'ആ ചിത്രങ്ങൾ എന്നെ വേട്ടയാടി'; ഫലസ്തീനികൾക്ക് രണ്ട് ട്രക്ക് അവശ്യസാധനങ്ങൾ എത്തിച്ച് എമിറാത്തി വനിത
'ആ ചിത്രങ്ങൾ എന്നെ വേട്ടയാടി'; ഫലസ്തീനികൾക്ക് രണ്ട് ട്രക്ക് അവശ്യസാധനങ്ങൾ എത്തിച്ച് എമിറാത്തി വനിത
ഫലസ്തീനിലെ ദുരിതമനുഭവിക്കുന്നവരുടെ ചിത്രങ്ങൾ ആണ് ഇപ്പോൾ ലോകം മുഴുവൻ സമൂഹമാധ്യമങ്ങളിലൂടെയും പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെയും പ്രചരിക്കുന്നത്. അലറി വിളിക്കുന്ന, കണ്ണീര് വാർക്കാൻ പാടുപെടുന്ന, ഉറ്റവരെയും കിടപ്പാടവും നഷ്ടപ്പെട്ട, അനിശ്ചിതത്വത്തിന്റെ നടുക്കടലിൽ നിൽക്കുന്ന, മരണം മുന്നിൽ കാണുന്ന മനുഷ്യരുടെ ചിത്രങ്ങൾ കാണുന്ന ഓരോ മനുഷ്യന്റെയും ഉള്ളുലക്കുന്നതാണ്. ഇടനെഞ്ചിൽ ഒരു പിടച്ചിൽ ഇല്ലാതെ അത് കാണാൻ ഹൃദയമുള്ള ഒരാൾക്കും സാധിക്കില്ലെന്നതാണ് സത്യം. കമേലിയ സൈനൽ ബക്കർ മൊഹെബി എന്ന യുഎഇ വനിത അത്തരത്തിൽ പിടയ്ക്കുന്ന ഹൃദയത്തോടെ ഈ ചിത്രങ്ങൾ കണ്ടവളാണ്.
ഫലസ്തീനിലെ ജനതയുടെ ദുരിതം കേട്ടും കണ്ടും അറിഞ്ഞപ്പോൾ മുതൽ, അവരെ എങ്ങിനെയെങ്കിലും സഹായിക്കാൻ സാധിച്ചിരുന്നെങ്കിൽ എന്ന് കമേലിയ എന്ന സംരംഭക ആഗ്രഹിച്ചിരുന്നു. ഇതിനിടയിലാണ് ഫലസ്തീൻ ജനതക്ക് സഹായമെത്തിക്കാനുള്ള എമിറേറ്റ്‌സ് റെഡ് ക്രസന്റിന്റെ പരസ്യം ശ്രദ്ധയിൽപ്പെടുന്നത്. പിന്നെ രണ്ടാമതൊന്ന് ആലോചിക്കാൻ ഉണ്ടായിരുന്നില്ല. പോസ്റ്ററിൽ പറഞ്ഞ ദിവസമെത്താൻ വേണ്ടിയുള്ള കാത്തിരിപ്പ് മാത്രമാണ് ബാക്കിയുണ്ടായിരുന്നത്.
“ക്യാമ്പയ്‌നിനെക്കുറിച്ച് കേട്ടയുടനെ അതിലേക്ക് സംഭാവന നൽകാൻ ഞാൻ തീരുമാനിച്ചു. എനിക്ക് സംഭാവന നൽകാൻ അതിയായ ആഗ്രഹമുണ്ടായിരുന്നു” അവർ പറഞ്ഞു.
ഞായറാഴ്‌ച അബുദാബി ക്രൂയിസ് ടെർമിനൽ ഹാളിൽ നടന്ന ക്യാമ്പയിനിലേക്ക് രണ്ട് പിക്കപ്പ് ട്രക്കുകൾ സാധനങ്ങളാണ് കമേലിയ സൈനൽ ബക്കർ മൊഹെബി എത്തിച്ചത്. കുട്ടികൾക്കുള്ള വസ്ത്രങ്ങൾ മുതൽ അവശ്യ സാധനങ്ങൾ വരെ അവരുടെ ഈ ട്രക്കിൽ ഉണ്ടായിരുന്നു.
