HOME
DETAILS
MAL
ഡി.സി.സി പുനഃസംഘടന: കോണ്‍ഗ്രസില്‍ സൈബര്‍ പോര് മുറുകുന്നു
backup
August 25 2021 | 04:08 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഡി.സി.സി പുനഃസംഘടന അന്തിമഘട്ടത്തിലെത്തി നില്‍ക്കെ കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ തമ്മില്‍ സൈബര്‍ പോര് മുറുകുന്നു. അധ്യക്ഷന്‍മാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് പോസ്റ്റര്‍ പ്രതിഷേധങ്ങളും മറ്റും നടക്കുന്നതിനിടെയാണ് സൈബര്‍ പോരും ശക്തമാകുന്നത്.
ഡി.സി.സി അധ്യക്ഷന്മാരുടെ പട്ടിക ഇറങ്ങിയാല്‍ കോണ്‍ഗ്രസില്‍ കലാപമുണ്ടാക്കണമെന്ന് നിര്‍ദേശിക്കുന്ന തരത്തില്‍ രമേശ് ചെന്നിത്തലയുടെ അനുകൂലികള്‍ കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. ഇതിനെതിരെ കെ.സുധാകരന്‍ അനുകൂലികള്‍ചെന്നിത്തലക്കെതിരെ ആരോപണവുമായെത്തിയിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആര്‍.സി ബ്രിഗേഡ് എന്ന ഗ്രൂപ്പില്‍ വന്ന ചാറ്റുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിവാദമായതിനു പിന്നാലെ ഗ്രൂപ്പുമായി ബന്ധമില്ലെന്ന് രമേശ് ചെന്നിത്തല വിശദീകരിച്ചിരുന്നു. ഇതിന് ശേഷമാണ് കോണ്‍ഗ്രസ് സൈബര്‍ ടീം ഓഫീഷ്യല്‍ എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ രമേശ് ചെന്നിത്തലയ്‌ക്കെതിരെ അതിരൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. 'പ്രിയ ചെന്നിത്തല സാറും മകന്‍ രോഹിത് ചെന്നിത്തലയും കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് മാപ്പു പറഞ്ഞു രാജിവച്ചു പുറത്തുപോകേണ്ടതാണ്' എന്ന് ആരംഭിക്കുന്ന ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അതിരൂക്ഷ വിമര്‍ശനമാണുള്ളത്. മാന്യമായി രാജിവച്ചു പുറത്തുപോവുക, ജയ് വിളിച്ച കൈ കൊണ്ട് മുഖമടച്ചു തരാന്‍ മടിയില്ലാത്ത കോണ്‍ഗ്രസിനെ നെഞ്ചോടു ചേര്‍ക്കുന്ന പുതുതലമുറ ഇവിടെയുണ്ട് അതു കൊണ്ട് അപ്പനും മകനും കളി നിര്‍ത്തിക്കോ എന്ന താക്കീതോടെയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. ,ഡി.സി.സി ഭാരവാഹികളെ തീരുമാനിക്കാനുള്ള അവസാനഘട്ട ചര്‍ച്ചകള്‍ക്കായി കെ.പി.സി.സി പ്രസിഡന്റ് ഡല്‍ഹിക്ക് പോകുന്നതിന് മുമ്പാണ് വാട്‌സ്അപ്പ് ചാറ്റുകള്‍ പുറത്ത് വന്നത്. ഇതോടെ സുധാകരനൊപ്പം ഡല്‍ഹിയിലേക്ക് പോകാനൊരുങ്ങിയിരുന്ന പ്രതിപക്ഷനേതാവ് ഗ്രൂപ്പ് നേതാക്കളെ കണ്ട് സമവായമുണ്ടാക്കാനായി കേരളത്തില്‍ തന്നെ തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."