എക്കല്‍ ശക്തം: റോ റോ ജെട്ടി നിര്‍മാണം പ്രതിസന്ധിയില്‍
മട്ടാഞ്ചേരി: 11 പേരുടെജീവന്‍ അപഹരിച്ച ഫോര്‍ട്ടുകൊച്ചി ബോട്ടപകടത്തെ തുടര്‍ന്ന് സുരക്ഷിത യാത്ര ലക്ഷ്യം വെച്ച് ഫോര്‍ട്ടുകൊച്ചിയില്‍ സര്‍വീസ് നടത്താന്‍ ഉദേശിക്കുന്ന റോ റോ ബോട്ടിനായുള്ള ജെട്ടി നിര്‍മാണത്തിന് എക്കലിന്റെ സാന്നിദ്ധ്യം തടസ്സമാവുന്നു.
ജെട്ടിയുടെ പൈലിംഗ് ജോലികള്‍ ഇതുമൂലം വൈകുന്നു. ആറു പില്ലറുകളില്‍ ഇതുവരെ രണ്ടെണ്ണം മാത്രമാണ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്.
പൈലിംഗ് നടത്തുന്നതിനുള്ള പൈലിംഗ് ബാര്‍ജ് വെളളത്തിന്റെ അളവ് കുറഞ്ഞതിനാല്‍ മണ്ണില്‍ ഉറച്ചു പോകുന്നു.ഇതു മൂലം കൃത്യതയാര്‍ന്ന രീതിയില്‍ കമ്പികള്‍ പൈലിംഗ് ഹോളിലൂടെ ഇറക്കാന്‍ കഴിയാത്തതാണ് പ്രശ്‌നം.
ചെറിയ മാറ്റം വന്നാല്‍ അത് ജെട്ടിയുടെ മൊത്തം നിര്‍മാണത്തെ തകരാറിലാക്കും. ഒരു മീറ്റര്‍ ഡയാമീറ്ററുള്ള പില്ലര്‍ ഏകദേശം 48 മീറ്ററോളം വെള്ളത്തിനടിയിലേക്ക് താഴേണ്ടതുണ്ട്.
ബാര്‍ജ് മണ്ണില്‍ ഉറയ്ക്കു ന്നതിനാല്‍ ആറിലൊന്നു സമയം പോലും നിര്‍മാണം നടക്കാത്ത സ്ഥിതിയാണെന്ന് കരാറുകാര്‍ പറഞ്ഞു. മാത്രമല്ല മണ്ണില്‍ ഉറയ്ക്കുന്ന ബാര്‍ജിന്റെ ചരിവാണ് പ്രധാന നിര്‍മ്മാണത്തിന് തടസ്സം.
ഈ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ശ്രമം കരാറുകാര്‍ ആരംഭിച്ചു കഴിഞ്ഞു. ബാര്‍ജിനു പകരം താല്‍ക്കാലികമായ ഇരുമ്പു് ഫ്‌ലാറ്റ്‌ഫോം നിര്‍മിക്കല്‍ ആരംഭിച്ചു കഴിഞ്ഞു.
ഇരുമ്പു ചാനലില്‍ ഇരുമ്പ് തകിട് ഉറപ്പിച്ചാണ് ഫ്‌ലാറ്റ്‌ഫോം നിര്‍മിക്കുന്നത്. അതിനു മുകളില്‍ നിര്‍മാണ ഉപകരണങ്ങള്‍ ഉറപ്പിക്കേണ്ടതുണ്ട്.ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയതിനു ശേഷമേ പൈലിംഗ് ജോലികള്‍ പുനരാരംഭിക്കുകയുളളു.
താല്‍കാലിക ഫ്‌ലാറ്റ്‌ഫോം നിര്‍മാണത്തിന് രണ്ടു ലക്ഷം രൂപ ചെലവുവരുമെന്ന് ഫോര്‍മാന്‍ ബാബു പറഞ്ഞു.ഫ്‌ലാറ്റ്‌ഫോം നിര്‍മാണം പുര്‍ത്തിയായിക്കഴിഞ്ഞാല്‍ വളരെ വേഗം ജട്ടിയുടെ നിര്‍മ്മാണം വേഗത്തിലാകുമെന്ന് പ്രതീക്ഷിക്കുന്നു. അതേ സമയം വൈപ്പിനിലെ ജട്ടി നിര്‍മാണത്തിന് കാര്യമായ പ്രശ്‌നമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."