ശക്തിപ്പെടുന്ന വിശാല പ്രതിപക്ഷ ഐക്യം
അഡ്വ. ജി. സുഗുണന്‍
അമിതാധികാര ശക്തികള്‍ ലോകത്തെ വിവിധ രാജ്യങ്ങളില്‍ സര്‍വാധികാരം സ്വയം കവര്‍ന്നെടുത്തുകൊണ്ട് സ്വേച്ഛാധിപത്യപരമായി മുന്നോട്ടുപോയിട്ടുണ്ട്. ഇതിനെയെല്ലാം അതതു രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ യോജിച്ച പ്രക്ഷോഭങ്ങള്‍ക്കും ശക്തവും ത്യാഗപൂര്‍ണവുമായ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് തകര്‍ക്കാന്‍ കഴിഞ്ഞിട്ടുള്ളത്. യൂറോപ്പിലും ഏഷ്യയിലും ആഫ്രിക്കയിലും വിവിധ ഭൂഖണ്ഡങ്ങളിലുമെല്ലാം ഇത്തരം ശക്തികള്‍ ഉദയം ചെയ്യുകയും ശക്തമായ ജനകീയ പ്രതിരോധത്തിനു മുന്നില്‍ അസ്തമിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യാ മഹാരാജ്യത്തെ സംബന്ധിച്ചിടത്തോളം 1975ലെ ദേശീയ അടിയന്തിരാവസ്ഥയെയും അതിന്റെ ഭാഗമായ പൗരാവകാശങ്ങളും ഭരണഘടനയും നിഷേധിച്ചുകൊണ്ടുള്ള അമിതാധികാര വാഴ്ചയെയും യോജിച്ച ക്യാംപയിനുകളിലൂടെ രാജ്യത്തെ ജനതയ്ക്ക് പരാജയപ്പെടുത്താന്‍ കഴിഞ്ഞു.
ആധുനിക കാലത്ത് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളാണ് ഭരണഘടനയെയും ജനാധിപത്യത്തെയും പലപ്പോഴും പിച്ചിച്ചീന്താന്‍ മുന്നോട്ടുവന്നത്. എല്ലാ അധികാരങ്ങളും ഇവര്‍ കൈയിലെടുക്കും. ജനാധിപത്യത്തിന്റെ നെടുംതൂണായ പ്രതിപക്ഷത്തെ എല്ലാ നിലയിലും അവഗണിച്ചു തള്ളുന്നതില്‍ ഇക്കൂട്ടര്‍ക്ക് യാതൊരു വൈമുഖ്യവുമില്ല. പ്രതിപക്ഷത്തിന്റെ അനൈക്യത്തില്‍ നിന്നാണ് ഇത്തരം ഭരണകക്ഷികള്‍ അവരോധിക്കപ്പെടുന്നത് എന്നുള്ളതും ഒരു വസ്തുതയാണ്. ഇന്ത്യയില്‍ ബി.ജെ.പി ഒന്നാമതും രണ്ടാമതും അധികാരത്തിലെത്തിയത് എങ്ങനെയെന്ന് പരിശോധിക്കുക. പ്രതിപക്ഷ ഭിന്നിപ്പിനെ ഇവര്‍ ഫലപ്രദമായി കൈകാര്യം ചെയ്തുവെന്നതാണു യാഥാര്‍ഥ്യം. ഇന്നത്തെ സ്ഥിതിയിലും വലിയ മാറ്റമൊന്നും വന്നിട്ടില്ല. പ്രതിപക്ഷത്തിന്റെ ഭിന്നിപ്പ് മുതലെടുത്തു കൊണ്ടാണ് ബി.ജെ.പിയുടെ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. എന്നാല്‍ പ്രതിപക്ഷം യോജിച്ചു നിന്നിരുന്നെങ്കില്‍ ഈ സ്ഥിതി ഇന്ത്യന്‍ സാഹചര്യത്തില്‍ ഒരിക്കലും ഉണ്ടാകുമായിരുന്നില്ല.
