HOME
DETAILS
MAL
സി.ഐ.എ മേധാവി താലിബാനുമായി കൂടിക്കാഴ്ച നടത്തി
backup
August 25 2021 | 05:08 AM
കാബൂള്‍: അഫ്ഗാനില്‍ ശേഷിക്കുന്ന യു.എസ് സൈനികര്‍ പിന്മാറേണ്ട അവസാന തീയതി അടുത്തിരിക്കെ യു.എസ് രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എ ഡയരക്ടര്‍ വില്യം ബേണ്‍സ് കാബൂളില്‍ താലിബാന്‍ നേതാവ് അബ്ദുല്‍ ഗനി ബറാദറുമായി കൂടിക്കാഴ്ച നടത്തി.
അഫ്ഗാനില്‍ നിന്നുള്ള സേനാ പിന്മാറ്റം വൈകിപ്പിക്കുന്നതിന് ജോ ബൈഡന്‍ ഭരണകൂടത്തിനു മേല്‍ സമ്മര്‍ദം ശക്തമായിരിക്കെയാണ് സി.ഐ.എ മേധാവി താലിബാന്റെ സ്ഥാപക നേതാക്കളിലൊരാളും രാഷ്ട്രീയകാര്യ തലവനുമായ ബറാദറെ കണ്ടത്. അഫ്ഗാന്‍ പ്രസിഡന്റാകാന്‍ ഏറെ സാധ്യതയുള്ള താലിബാന്‍ നേതാവാണ് ബറാദര്‍.
താലിബാന്‍ കാബൂള്‍ പിടിച്ചടക്കിയ ശേഷം അമേരിക്കയുടെ ഉന്നത പദവിയിലുള്ള ഒരാള്‍ അവരുമായി കൂടിക്കാഴ്ച നടത്തുന്നത് ഇതാദ്യമാണ്. സി.ഐ.എ മേധാവി എന്നതിലുപരി ബൈഡന്‍ ഭരണകൂടത്തിലെ മികച്ച നയതന്ത്രജ്ഞന്‍ കൂടിയാണ് ബേണ്‍സ്. മാര്‍ച്ചില്‍ സി.ഐ.എ തലപ്പത്തെത്തിയ ഇദ്ദേഹം 2011 മുതല്‍ 2014 വരെ യു.എസിന്റെ ഉപ വിദേശകാര്യ സെക്രട്ടറിയായിരുന്നു.
നയതന്ത്രരംഗത്ത് 33 വര്‍ഷത്തെ പ്രവര്‍ത്തനപരിചയമുള്ള ബേണ്‍സിനെ താലിബാനുമായി നീക്കുപോക്കുണ്ടാക്കാന്‍ അവസാനശ്രമമെന്ന നിലയിലാണ് അയച്ചിരിക്കുന്നത്.
അഫ്ഗാനില്‍ നിന്നും വിദേശികളുള്‍പ്പെടെയുള്ളവരെ ഒഴിപ്പിക്കുന്നതിന് ഓഗസ്റ്റ് 31നു ശേഷവും സാവകാശം നല്‍കണമെന്ന് വിവിധ രാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുവേണ്ടി നിലവില്‍ കാബൂള്‍ വിമാനത്താവളം നിയന്ത്രിക്കുന്ന യു.എസ് സേന ഈമാസത്തിനു ശേഷവും അവിടെ തുടരണമെന്നാണ് നോര്‍വെ, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളുടെ ആവശ്യം. എന്നാല്‍, സമയപരിധി നീട്ടിനല്‍കാനാവില്ലെന്ന് താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ വ്യക്തമാക്കിയിരുന്നു. യു.എസ് സേന പിന്മാറുമെന്നറിയിച്ച ഓഗസ്റ്റ് 31നു ശേഷവും രാജ്യത്തു തുടര്‍ന്നാല്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും താലിബാന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.
അതേസമയം, ലോകരാജ്യങ്ങളുമായി നയതന്ത്ര-വ്യാപാര ബന്ധം തുടരാന്‍ താലിബാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
ഇത് മുതലെടുത്താണ് സി.ഐ.എ മേധാവി കാബൂളിലെത്തിയത്. പേരു വെളിപ്പെടുത്താത്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയ വിവരം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ സി.ഐ.എ ഇത് സ്ഥിരീകരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."