കൂടുതല്‍ നിയന്ത്രണങ്ങളില്ല; ഞായറാഴ്ച ലോക്ഡൗണ്‍ തുടരും; നാലാഴ്ച അതീവ ജാഗ്രത
തിരുവനന്തപുരം: കേരളത്തില്‍ കൂടുതല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തില്ല. നിലവിലെ നിയന്ത്രണങ്ങള്‍ തുടരാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി.
ഞായറാഴ്ചയിലെ ലോക്ക്ഡൗണില്‍ മാറ്റമില്ല. കടകള്‍ക്ക് ഏഴു മുതല്‍ ഒന്പതുവരെ തന്നെ പ്രവര്‍ത്തിക്കാം. ഡബ്ല്യു.ഐ.പി.ആര് മാനദണ്ഡങ്ങളിലും മാറ്റമില്ല.
സംസ്ഥാനത്ത് അടുത്ത നാലാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓണക്കാലത്ത് പലയിടങ്ങളിലും ആള്‍ത്തിരക്ക് ഉണ്ടായിട്ടുണ്ട്. ഇളവ് നല്കിയ വ്യാപാര സ്ഥാപനങ്ങള്‍, കടകള്‍ എന്നിവിടങ്ങളില്‍ പലയിടത്തും ആള്‍ക്കൂട്ടം ഉണ്ടായി. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും എല്ലായിടത്തും അത് പാലിക്കപ്പെട്ടിരുന്നില്ല. അതീവ വ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ ഭീഷണിയിലാണ് സംസ്ഥാനത്തെ പല പ്രദേശങ്ങളും. കൊവിഡ് മൂന്നാം തരംഗത്തിന്റെ ഭീഷണിയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഓണാവധി കഴിഞ്ഞ് സ്ഥാപനങ്ങളും ഓഫീസുകളും തുറക്കുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതേസമയം, പരമാവധി പേര്‍ക്ക് വാക്സീന് നല്കി സുരക്ഷിതമാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. വാക്സിന് എടുത്തു എന്ന് കരുതി ആരും ജാഗ്രത കൈവിടരുത്. വാക്സീന് എടുത്തവര്‍ മുന്‍കരുതലുകളെടുത്തില്ലെങ്കില്‍ അവരിലൂടെ ഡെല്‍റ്റ വകഭേദം കൂടുതലായി വ്യാപിക്കുമെന്നാണ് അടുത്ത കാലത്തുണ്ടായ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."