ജനവിരുദ്ധ നടപടികള്‍ രാജ്യത്ത് അനസ്യൂതം പ്രയോഗിക്കുന്നതില്‍ കേന്ദ്രത്തിലെ മോദി സര്‍ക്കാരിനു യാതൊരു വൈമുഖ്യവുമില്ല. ഡസന്‍കണക്കിനു ജനവിരുദ്ധ കരിനിയമങ്ങള്‍ ഇവിടെ പാര്‍ലമെന്റ് പോലും ഫലപ്രദമായി ചര്‍ച്ചചെയ്യാതെ പാസാക്കിയെടുത്തിരിക്കുകയാണ്. എന്നാല്‍ ഏറ്റവുമൊടുവില്‍ പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ആരോപണവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ യൂനിറ്റി കെട്ടിപ്പടുക്കാന്‍ രാജ്യത്തെ പ്രതിപക്ഷത്തിനു കഴിഞ്ഞത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വലിയ വിജയം തന്നെയാണ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തന്നെ വിജയകരമായ ഒരു പ്രതിപക്ഷ വിശാലയോഗം ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്തു. ഭരണഘടനാ തത്വങ്ങളെയും സ്വാതന്ത്ര്യസമര മൂല്യങ്ങളെയും സംരക്ഷിക്കുന്ന സര്‍ക്കാര്‍ രൂപീകരണം ലക്ഷ്യമിട്ട് 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനായി ഒറ്റക്കെട്ടായി നീങ്ങാന്‍ കോണ്‍ഗ്രസ് അധ്യക്ഷ ആഹ്വാനം ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി അടക്കം 19 പ്രതിപക്ഷകക്ഷി നേതാക്കള്‍ പങ്കെടുത്ത വിഡിയോ കോണ്‍ഫറന്‍സിലായിരുന്നു ഈ ആഹ്വാനം.
വിശാല പ്രതിപക്ഷ ഐക്യം വെല്ലുവിളിയാണെങ്കിലും ഒന്നിച്ചുനില്‍ക്കുകയല്ലാതെ മറ്റുവഴികളില്ലെന്നും സോണിയ ചൂണ്ടിക്കാട്ടി. സ്വന്തം നിര്‍ബന്ധങ്ങള്‍ മാറ്റിവച്ച് രാജ്യതാല്‍പര്യത്തിനു മുന്‍ഗണന നല്‍കാനുള്ള സമയമായിരിക്കുന്നു. 2024ലെ തെരഞ്ഞെടുപ്പെന്ന അന്തിമലക്ഷ്യം മുന്നില്‍ക്കണ്ട് ഒന്നിച്ചുനീങ്ങാനുള്ള കൃത്യമായ തന്ത്രങ്ങള്‍ക്ക് രൂപംനല്‍കണം. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം അതിനു തുടക്കമിടാനുള്ള സമയമാണ്. വാക്‌സിന്‍ വിതരണത്തിലെ അപാകത പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതിന്റെ പിന്നാലെയാണ് സര്‍ക്കാര്‍ നയത്തില്‍ മാറ്റംവരുത്തിയതെന്നും സോണിയ പറഞ്ഞു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനത്തില്‍ സോണിയ നടത്തിയ യോഗത്തില്‍ മുഖ്യമന്ത്രിമാരായ മമതാ ബാനര്‍ജി (തൃണമൂല്‍), എം.കെ സ്റ്റാലിന്‍ (ഡി.എം.കെ), ഉദ്ധവ് ധാക്കറെ (ശിവസേന), ഹേമന്ത് സ്വാറന്‍ (ജെ.എം.എം) എന്നിവരും പ്രതിപക്ഷ നേതാക്കളായ ശരത്പവാര്‍ (എന്‍.സി.പി.), സീതാറാം യെച്ചൂരി (സി.പി.എം), ഡി. രാജ (സി.പി.ഐ), ഉമര്‍ അബ്ദുല്ല (നാഷനല്‍ കോണ്‍ഫറന്‍സ്) തുടങ്ങിയവരും പങ്കെടുത്തു. കേരളത്തില്‍നിന്ന് എന്‍.കെ പ്രേമചന്ദ്രന്‍ (ആര്‍.എസ്.പി), ഇ.ടി മുഹമ്മദ് ബഷീര്‍ (മുസ്‌ലീം ലീഗ്), ജോസ് കെ. മാണി (കേരളാ കോണ്‍ഗ്രസ്), ശ്രേയാംസ് കുമാര്‍ (ലോക്താന്ത്രിക് ജനതാദള്‍) തുടങ്ങിയവരും പങ്കെടുത്തു.
കേന്ദ്ര സര്‍ക്കാരിന്റെ ജനാധിപത്യ-ഭരണഘടനാ സ്ഥാപനങ്ങളോടുള്ള മോശം സമീപനത്തിനും ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരേ സെപ്റ്റംബര്‍ 20 മുതല്‍ 30 വരെ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ഈ യോഗം തീരുമാനിച്ചു. മൗലികമായ 11 ആവശ്യങ്ങളാണ് ഈ പ്രക്ഷോഭത്തില്‍ പ്രതിപക്ഷം ഉന്നയിച്ചിരിക്കുന്നത്.
