HOME
DETAILS
MAL
വി.കെ മധുവിനെതിരേ നടപടിക്ക് സാധ്യത
backup
August 25 2021 | 04:08 AM
മധുവിന് വീഴ്ച സംഭവിച്ചെന്ന് സി.പി.എം അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്
തിരുവനന്തപുരം: അരുവിക്കര മണ്ഡലത്തിലെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റംഗവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ വി.കെ മധുവിന് വീഴ്ച സംഭവിച്ചെന്നു സി.പി.എം അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേതാവെന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ മധുവിനു കഴിഞ്ഞില്ലെന്നു വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍ പ്രവര്‍ത്തകരെ തെറ്റായ ദിശയിലേയ്ക്കു സഞ്ചരിക്കാന്‍ മധുവിന്റെ മനോഭാവം ഇടയാക്കിയെന്നും പരാമര്‍ശമുണ്ട്.
മധുവിനെതിരേ എന്തു നടപടി സ്വീകരിക്കണമെന്നു വെള്ളിയാഴ്ച ചേരുന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റും തുടര്‍ന്ന് ചേരുന്ന ജില്ലാ കമ്മിറ്റിയും തീരുമാനമെടുക്കും. താക്കീത്, ശാസന, തഴംതാഴ്ത്തല്‍ എന്നീ അച്ചടക്ക നടപടികളില്‍ ഏതെങ്കിലും ഉണ്ടാകാനാണു സാധ്യത.
നിയമസഭാ തെരഞ്ഞെടുപ്പില്‍ അരുവിക്കര മണ്ഡലത്തില്‍ വി.കെ മധുവിനെ സ്ഥാനാര്‍ഥിയാക്കാനാണ് സി.പി.എം ജില്ലാ കമ്മിറ്റി ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിന്റെ അടിസ്ഥാനത്തില്‍ ജി. സ്റ്റീഫന്‍ സ്ഥാനാര്‍ഥിയായി. സ്റ്റീഫനെ സ്ഥാനാര്‍ഥിയാക്കിയതില്‍ മധുവിനു കടുത്ത വിയോജിപ്പുണ്ടായിരുന്നു. തുടര്‍ന്ന് തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ നേതാവെന്ന നിലയില്‍ പ്രവര്‍ത്തിക്കാതെ മധു നിസഹരിച്ചുവെന്ന പരാതി ഉയര്‍ന്നു. തെരഞ്ഞെടുപ്പില്‍ സ്റ്റീഫന്‍ ജയിച്ചെങ്കിലും മധുവിനെതിരായ പരാതി അന്വേഷണ കമ്മിഷനെ വച്ച് പരിശോധിക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു.
പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ സി. ജയന്‍ബാബു, കെ.സി വിക്രമന്‍, സി. അജയകുമാര്‍ എന്നിവരായിരുന്നു കമ്മിഷനംഗങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."