“എന്റെ ബിസിനസ്സിൽ കുട്ടികളുടെ വസ്ത്രങ്ങൾ എനിക്ക് ധാരാളം സ്റ്റോക്ക് ഉണ്ടായിരുന്നു. അതുപോലെ ഞങ്ങളുടെ ഉത്പന്നങ്ങളായ ടിന്നിലടച്ച ഭക്ഷണ സാധനങ്ങൾ, മെഴുകുതിരികൾ, പുതപ്പുകൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവയും എനിക്ക് ധാരാളമായി നൽകാൻ സാധിക്കുമായിരുന്നു. എനിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ സഹായമാണിത്.” കമേലിയ പറയുന്നു.
സ്വന്തമായി സാധനങ്ങൾ എത്തിച്ച് നൽകുക മാത്രമല്ല കമേലിയ സൈനൽ ബക്കർ മൊഹെബി ചെയ്തത്. സഹായിക്കാൻ സന്മനസ്സുള്ള, എന്നാൽ അബുദാബിയിലെ സെന്ററിലേക്ക് സാധനങ്ങൾ എത്തിക്കാൻ സൗകര്യമില്ലാതിരുന്നവർക്ക് വേണ്ടി സ്വന്തം ട്രക്ക് എത്തിച്ച് നൽകുകയും ചെയ്തു ഇവർ. ഇതിനായി അബുദാബിയുടെ വിവിധ ഭാഗങ്ങളിൽ ഇവർ സ്വന്തം ചെലവിൽ ട്രക്കുമായി എത്തി.
"എല്ലാവർക്കും അബുദാബിയിലേക്ക് ഡ്രൈവ് ചെയ്യാനും സാധനങ്ങൾ ഇറക്കാനും സൗകര്യമില്ല, അതിനാൽ സാധനങ്ങൾ അയയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഞാൻ ഗതാഗതം വാഗ്ദാനം ചെയ്തു." കമേലിയ പറഞ്ഞു. "ഏറ്റവും ആവശ്യമുള്ളവരെ സഹായിക്കാനും സഹായം നൽകാനും എപ്പോഴും മത്സരിക്കുന്ന രാജ്യത്തെ, ഒരു എമിറാത്തി എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു." സ്വന്തം ചിത്രം പോലും ലോകത്തിന് മുന്നിൽ കാണിക്കാൻ ആഗ്രഹിക്കാത്ത ഈ യുഎഇ വനിത പറയുന്നു.
ഫലസ്തീനികൾക്ക് അവശ്യസാധനങ്ങൾ അയയ്ക്കാൻ ലക്ഷ്യമിട്ട് എമിറേറ്റ്‌സ് റെഡ് ക്രസന്റ് (ഇആർസി) നേതൃത്വം നൽകുന്ന ‘കംപാഷൻ ഫോർ ഗാസ’ എന്ന സംരംഭത്തിൽ സഹായിക്കാൻ ഒത്തുചേർന്ന നൂറുകണക്കിന് യുഎഇ നിവാസികളിൽ ഒരാളാണ് കാമേലിയ. കെയർ ബോക്സുകൾ പായ്ക്ക് ചെയ്യുന്നതിൽ സഹായിക്കാൻ സന്നദ്ധപ്രവർത്തകരുടെ നീണ്ട ക്യൂ രാവിലെ മുതൽ എത്തിയിരുന്നു. ആളുകളുടെ തിരക്ക് മൂലം ഓരോ 45 മിനിറ്റിലും ഒരു പുതിയ ബാച്ച് ആളുകളെ മാറ്റി മാറ്റിയാണ് കയറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."