1. വാക്‌സിന്‍ ഉല്‍പാദനം വര്‍ധിപ്പിക്കുക. ആഗോളതലത്തില്‍ ലഭ്യമാകുന്ന വാക്‌സിന്‍ സംഭരിക്കുക. എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുക. കൊവിഡില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക. പൊതു ആരോഗ്യസംവിധാനം മെച്ചപ്പെടുത്തുക.
2. ആദായനികുതിദായകരല്ലാത്ത എല്ലാ കുടുംബത്തിനും പ്രതിമാസം 7,500 രൂപ നല്‍കുക. ആവശ്യക്കാര്‍ക്കെല്ലാം സൗജന്യ ഭക്ഷ്യക്കിറ്റ് നല്‍കുക.
3. പെട്രോളിയം ഉല്‍പന്നങ്ങളുടെ അമിതമായ കേന്ദ്ര എക്‌സൈസ് തീരുവ പിന്‍വലിക്കുക.
4. മൂന്നു കാര്‍ഷികനിയമവും പിന്‍വലിക്കുക. കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കുക.
5. പൊതുമേഖലയുടെ സ്വകാര്യവല്‍ക്കരണവും തൊഴില്‍ കോഡുകളും പിന്‍വലിക്കുക. ന്യായമായ വേതനത്തിനായി വിലപേശാനുള്ള അവകാശം സംരക്ഷിക്കുക.
6. ചെറുകിട ഇടത്തരം സൂക്ഷ്മ വ്യവസായങ്ങളുടെ പുനരുദ്ധാരണ സാമ്പത്തിക പാക്കേജ് നടപ്പാക്കുക.
7. വേതനം ഇരട്ടിയാക്കി ഗ്രാമീണ തൊഴില്‍ പദ്ധതിയില്‍ വര്‍ഷം 200 തൊഴില്‍ദിനങ്ങള്‍ നല്‍കുക.
8. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വേഗത്തില്‍ തുറക്കാന്‍ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വാക്‌സിനേഷനില്‍ മുന്‍ഗണന നല്‍കുക.
9. പെഗാസസ് ചാരവൃത്തിയില്‍ സുപ്രിംകോടതി മേല്‍നോട്ടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുക.
10. ഭീമാ കൊറേഗാവ് കേസിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ യു.എ.പി.എ ചുമത്തപ്പെട്ട എല്ലാ രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കുക. അഭിപ്രായ പ്രകടന സ്വാതന്ത്ര്യം വിനിയോഗിച്ചതിന്റെ പേരില്‍ ജയിലിലടച്ച മാധ്യമപ്രവര്‍ത്തകരെ വിട്ടയക്കുക.
11. ജമ്മുകശ്മിരിലെ എല്ലാ രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കുക.
പ്രതിപക്ഷകക്ഷികളുടെ വിശാലമായ ഈ ദേശീയയോഗം വിളിച്ചുകൂട്ടുന്നതിനു മുന്‍കൈയെടുത്തവരില്‍ പ്രധാനി മമതാ ബാനര്‍ജി തന്നെ. നേതൃത്വ പ്രശ്‌നം ഈ വിശാലസഖ്യത്തില്‍ ഉണ്ടാവുകയില്ലെന്ന് അവര്‍ പറഞ്ഞു. ജനങ്ങളായിരിക്കും ഈ വിശാലമുന്നണിയെ നയിക്കുക. ബി.ജെ.പിക്കെതിരായി നീങ്ങാന്‍ ഏറ്റവും വിശാലമായ ഐക്യനിര കെട്ടിപ്പടുക്കുകയാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം. വിശാലമുന്നണിയെ സംരക്ഷിക്കാന്‍ തൃണമൂല്‍ നേതാവ് മുന്നില്‍തന്നെ ഉണ്ടാകുമെന്നര്‍ഥം. ഈ സമ്മേളനത്തിലെ സോണിയാ ഗാന്ധിയുടെ പ്രസംഗവും എടുത്തുപറയത്തക്ക ഒന്നാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യസമര മൂല്യങ്ങളിലും ഭരണഘടനാ തത്വങ്ങളിലും വിശ്വസിക്കുന്ന ഒരു സര്‍ക്കാരിനെ ഈ രാജ്യത്തിനു നല്‍കുക എന്ന ലക്ഷ്യത്തോടെ എല്ലാവരും പ്രവര്‍ത്തനരംഗത്ത് സജീവമായി ഇറങ്ങണമെന്ന് അവര്‍ ആഹ്വാനം ചെയ്തു. നീണ്ട പ്രതിപക്ഷ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ യോഗം തന്നെ ചേരാന്‍ കഴിഞ്ഞത്. മമതാ ബാനര്‍ജി, ശരത്പവാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മാസങ്ങള്‍ക്കു മുമ്പുതന്നെ ഇതിനായുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. സോണിയാ ഗാന്ധി അടക്കമുള്ള നേതാക്കളെ മമതാ ബാനര്‍ജി നേരിട്ട് സന്ദര്‍ശിച്ച് ഇതിനെ സംബന്ധിച്ച് വിശദമായ ചര്‍ച്ച നടത്തുകയും ചെയ്തു.
