കല്ല്യാണ യാത്രക്ക് കാടിളകി വരുമ്പോലെ കെ.എസ്.ആര്.ടി.സി യുടെ പറക്കും തളിക
കൊച്ചി:''ഒരു കാടിളകി വരുന്നുണ്ടല്ലോ....'' എന്ന സിനിമാ ഡയലോഗും കല്ല്യാണ യാത്രക്ക് കൊച്ച് കൊച്ച് പൂക്കളും ഇലകളും കൊണ്ട് അലങ്കരിച്ച താമാരാക്ഷന്‍ പിള്ള ബസും ഓര്‍മ്മിപ്പിക്കും വിധം കെ.എസ്.ആര്.ടി.സി യുടെ ഒരു കല്ല്യാണ യാത്ര. കോതമംഗലത്തു നിന്നും അടിമാലിയിലേക്കായിരുന്നു നിയമം കാറ്റില്‍ പറത്തിക്കൊണ്ടുള്ള കെ.എസ്.ആര്.ടി.സിയുടെ യാത്ര.''ഈ പറക്കും തളിക'' എന്ന സിനിമയിലെ രംഗത്തെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ കാടും പടലും നിറയെ അലങ്കാരമെന്നോണം വച്ചുപിടിപ്പിച്ച് റോഡ്, വാഹന നിയമങ്ങള്‍ ലംഘിച്ച് നടത്തിയ യാത്രയില്‍ കെ.എസ്.ആര്.ടി.സിയെന്ന പേര് മായ്ച്ച് വലിയ അക്ഷരത്തില്‍ സിനിമയിലെ ബസിന്റെ പേരായ ''താമരാക്ഷന്‍ പിള്ള'' എന്നും പതിപ്പിച്ചിരുന്നു.
നിലവില്‍ ഞായറാഴ്ച ദിവസങ്ങളില്‍ കല്യാണ ഓട്ടങ്ങള്‍ക്ക് കെ.എസ്.ആര്.ടി.സി വാടകയ്ക്ക് നല്‍കാറുണ്ട്. 30 ദിവസം മുന്‍പ് ബസ് ബുക്ക് ചെയ്തത് സംബന്ധിച്ച് നോട്ടീസ് നല്‍കണമെന്നാണ് നിയമം.ബസ് വാടകയ്ക്ക് എടുത്താല്‍ യാതൊരുവിധത്തിലുള്ള അലങ്കാരങ്ങളോ തോരണങ്ങളോ പാടില്ലെന്നും നിയമത്തിലുണ്ട്. കെ.എസ്.ആര്.ടി.സിയില്‍ പരസ്യങ്ങള്‍ പോലും പാടില്ലെന്ന കര്‍ശന ഉത്തരവ് നില്‍ക്കെയാണ് ഇതെല്ലാം ലംഘിച്ചുള്ള ഇത്തരം നടപടി. വാഴയും തെങ്ങിന്റെ ഓലയും കാടും പടലുമൊക്കെ കുത്തിനിറച്ചായിരുന്നു ''താമരാക്ഷന്‍ പിള്ള'' യുടെ യാത്ര. കോതമംഗലത്തു നിന്ന് യാത്ര തുടങ്ങിയ ബസ് അടിമാലിയിലേക്കാണ് പോകുന്നത്. അതിനിടെ പല സ്ഥലത്തും ബസ് നിര്‍ത്തി ആളുകള്‍ ഇറങ്ങി കുറച്ച് സമയം ആഘോഷം നടത്തിയ ശേഷം യാത്ര തുടരുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."