ഭഗത് സിംഗിനോടുള്ള സവര്‍ക്കര്‍ ഫാന്‍സുകാരുടെ സ്‌നേഹം ആശ്ചര്യപ്പെടുത്തുന്നു; പ്രതികരണവുമായി സ്പീക്കര്‍ എം.ബി. രാജേഷ്
തിരുവനന്തപുരം: ഭഗത് സിംഗിന്റെയും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും രക്തസാക്ഷിത്വത്തെ താരതമ്യപ്പെടുത്തിയതിനെതിരേ ഉയര്‍ന്ന വിവാദത്തില്‍ വിശദീകരണവുമായി സ്പീക്കര്‍ എം.ബി. രാജേഷ്.
ഭഗത് സിംഗിനോട് ചിലര്‍ക്ക് പെട്ടെന്നുണ്ടായ സ്‌നേഹ ബഹുമാനങ്ങള്‍ ആശ്ചര്യപ്പെടുത്തുകയാണെന്നും എപ്പോഴാണ് ഇവര്‍ക്ക് ആദരവ് തോന്നിത്തുടങ്ങിയതെന്നും അദ്ദേഹം ചോദിച്ചു. ഭഗത് സിംഗിനെ അവഗണിച്ച സവര്‍ക്കര്‍ ഫാന്‍സ് അസോസിയേഷന്‍കാരുടെ ജല്‍പ്പനങ്ങള്‍ക്കൊന്നും ചെവി കൊടുക്കാന്‍ ഒട്ടും ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
2017 മാര്‍ച്ച് 23ന് ഭഗത് സിംഗ് രക്തസാക്ഷിദിനത്തില്‍ പാര്‍ലമെന്റില്‍ ഞാനൊരു ആവശ്യമുയര്‍ത്തിയിരുന്നു. ചണ്ഡീഗഡ് വിമാനത്താവളത്തിന് ഭഗത് സിംഗിന്റെ പേര് നല്‍കണമെന്ന്. പഞ്ചാബില്‍ നിന്നുള്ള എം.പിമാര്‍ ഒറ്റക്കെട്ടായും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും പിന്തുണച്ചു. ഒരു പാര്‍ട്ടിയിലെ അംഗങ്ങള്‍ മാത്രം മൗനം പാലിച്ചു. ഒട്ടും അര്‍ഹനല്ലാത്ത, സ്വാതന്ത്ര്യസമരത്തില്‍ ഒരു പങ്കുമില്ലാത്ത ഒരാളുടെ പേര് വിമാനത്താവളത്തിന് കൊടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുവെന്ന പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ഭഗത് സിങ്ങിന്റെ പേരാണ് കൊടുക്കേണ്ടതെന്ന ആവശ്യം ഞാന്‍ ഉന്നയിച്ചത്.
ആ ആവശ്യം അന്ന് ചെവിക്കൊണ്ടില്ല. ഇപ്പോഴും വിമാനത്താവളത്തിന് ഭഗത് സിംഗിന്റെ പേര് നല്‍കിയിട്ടില്ല.
ഭഗത് സിംഗിനോട് പെട്ടെന്നിപ്പോള്‍ ഒരു സ്‌നേഹം ഉദിച്ചിരിക്കയാണ്. അദ്ദേഹത്തിന്റെ ജന്മനാട്ടിലെ വിമാനത്താവളത്തിന് ആ പേര് നല്‍കണമെന്ന നാല് വര്‍ഷം പഴക്കമുള്ള എന്റെ ആവശ്യം ഇപ്പോഴെങ്കിലും നിറവേറ്റി ഭഗത് സിംഗിനോടുള്ള ആദരവ് എത്രത്തോളമുണ്ടെന്ന് കാണിക്കൂ.
ഹിന്ദുവിന്റെയും മുസല്‍മാന്റെയും സിഖുകാരുടെയുമെല്ലാം ചോര ഒരുമിച്ചൊഴുകിപ്പരന്ന ജാലിയന്‍വാലാബാഗ് പോലുള്ള സമരമുഖങ്ങളില്‍ നിന്നാണ് ആധുനിക ഇന്ത്യ എന്ന ആശയം ഉയര്‍ന്നുവന്നത്. മതനിരപേക്ഷ, ജനാധിപത്യ ഇന്ത്യ എന്ന ആശയത്തിന്റെ ശത്രുപക്ഷത്തുള്ളവര്‍ക്ക് ആ രക്തസാക്ഷിത്വങ്ങളോട് മമത തോന്നാത്തത് സ്വാഭാവികം. 2019ല്‍ ജാലിയന്‍വാലാബാഗ് രക്തസാക്ഷിത്വത്തിന്റെ ശതാബ്ദി വര്‍ഷമായിരുന്നല്ലോ അത് ഉചിതമായ നിലയില്‍ രാജ്യമാകെ ആചരിക്കാന്‍ എന്തുകൊണ്ടാണ് ഇവര്‍ മുന്‍കയ്യെടുക്കാതിരുന്നത്?.
ജാലിയന്‍വാലാബാഗ് കൂട്ടക്കൊലക്ക് ബ്രിട്ടന്‍ മാപ്പു ചോദിക്കണമെന്ന ആവശ്യവും പാര്‍ലമെന്റില്‍ ശശി തരൂരും ഞാനും ഉയര്‍ത്തി. ജാലിയന്‍വാലാബാഗ് രക്തസാക്ഷി സ്മാരകത്തെ അവഗണിക്കുന്നതിനെതിരെയും ഫണ്ട് അനുവദിക്കാത്തതിനെതിരെയും ഞാന്‍ പ്രധാനമന്ത്രിക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു. അതും ചെവികൊള്ളാത്തവരാണിപ്പോള്‍ കപട സ്‌നേഹവുമായി രംഗത്തു വന്നിരിക്കുന്നത്. അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."