ഫലസ്തീനികൾക്ക് ആവശ്യസാധനങ്ങളും സഹായവുമായി ആളുകളുടെ നീണ്ട നിര; ലോകത്തിന് മാതൃകയായി യുഎഇയിലെ മനുഷ്യർ
ഫലസ്തീനികൾക്ക് ആവശ്യസാധനങ്ങളും സഹായവുമായി ആളുകളുടെ നീണ്ട നിര; ലോകത്തിന് മാതൃകയായി യുഎഇയിലെ മനുഷ്യർ
അബുദാബി: ഇസ്‌റാഈൽ ആക്രമണത്തെ തുടർന്ന് ദുരിതം അനുഭവിക്കുന്ന ഫലസ്തീനിലെ ജനങ്ങൾക്ക് കൈത്താങ്ങാകാൻ അബുദാബിയിലെ സെന്ററിലേക്ക് ഓടിയെത്തിയത് നൂറുകണക്കിന് പേർ. ‘കംപാഷൻ ഫോർ ഗാസ’ എന്ന പേരിൽ എമിറേറ്റ്‌സ് റെഡ് ക്രസന്റ് (ഇആർസി) നടത്തിയ സന്നദ്ധ ക്യാംപിലേക്കാണ് നൂറുകണക്കിന് യുഎഇ നിവാസികൾ എത്തിയത്. ഇവിടെ നിന്നും പാക്ക് ചെയ്ത അവശ്യ സാധനങ്ങൾ വൈകാതെ ഫലസ്തീനിലെ ജനങ്ങൾക്ക് എത്തിച്ച് നൽകും.
മിന സായിദിലെ അബുദാബി ക്രൂയിസ് ടെർമിനൽ ഹാളിൽ ആയിരക്കണക്കിന് കിലോഗ്രാം സഹായങ്ങൾ പാക്ക് ചെയ്യാൻ സന്നദ്ധപ്രവർത്തകർ രാവിലെ 9 മുതൽ എത്തിയിരുന്നു. ജനങ്ങളുടെ തിരക്ക് മൂലം 45 മിനുട്ട് വീതം ഓരോരുത്തർക്ക് അനുവദിച്ചതാണ് മുഴുവൻ ആളുകളെയും സേവനത്തിന്റെ ഭാഗമാക്കിയത്. ആദ്യം എത്തിയവരെ രജിസ്‌ട്രേഷൻ ചെയ്ത് ഹാളിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. ഇങ്ങനെ ഓരോ 45 മിനുട്ടിലും പുതിയ ആളുകളെ പ്രവേശിപ്പിച്ച് ആണ് സാധനങ്ങൾ പാക്ക് ചെയ്തത്.
കെയർ ബോക്സുകൾ പായ്ക്ക് ചെയ്യുന്നതിൽ സഹായിക്കാൻ സന്നദ്ധപ്രവർത്തകരുടെ നീണ്ട ക്യൂ അതിരാവിലെ മുതൽ എത്തിയിരുന്നു. ചിലർ ഒറ്റയ്ക്ക് വന്നപ്പോൾ മറ്റു ചിലർ കുടുംബത്തോടൊപ്പമാണ് വന്നത്. 4 വയസ്സുള്ള കുട്ടികൾ ഉൾപ്പെടെ ഫലസ്തീൻ ജനതക്ക് വേണ്ടിയുള്ള ഈ ഉദ്യമത്തിൽ പങ്കാളികളായി. രാജ്യത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പലരും ഫലസ്തീനിയൻ ബ്ലാക്ക് ആൻഡ് വൈറ്റ് സ്കാർഫുകൾ ധരിച്ചിരുന്നു. പണമായി സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർക്ക് അതിനായി പ്രത്യേക കൗണ്ടർ ഒരുക്കിയിരുന്നു.
വോളന്റിയർമാരിൽ പായ്ക്ക് ചെയ്യുന്നതിനായി ഒരുക്കിയ നീണ്ട മേശകളുടെ ഇരുവശത്തും അണിനിരന്നാണ് സാധനങ്ങൾ പാക്ക് ചെയ്തത്. ചിലർ ബോക്സുകളിൽ സാധനങ്ങൾ നിറച്ചപ്പോൾ, ചിലർ കാർട്ടണുകൾ പായ്ക്ക് ചെയ്യാനും മറ്റുള്ളവർ ആവശ്യമായ സ്റ്റിക്കറുകൾ ഇടാനും സഹായിച്ചു.
ടൂത്ത് ബ്രഷ്, ഷാംപൂ, സാനിറ്ററി നാപ്കിനുകൾ, ടിന്നിലടച്ച ഭക്ഷണ സാധനങ്ങൾ, ബിസ്‌ക്കറ്റുകൾ, ബേബി ഫുഡ്, ബ്ലാങ്കറ്റുകൾ തുടങ്ങി നിരവധി സാധനങ്ങളാണ് ഓരോ കെയർ ബോക്സിലും നിറച്ചത്. അതേസമയം, വരും ദിവസങ്ങളിൽ രാജ്യത്തുടനീളം കൂടുതൽ കളക്ഷൻ പോയിന്റുകൾ പ്രഖ്യാപിക്കുമെന്ന് എമിറേറ്റ്‌സ് റെഡ് ക്രസന്റ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."