ഇന്ത്യന്‍ ദേശീയരാഷ്ട്രീയത്തില്‍ വന്‍ ചലനങ്ങളാണ് പ്രതിപക്ഷകക്ഷികളുടെ ഈ അഖിലേന്ത്യാ സമ്മേളനം ഉണ്ടാക്കിയിരിക്കുന്നത്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് ഈ വിശാല സമ്മേളനത്തില്‍ അക്ഷരാര്‍ഥത്തില്‍ നേതൃത്വപരമായ പങ്കുവഹിച്ചത്. ബംഗാളില്‍ ഇടതുപക്ഷവും മമതാ ബാനര്‍ജിയുടെ പാര്‍ട്ടിയും തമ്മിലുണ്ടായിരുന്ന അകല്‍ച്ചയും സംഘര്‍ഷവുമെല്ലാം ഇന്നു കുറഞ്ഞിരിക്കുകയാണ്. ഇക്കഴിഞ്ഞ സി.പി.എം കേന്ദ്രകമ്മിറ്റി യോഗം പശ്ചിമബംഗാളില്‍ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസല്ല, മറിച്ച് ബി.ജെ.പിയാണ് മുഖ്യശത്രുവെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ഇതു രാജ്യത്തെ വിശാല-ജനാധിപത്യ-മതേതര-ഇടത് ഐക്യം കെട്ടിപ്പടുക്കുന്നതിന് ഏറെ സഹായിക്കുമെന്നത് നിസ്തര്‍ക്കമാണ്. മമതാ ബാനര്‍ജി ഈ വിശാല പ്രതിപക്ഷ യോഗത്തില്‍ സമ്മേളനത്തിന്റെ സംയുക്ത പ്രസ്താവന ആരാണ് തയാറാക്കിയതെന്ന് യോഗത്തില്‍ ചോദിച്ചതായും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഇത് എഴുതിത്തയാറാക്കിയതെന്ന് അവരെ അറിയിച്ചതായും പത്രവാര്‍ത്തകള്‍ വന്നിരുന്നു. ഇടതുപക്ഷവും കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസുമെല്ലാം ഒറ്റമനസോടെ വിശാല സഖ്യത്തില്‍ വന്നിരിക്കുന്നു എന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.
ഇന്ത്യന്‍ ജനാധിപത്യം ഇപ്പോള്‍ ഏറ്റവും വലിയ വെല്ലുവിളിയെ നേരിടുകയാണ്. ഇതിനു മാറ്റം വേണമെങ്കില്‍ വ്യാപകമായ രീതിയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോജിച്ച പ്രവര്‍ത്തനങ്ങളും ശക്തമായ പ്രക്ഷോഭങ്ങളും ഉണ്ടായേ മതിയാകൂ. അതിലേക്കുള്ള ചുവടുവയ്പാണ് സോണിയാ ഗാന്ധി കഴിഞ്ഞദിവസം വിളിച്ചുകൂട്ടിയ വിശാല പ്രതിപക്ഷകക്ഷികളുടെ യോഗം എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. എല്ലാ കാര്യങ്ങളും കോണ്‍ഗ്രസിനെ ഏല്‍പ്പിച്ചതുകൊണ്ട് മാത്രം കാര്യമില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസിനും ഇതില്‍ പങ്കെടുത്ത മറ്റു പാര്‍ട്ടികള്‍ക്കുമെല്ലാം അറിയാമെന്നുള്ളത് എന്തുകൊണ്ടും ഗുണകരമാണ്. എല്ലാ പാര്‍ട്ടികളും സജീവമായി രംഗത്തിറങ്ങണമെന്നുള്ളതാണ് ധാരണ. അതുകൊണ്ടുതന്നെ രാജ്യത്ത് വിശാലമായ പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തുന്നതില്‍ സുപ്രധാനമായ ഒരു പങ്കായിരിക്കും ഡല്‍ഹിയില്‍ ചേര്‍ന്ന വിശാല പ്രതിപക്ഷയോഗം നിര്‍വഹിക്കാന്‍ പോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."