ്റിൻ്റെയും ‘പാണ്ഡവപുരം’ എന്ന ആധുനികനോവലിന്റെയും അനന്യത. ദേവിയും ജാരനും ചേര്‍ന്നു കളിക്കുന്ന ഭ്രമഭാവനയുടെ ചതുരംഗമെന്ന്, ഏറ്റവും ചുരുക്കി, ‘പാണ്ഡവപുര’ത്തെ വിവരിക്കാം. സ്ഥലത്തിന്റെ കളിയും കലയുമാണല്ലോ ചതുരംഗം. അതിനാല്‍ ‘പാണ്ഡവപുരം’ എന്ന ഭാവനാസ്ഥലിയും ഈ സ്വപ്നാഖ്യാനത്തെ സംബന്ധിച്ചു പ്രധാനമാകുന്നു. എല്ലാം നിറവേറുന്നത്, ഒരു സ്വപ്നത്തിനകത്തെന്നോണമായതുകൊണ്ട്, അനിയതവും ദ്രവപ്രായവുമാണ് നോവലിന്റെ മൂലധാതുക്കളായ കഥാപാത്രങ്ങളും ഇതിവൃത്തവും സ്ഥല-കാലങ്ങളുമെല്ലാം. കളരിപ്പാടത്ത് തറവാട്ടിലെ കുഞ്ഞുകുട്ടന്റെ ഭാര്യയായ ‘ദേവി’ എന്ന ദേവിട്ടീച്ചറാണ് ആഖ്യാനത്തിന്റെ അച്ചുതണ്ട്. ‘ദേവി’ എന്നത് ഭദ്രയും രുദ്രയുമായ ദേവിയുടെ കൂടി പേരാകുന്ന ആഖ്യാന സങ്കീര്‍ണത പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് നോവല്‍ മുന്നോട്ടുനീങ്ങുന്നത്. കുഞ്ഞുകുട്ടനുമുണ്ട് അവ്യക്തതയുടെ ധൂസരപരിവേഷം.
അയാൾ ദേവിയെ ഉപേക്ഷിച്ചു പോയിട്ട് കാലം കുറച്ചായി. ഒരു മകനുണ്ട്, രഘു- മൂന്നാം ക്ലാസില്‍ പഠിക്കുന്നു. ഭര്‍തൃസഹോദരിയും അവിവാഹിതയുമായ ‘ശ്യാമള’ എന്ന യുവതിയും കുഞ്ഞുകുട്ടന്റെ മുത്തശ്ശിയുമാണ് മറ്റ് കുടുംബാംഗങ്ങള്‍. രാവും പകലും ദേവി ജാരനെ കാത്തിരിക്കുന്നു. പാണ്ഡവപുരമാണ് ജാരന്മാരുടെ നഗരം. അവിടെ ജാരന്മാരേയുള്ളു. അവിടെ പുരുഷപ്രജകളെല്ലാം ജാരന്മാരാകാന് വേണ്ടി പിറവികൊള്ളുന്നു. അവിടെയായിരുന്നു താന്‍ കുഞ്ഞുട്ടനോടൊപ്പം, സ്നേഹരഹിതവും വിരസവുമായ ദാമ്പത്യത്തിന്റെ ആദ്യദിനങ്ങള്‍ കഴിച്ചതെന്ന് ദേവി (ഒപ്പം ജാരനും) ചിലപ്പോഴെല്ലാം വിശ്വസിച്ചു പോകുന്നുണ്ട്. തിട്ടമതാര്‍ക്കറിയാം? ഒരു നാള് ജാരന് ദേവിയേത്തേടി കളരിപ്പാടത്തെത്തുന്നു. നാലഞ്ചുനാള്‍ അവിടെ തങ്ങുന്നു. ആവാഹിച്ചുവരുത്തിയതാണ് ദേവി ജാരനെ. എന്നിട്ടും നിരുന്മേഷവും നിന്ദാപൂരിതവുമായിരുന്നു അവള് ജാരനു നല്കിയ വരവേല്‍പ്പ് എന്നു നമ്മള് നോവലില്‍ വായിക്കുന്നു. ജാരനോടെന്നതിനേക്കാള് സംശയാലുവും സ്നേഹശൂന്യനുമായ കുഞ്ഞുകുട്ടനോടുള്ള പ്രതികാരമായിരിക്കാം അത്. ജാരന്റെ ഉണ്മ തന്നെയും സംശയാസ്പദമാണ്. ഏതൊരു നിഗമനവും സാധുവും അസാധുവുമായേക്കാവുന്ന ഈയൊരു ഘടന ‘പാണ്ഡവപുര’ത്തിന്റെ ഏറ്റവും വലിയ നോവല്‍ സവിശേഷതയാണ്. അതെന്തായാലും മനുഷ്യലൈംഗികതയെ- പുരുഷ ലൈംഗികതയേയും സ്ത്രീലൈംഗികതയേയും- പ്രഹേളികാവല്ക്കരിക്കുകയും സ്വപ്നവല്രിക്കക്കുകയും ചെയ്യുന്ന നോവലാണ് ‘പാണ്ഡവപുരം’. അതിനാല്‍ ആ നോവലിന് ഇന്നോളം കൈവന്ന വായനകളോരോന്നും, ഓരേനിലയ്ക്ക് പൂര്‍ണമെന്ന പോലെ അപൂര്‍ണവുമാണ്.
ആണും പെണ്ണും പരസ്പരം മോഹിക്കുകയും മോഹിപ്പിക്കുകയും സ്നേഹിക്കുകയും വെറുക്കുകയും കീഴടക്കുകയും കീഴടങ്ങുകയും ഹോമിക്കുകയും ഹോമിക്കപ്പെടുകയും ചെയ്യുന്ന ലൈംഗികതയെന്ന, കാമനയുടെയും നാഗരികതയുടെയും സങ്കീര്‍ണ പ്രഹേളികയാണതിന്റെ ആഖ്യാനചാരുതയെയും സ്വപ്ന സങ്കീര്‍ണതയെയും നിര്‍ണയിക്കുന്നത്. സ്ത്രീയെ ബലാല്ഭോഗത്തിലൂടെ കീഴടക്കാമെന്നു വിചാരിക്കുന്ന പുരുഷമൗഢ്യം പോലെയാണ് പാഠത്തിനു മേലുള്ള വിമര്ശകധാര്ഷ്ട്യത്തിന്റെ കൈയേറ്റവും, ചിലപ്പോള്‍. ഞാനതിനു മുതിരുന്നില്ല, മൊണാലിസയുടെ പുഞ്ചിരിയെന്നപോലെ ദേവിയുടെ ചുവപ്പും പാണ്ഡവപുരത്തിന്റെ മഞ്ഞയും അങ്ങനെ തന്നെ തുടരട്ടെ, ഒരേസമയം ഗ്രാഹ്യവും അഗ്രാഹ്യവുമായി, വശ്യവും നിഗൂഢവുമായി.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."